സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ തുടങ്ങിയവയുടെ മസ്റ്ററിംഗിനുള്ള ജീവന്‍ രക്ഷ സോഫ്റ്റ്വെയര്‍ ഉപയോഗിക്കാന്‍ അക്ഷയ കേന്ദ്രങ്ങള്‍ക്കു മാത്രം അനുമതി നല്‍കിയതു തടഞ്ഞ ഇടക്കാല ഉത്തരവ് വീണ്ടും ദീര്‍ഘിപ്പിച്ചു. ഇടക്കാല ഉത്തരവിന്റെ കാലാവധി മെയ് 12 വരെയാണ് ഹൈക്കോടതി നീട്ടിയിരിക്കുന്നത്. ഇന്നലെയായിരുന്നു ഹര്‍ജി പരിഗണിക്കാനുള്ള തീയതി നിശ്ചയിച്ചത്. എന്നാല്‍, ജസ്റ്റിസ് മുരളി പുരുഷോത്തമന്റെ നേതൃത്വത്തിലുള്ള ബെഞ്ച് തീയതി വീണ്ടും നീട്ടുകയായിരുന്നു. മെയ് 12ന് വീണ്ടും ഹര്‍ജി പരിഗണിക്കും.
അക്ഷയ കേന്ദ്രങ്ങള്‍ക്കു മാത്രം സോഫ്റ്റ്വെയര്‍ ഉപയോഗിക്കാന്‍ ധനകാര്യവകുപ്പാണ് അനുമതി നല്‍കിയത്. മാര്‍ച്ച് 28ന് ഇത് സംബന്ധിച്ച ഉത്തരവ് ധനകാര്യവകുപ്പ് പുറത്തിറക്കിയിരുന്നു. ഈ ഉത്തരവിനെതിരെ തിരുവനന്തപുരം സ്വദേശിനി റീന സന്തോഷ് കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ ഹര്‍ജിയില്‍ ഉത്തരവ് നടപ്പാക്കുന്നത് മെയ് രണ്ട് വരെ ഹൈക്കോടതി തടയുകയായിരുന്നു. ഈ കാലാവധിയാണ് വീണ്ടും നീട്ടിയിരിക്കുന്നത്.