മണിപ്പൂരില്‍ വീണ്ടും ആഭ്യന്തര കലാപം പൊട്ടിപ്പുറപ്പെട്ടതായി റിപ്പോര്‍ട്ട്. ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്നുണ്ടായ വെടിവെയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും, ആക്രമികള്‍ വീടുകള്‍ക്ക് തീയിടുകയും ചെയ്തിട്ടുണ്ട്. മണിപ്പൂരിലെ ബിഷ്‌നുപുര്‍ ജില്ലയിലാണ് വീണ്ടും സംഘര്‍ഷം ആളിപ്പടര്‍ന്നത്.
തൊയ്ജാം ചന്ദ്രമണി എന്ന 29-കാരനാണ് വെടിയേറ്റത്. ഇയാളെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ബിഷ്‌നുപുരിലെ ചില ഗ്രാമങ്ങളില്‍ ആയുധധാരികളായ യുവാക്കളെത്തി വീടുകള്‍ കയറി പരിശോധന നടത്തിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിനെ തുടര്‍ന്നാണ് പ്രദേശത്ത് അക്രമ സംഭവങ്ങള്‍ വീണ്ടും ഉടലെടുത്തത്. തൊയ്ജാം ചന്ദ്രമണിയുടെ മരണത്തെ തുടര്‍ന്ന് ബിഷ്‌നുപുര്‍, ഇംഫാല്‍ ഈസ്റ്റ്, ഇംഫാല്‍ വെസ്റ്റ് എന്നീ ജില്ലകളില്‍ കര്‍ഫ്യൂ ശക്തമാക്കി. ഒരു മാസത്തോളം നിലനിന്ന ആഭ്യന്തര കലാപത്തില്‍ നിന്നും മോചനം നേടി മണിപ്പൂര്‍ ജനതയുടെ ജീവിതം സാധാരണ നിലയിലായി വരുന്നതിനിടെയാണ് വീണ്ടും സംഘര്‍ഷം ഉണ്ടായത്.