അണ്ടര്‍ 19 ടീമിലെ അരങ്ങേറ്റം ഗംഭീരമാക്കി മലയാളി താരം നജ്‌ല സിഎംസി. ദക്ഷിണാഫ്രിക്കക്കെതിരായ നാലാം ടി-20യില്‍ തകര്‍ത്ത് പന്തെറിഞ്ഞ നജ്‌ല 3 ഓവറില്‍ വെറും 4 റണ്‍സ് വഴങ്ങി വീഴ്ത്തിയത് 3 വിക്കറ്റ്. മലപ്പുറം തിരൂര്‍ സ്വദേശിനിയായ നജ്‌ല ആദ്യ മത്സരത്തില്‍ കളിച്ചിരുന്നില്ല. പിന്നീടുള്ള രണ്ട് മത്സരങ്ങള്‍ മഴ മൂലം മുടങ്ങുകയും ചെയ്തു. ഈ മാസം 14ന് ആരംഭിക്കുന്ന അണ്ടര്‍ 19 ലോകകപ്പ് ടീമിന്റെ റിസര്‍വ് നിരയിലും നജ്‌ല ഉള്‍പ്പെട്ടിട്ടുണ്ട്.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയ്ക്ക് നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടപ്പെടുത്തി 86 റണ്‍സ് മാത്രമേ നേടാനായുള്ളൂ. മറുപടി ബാറ്റിംഗില്‍ ഒന്ന് പതറിയെങ്കിലും ക്യാപ്റ്റന്‍ ഷഫാലി വര്‍മ (29), വിക്കറ്റ് കീപ്പര്‍ റിച്ച ഘോഷ് (15) എന്നിവരുടെ ഇന്നിംഗ്‌സ് ഇന്ത്യക്ക് നാല് വിക്കറ്റ് ജയം നേടിക്കൊടുത്തു. ഇതോടെ ഒരു മത്സരം കൂടി ശേഷിക്കെ ഇന്ത്യ പരമ്പര നേടി. ഓള്‍റൗണ്ടറായ നജ്‌ല ബാറ്റ് ചെയ്തില്ല.