രാജ്യത്ത് വ്യാജ ഇന്‍വോയ്‌സുകള്‍ വഴി നടക്കുന്ന തട്ടിപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി ജിഎസ്ടി വകുപ്പ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ബിസിനസ് സംരംഭകര്‍ വ്യാജ ഇന്‍വോയ്‌സുകളിലൂടെ അനര്‍ഹമായി ഇന്‍പുട്ട് ക്രെഡിറ്റ് ടാക്‌സ് നേടുന്നത് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇവ തടയാനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി സംരംഭകരുടെ ബാങ്ക് ഇടപാടുകള്‍ നിരീക്ഷിക്കാനാണ് ജിഎസ്ടി അധികൃതര്‍ പദ്ധതിയിടുന്നത്. ഇത്തരത്തില്‍ വ്യാജ ഇന്‍വോയ്‌സിലൂടെ തട്ടിയെടുക്കുന്ന ആനുകൂല്യങ്ങള്‍ ഹവാല ഇടപാടുകള്‍ക്കും മറ്റും ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
ബാങ്ക് ഇടപാടുകള്‍ പരിശോധിച്ച ശേഷം പണത്തിന്റെ സ്രോതസ് കണ്ടെത്തി തട്ടിപ്പുകാരെ പിടികൂടാനാണ് ജിഎസ്ടി അധികൃതര്‍ ലക്ഷ്യമിടുന്നത്. സാധാരണയായി ജിഎസ്ടി രജിസ്‌ട്രേഷന്റെ സമയത്ത് സംരംഭകന്‍ ഒരു ബാങ്ക് അക്കൗണ്ട് വിവരങ്ങളാണ് സമര്‍പ്പിക്കുക. എന്നാല്‍, ബിസിനസ് ഇടപാടുകള്‍ മറ്റ് ബാങ്ക് അക്കൗണ്ടുകള്‍ വഴിയും നടത്താന്‍ കഴിയും. ഇത് പണത്തിന്റെ സ്രോതസ് തിരിച്ചറിയാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സംരംഭകരുടെ മുഴുവന്‍ ബാങ്ക് ഇടപാടുകളും നിരീക്ഷിക്കാന്‍ അധികൃതര്‍ പദ്ധതിയിടുന്നത്. നിലവില്‍, ഉയര്‍ന്ന മൂല്യമുള്ള ബാങ്കിടപാടുകളുടെ വിവരങ്ങള്‍ ആദായ നികുതി വകുപ്പ് നിരീക്ഷിക്കുന്നുണ്ട്. ഇതിന് സമാനമായ നടപടികളാണ് ജിഎസ്ടി അധികൃതരും നടപ്പാക്കുക.