വിവിധ തരത്തിലുള്ള ജോലി വാഗ്ദാനങ്ങളും, ഉയര്‍ന്ന സാമ്ബത്തിക നേട്ടങ്ങളും വാഗ്ദാനം ചെയ്തുള്ള ഓണ്‍ലൈന്‍ പരസ്യങ്ങള്‍ ഇന്ന് വ്യാപകമാണ്. ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങളും, പണവും നേടുക എന്ന ലക്ഷ്യത്തോടെയാണ് പല പരസ്യങ്ങളും പ്രവര്‍ത്തിക്കുന്നത്. ഇത്തരത്തില്‍ ജോലി കണ്ടെത്താന്‍ സഹായിക്കുമെന്ന വ്യാജേനയുള്ള ടെലഗ്രാം ഗ്രൂപ്പില്‍ അംഗമായതോടെ എന്‍ജിനീയറിംഗ് ബിരുദധാരിക്ക് നഷ്ടമായത് 20 ലക്ഷം രൂപയാണ്. ആന്ധ്രപ്രദേശിലെ വിജയവാഡയിലെ സോഫ്റ്റ്വെയര്‍ എന്‍ജിനീയറിംഗ് ബിരുദധാരിയായ കെ. ഹര്‍ഷവര്‍ദ്ധനാണ് തട്ടിപ്പിന് ഇരയായത്. എന്‍ജിനീയറിംഗ് ബിരുദം പൂര്‍ത്തിയാക്കിയ ശേഷം ജോലിക്ക് അന്വേഷിക്കുന്നതിനിടെയാണ് ഹര്‍ഷവര്‍ദ്ധന്‍ തട്ടിപ്പില്‍ വീണത്.
സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ കണ്ട പരസ്യത്തിന് മറുപടി നല്‍കിയതോടെയാണ് തട്ടിപ്പിന്റെ തുടക്കം. തുടര്‍ന്ന് ‘ഡെവലപ്പര്‍ പ്രൊഫഷണലുകള്‍’ എന്ന ടെലഗ്രാം ഗ്രൂപ്പിലേക്ക് അംഗമാകാന്‍ നിര്‍ദ്ദേശം നല്‍കുകയുമായിരുന്നു. 20 ലക്ഷം രൂപയ്ക്ക് ബെംഗളൂരുവിലെ എല്‍ടിഐ മൈന്‍ഡ് ട്രീ ലിമിറ്റഡ് ജോലി നല്‍കാമെന്നാണ് വാഗ്ദാനം ചെയ്തത്. ജോലി ലഭിക്കുമെന്ന പ്രതീക്ഷയില്‍ ഹര്‍ഷവര്‍ദ്ധന്‍ രണ്ട് ഘട്ടങ്ങളിലായി 20 ലക്ഷം രൂപ കൈമാറി. എന്നാല്‍, നിയമന കത്ത് വാങ്ങാന്‍ എല്‍ടിഐ മൈന്‍ഡ് ട്രീ എന്ന സ്ഥാപനത്തെ സമീപിച്ചപ്പോഴാണ് കബളിപ്പിക്കപ്പെട്ട വിവരം ഹര്‍ഷവര്‍ദ്ധന്‍ മനസിലാക്കുന്നത്. പിന്നീട്, സംഭവം പോലീസില്‍ അറിയിക്കുകയും എഫ്ഐആര്‍ ഫയല്‍ ചെയ്യുകയുമായിരുന്നു.