ഇടപാടുകാര്‍ക്ക് എസ്എംഎസ് അലേര്‍ട്ട് നല്‍കുന്നതിന് ബാങ്കുകള്‍ ഈടാക്കുന്ന സര്‍വീസ് ചാര്‍ജുമായി ബന്ധപ്പെട്ട് ബാങ്കുകളോട് വിശദീകരണം തേടി ഹൈക്കോടതി. അക്കൗണ്ട് ഉടമകള്‍ക്ക് എസ്എംഎസ് അയക്കുന്നതിന് അവരില്‍ നിന്ന് ചാര്‍ജ് ഈടാക്കുന്ന നടപടിയെയാണ് ഹൈക്കോടതി ചോദ്യം ചെയ്തിരിക്കുന്നത്. എസ്എംഎസുകള്‍ക്ക് മാസംതോറുമുള്ള നിരക്കിലാണോ, അതോ അയക്കുന്ന എസ്എംഎസുകളുടെ മാത്രം ചാര്‍ജാണോ ഈടാക്കുന്നതെന്ന് ബാങ്കുകള്‍ കൃത്യമായി ഹൈക്കോടതിയെ അറിയിക്കേണ്ടതാണ്.
ഡല്‍ഹിയിലെ ബാങ്ക് ആന്‍ഡ് ഫൈനാന്‍സ് അക്കൗണ്ട് ഹോള്‍ഡേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഹര്‍ജിയില്‍ ചീഫ് ജസ്റ്റിസ് ആശിഷ് ജെ.ദേശായി, ജസ്റ്റിസ് വി.ജി അരുണ്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് വിശദീകരണം തേടിയിട്ടുള്ളത്. ബാങ്കുകള്‍ക്ക് നല്‍കിയ നിര്‍ദ്ദേശത്തിന്റെ വിശദാംശങ്ങള്‍ അറിയിക്കണമെന്നും, എസ്എംഎസ് അലേര്‍ട്ടിന് ബാങ്കുകള്‍ ഈടാക്കിയ ചാര്‍ജിന്റെ വിശദാംശങ്ങള്‍ സമാഹരിക്കണമെന്നും ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശിച്ചു. എസ്ബിഐ അടക്കമുള്ള ബാങ്കുകള്‍ക്കാണ് നിര്‍ദ്ദേശം നല്‍കിയത്. വിശദീകരണം ലഭിച്ചാല്‍ അടുത്ത മാസം ഹര്‍ജി വീണ്ടും പരിഗണിക്കുന്നതാണ്.