ഡല്‍ഹി: ഡല്‍ഹിയില്‍ ഹോളി ആഘോഷത്തിനിടെ ജാപ്പനീസ് യുവതിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ കേസെടുത്ത് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. രാജ്യത്തിന് അപമാനമായ സംഭവത്തിന്റെ വീഡിയോ പുറത്തുവന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും കേസെടുക്കാതെ പൊലീസ് നടപടിയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.
പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ മൂന്ന് ആണ്‍കുട്ടികളെ പിടികൂടിയതായും പ്രതികള്‍ കുറ്റം സമ്മതിച്ചതായും പൊലീസ് പറയുന്നു. ദേശീയ തലസ്ഥാനത്തെ പഹാര്‍ഗഞ്ചിലാണ് ജാപ്പനീസ് വിനോദസഞ്ചാരിയായ യുവതി താമസിച്ചിരുന്നത്. സംഭവശേഷം ഇവര്‍ ബംഗ്ലാദേശിലേക്ക് പോയി. യുവതിയെ കണ്ടെത്താന്‍ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ജാപ്പനീസ് എംബസിക്ക് കത്ത് നല്‍കിയെന്നും പൊലീസ് അറിയിച്ചു.
കൂടുതല്‍ പ്രതികളെ കണ്ടെത്തുന്നതിനായി വീഡിയോ വിശകലനം ചെയ്യുകയാണെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ (സെന്‍ട്രല്‍) സഞ്ജയ് കുമാര്‍ സെയ്ന്‍ പറഞ്ഞു. വിദേശിയോട് മോശമായി പെരുമാറിയതുമായി ബന്ധപ്പെട്ട് പഹര്‍ഗഞ്ച് പൊലീസ് സ്റ്റേഷനില്‍ പരാതി ലഭിച്ചിട്ടില്ല. പെണ്‍കുട്ടിയെക്കുറിച്ചും സംഭവത്തെക്കുറിച്ചും കൂടുതല്‍ വിശദാംശങ്ങള്‍ കണ്ടെത്തുന്നതിന് ജാപ്പനീസ് എംബസിയുടെ സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും സഞ്ജയ് കുമാര്‍ വ്യക്തമാക്കി.