ഡല്‍ഹി: 1984-ലെ ഭോപ്പാല്‍ വാതകദുരന്തത്തിന്റെ ഇരകള്‍ക്കുള്ള നഷ്ടപരിഹാരം വര്‍ധിപ്പിക്കണമെന്ന കേന്ദ്രത്തിന്റെ തിരുത്തല്‍ ഹര്‍ജിയില്‍ സുപ്രീം കോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പ്രസ്താവിക്കുക. യൂണിയന്‍ കാര്‍ബൈഡ് കോര്‍പ്പറേഷന്റെ പിന്‍ഗാമി കമ്ബനികളില്‍ നിന്ന് 7,844 കോടി രൂപ അധിക നഷ്ടപരിഹാരമായി നല്‍കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്.
മൂവായിരത്തിലധികം പേരുടെ ജീവനെടുക്കുകയും പരിസ്ഥിതിക്ക് നാശം വരുത്തുകയും ചെയ്ത ദുരന്തത്തിന്റെ ഇരകള്‍ക്ക്, ഡൗ കെമിക്കല്‍സില്‍ നിന്ന് 7,844 കോടി രൂപയുടെ അധിക നഷ്ടപരിഹാരമാണ് കേന്ദ്രം ആവശ്യപ്പെടുന്നത്. 1989ലെ കരാറിന് പുറമെ ഇരകള്‍ക്ക് അധിക പണം നല്‍കില്ലെന്ന് യൂണിയന്‍ കാര്‍ബൈഡ് കോര്‍പ്പറേഷന്‍ കോടതിയെ അറിയിച്ചു. ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് അഭയ് എസ് ഓക്ക, ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് ജെ കെ മഹേശ്വര്‍ എന്നിവരടങ്ങിയ ബെഞ്ച് ജനുവരി 12 ന് കേന്ദ്രസര്‍ക്കാരിന്റെ തിരുത്തല്‍ ഹര്‍ജിയില്‍ വിധി പറയുന്നത് മാറ്റി വെച്ചിരുന്നു.