CLOSE

ചന്ദ്രനെ തൊട്ട് ചന്ദ്രയാന്‍; കൂടുതല്‍ ചിത്രങ്ങള്‍ക്കായി പ്രതീക്ഷയോടെ ലോകം

Share

ബെംഗളൂരു: ചന്ദ്രയാന്‍ മൂന്നില്‍ നിന്നുള്ള കൂടുതല്‍ ചിത്രങ്ങള്‍ കാത്തിരിക്കുകയാണ് ലോകം. റോവര്‍ സഞ്ചരിച്ച് ലാന്‍ഡറിന്റെ മുന്നിലെത്തി ചന്ദ്രനിലിരിക്കുന്ന ലാന്‍ഡറിന്റെ ചിത്രമെടുക്കും. ലാന്‍ഡര്‍ റോവറിന്റെയും റോവറിന്റെ ചക്രങ്ങള്‍ ചന്ദ്രന്റെ മണ്ണിലുണ്ടാക്കിയ ചിത്രങ്ങളും ഇന്ന് പുറത്തുവിടുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ ദിവസം ലാന്‍ഡിങ്ങ് സമയത്ത് പേടകത്തിലെ ഒരു ക്യാമറയെടുത്ത ചിത്രം ഇസ്രൊ പുറത്തുവിട്ടിരുന്നു. ലാന്‍ഡറിലെ പ്രധാന മൂന്ന് പേ ലോഡുകളും പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. റോവറിലെ രണ്ട് പേ ലോഡുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന ജോലികള്‍ക്കും വൈകാതെ തുടക്കമാകും.

റോവര്‍ ചന്ദ്രനില്‍ ഇറങ്ങിയതോടെ 14 ദിവസം നീളുന്ന ദൗത്യത്തിനാണ് തുടക്കമാകുന്നത്. ലാന്‍ഡറിനും റോവറിനും പതിനാല് ദിവസത്തെ ദൗത്യകാലാവധിയാണ് നല്‍കിയിരിക്കുന്നത്. ചന്ദ്രനില്‍ പകല്‍ സമയം മുഴുവന്‍ പ്രവര്‍ത്തിച്ച്, ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ രഹസ്യങ്ങള്‍ പുറത്തെത്തിക്കുകയാണ് ചന്ദ്രയാന്‍ മൂന്നിന്റെ ഉദ്ദേശം. ഇതിന്റെ ഭാഗമായി ലാന്‍ഡര്‍ പേ ലോഡുകള്‍ അടുത്ത ദിവസങ്ങളില്‍ പ്രവര്‍ത്തന സജ്ജമാകും.

ലോക ബഹിരാകാശ നേട്ടങ്ങളുടെ തലപ്പത്തേക്ക് ഇന്ത്യയെ ഉയര്‍ത്തുന്നതാണ് ചന്ദ്രയാന്‍ മൂന്ന് ദൗത്യത്തിന്റെ പൂര്‍ണ്ണ വിജയം. ഐഎസ്ആര്‍ഒ പ്രതീക്ഷിച്ച സമയത്ത് തന്നെ ഇന്ത്യയുടെ ചാന്ദ്ര പേടകം ചന്ദ്രോപരിതലം തൊട്ടു. ഈ നേട്ടത്തോടെ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇറങ്ങുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറി. പിന്നാലെ ചന്ദ്രയാന്‍ മൂന്നില്‍ നിന്നുള്ള ആദ്യ ചിത്രങ്ങള്‍ പുറത്ത് വന്നു. ലാന്‍ഡറിലെ ക്യാമറകള്‍ എടുത്ത ചന്ദ്രോപരിതലത്തിലെ നാല് ചിത്രങ്ങളാണ് ഐഎസ്ആര്‍ഒ പുറത്തുവിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *