CLOSE

കര്‍ണാടകയില്‍ സിദ്ധരാമയ്യ മുഖ്യമന്ത്രി; ഡി കെ ഉപമുഖ്യമന്ത്രിയാകും; ശനിയാഴ്ച സത്യപ്രതിജ്ഞ

Share

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ നേതൃത്വത്തില്‍ രാത്രി വൈകി നീണ്ട മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ കര്‍ണാടകയിലെ മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് തീരുമാനം. സിദ്ധരാമയ്യ തന്നെ മുഖ്യമന്ത്രിയാകും. ഡി.കെ. ശിവകുമാര്‍ ഏക ഉപമുഖ്യമന്ത്രിയാകും. ആറ് പ്രധാന വകുപ്പുകള്‍ അദ്ദേഹത്തിന് നല്‍കിയേക്കും. ഒറ്റ പദവി നിബന്ധനയിലും ഇളവ് നല്‍കി പിസിസി അധ്യക്ഷനായി തുടരാന്‍ അനുവദിക്കും. സത്യപ്രതിജ്ഞ ശനിയാഴ്ച നടക്കും. ഇന്നു വൈകിട്ട് ഏഴിന് ബെംഗളൂരുവില്‍ ചേരുന്ന നിയമസഭാകക്ഷിയോഗം സിദ്ധരാമയ്യയെ നേതാവായി തിരഞ്ഞെടുക്കും. വകുപ്പ് വിഭജനം സംബന്ധിച്ച തീരുമാനവും ഇരുപക്ഷവും തമ്മിലുള്ള സമവായത്തിലൂടെ നടപ്പാക്കുമെന്നാണ് വിവരം.

മൂന്നു ദിവസം നീണ്ട ചര്‍ച്ചകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും ശേഷമാണ് കര്‍ണാടകയിലെ മുഖ്യമന്ത്രി പദം സംബന്ധിച്ച് ഹൈക്കമാന്‍ഡിന്റെ ഇടപെടലോടെ നടന്ന അനുനയ നീക്കങ്ങള്‍ വിജയം കണ്ടത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ വ്യാഴാഴ്ച രാവിലെ തീരുമാനം മാധ്യമങ്ങളോട് പ്രഖ്യാപിക്കുമെന്നാണ് വിവരം.

ആദ്യ 2 വര്‍ഷം സിദ്ധരാമയ്യയ്ക്കും ബാക്കി 3 വര്‍ഷം ശിവകുമാറിനും നല്‍കാമെന്ന ഹൈക്കമാന്‍ഡിന്റെ പരിഹാര ഫോര്‍മുല ശിവകുമാര്‍ തള്ളിയിരുന്നു. പൂര്‍ണ ടേം അനുവദിക്കുക, അല്ലെങ്കില്‍ ആദ്യ ഊഴം വേണമെന്നതായിരുന്നു നിലപാട്. സിദ്ധരാമയ്യയ്ക്കു കീഴില്‍ ഏക ഉപമുഖ്യമന്ത്രിയാക്കാമെന്ന വാഗ്ദാനം ആദ്യം നിരസിച്ച ശിവകുമാര്‍ പിന്നീട് വഴങ്ങുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *