CLOSE

ഏഷ്യാ കപ്പിന് ഇന്ന് തുടക്കം; ആദ്യ കളിയില്‍ പാകിസ്താന്‍ നേപ്പാളിനെ നേരിടും

Share

ഇക്കൊല്ലത്തെ ഏഷ്യാ കപ്പിന് ഇന്ന് തുടക്കം. ആദ്യ കളിയില്‍ ആതിഥേയരായ പാകിസ്താന്‍ നേപ്പാളിനെ നേരിടും. ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് പാകിസ്താനിലെ മുള്‍ട്ടാനിലാണ് മത്സരം. ഏഷ്യാ കപ്പിലേക്ക് ആദ്യമായി യോഗ്യത നേടിയെത്തുന്ന നേപ്പാളിനെ പാകിസ്താന്‍ അനായാസം പരാജയപ്പെടുത്തുമെന്നാണ് കരുതപ്പെടുന്നത്.

സമീപകാലത്തായി ഏകദിന ക്രിക്കറ്റില്‍ നേപ്പാള്‍ കാഴ്ചവെക്കുന്ന തകര്‍പ്പന്‍ പ്രകടനങ്ങളാണ് അവരെ ഏഷ്യാ കപ്പിലെത്തിച്ചത്. എസിസി മെന്‍സ് പ്രീമിയര്‍ കപ്പില്‍ യുഎഇയെ വീഴ്ത്തി കിരീടം നേടിയാണ് നേപ്പാള്‍ ഏഷ്യാ കപ്പിലേക്ക് ടിക്കറ്റെടുത്തത്. 2018ല്‍ മാത്രം ഐസിസിയുടെ ഏകദിന അംഗീകാരം ലഭിച്ച നേപ്പാള്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മികച്ച ഫോമിലാണ്.

നേപ്പാളിന്റെ പ്രൈം സ്പിന്നര്‍ സന്ദീപ് ലമിഛാനെ ഇക്കൊല്ലം ആകെ നേടിയത് 42 വിക്കറ്റുകളാണ്. ഏകദിനത്തില്‍ ഇക്കൊല്ലം ഏറ്റവുമധികം വിക്കറ്റ് നേടിയ താരമാണ് ലമിഛാനെ. പട്ടികയില്‍ നേപ്പാളിന്റെ തന്നെ കരുണ്‍ കെസിയും സോമ്പാല്‍ കമിയുമാണ് അടുത്ത രണ്ട് സ്ഥാനങ്ങളില്‍. ക്യാപ്റ്റന്‍ രോഹിത് പൗഡലാണ് നേപ്പാളിന്റെ ബാറ്റിംഗ് ശക്തി. 2021 മുതല്‍ ഏകദിനത്തില്‍ ആകെ രോഹിത് നേടിയത് 1383 റണ്‍സാണ്. ഇക്കാലയളവില്‍ ഇതിനെക്കാള്‍ റണ്‍സ് നേടിയത് ലോകത്തിലെ ഒന്നാം നമ്പര്‍ താരം ബാബര്‍ അസം മാത്രം.

എന്നാല്‍, നിലവില്‍ ഏകദിനത്തിലെ ഒന്നാം റാങ്കിലുള്ള ടീമായ പാകിസ്താനെ തോല്പിക്കാന്‍ ഇത് മതിയാവില്ല. എല്ലാ ഡിപ്പാര്‍ട്ട്‌മെന്റിലും ശക്തമായ, ബാലന്‍സ്ഡ് ആയ ഒരു നിരയാണ് പാകിസ്താന്റേത്. ഇമാമുല്‍ ഹഖ്, ബാബര്‍ അസം എന്നിവരില്‍ തുടങ്ങുന്ന ബാറ്റിംഗ് ഓര്‍ഡര്‍ മുഹമ്മദ് റിസ്വാന്‍, ആഘ സല്‍മാന്‍ എന്നിവരിലൂടെ ഇഫ്തിക്കാര്‍ അഹ്‌മദ്, ഷദബ് ഖാന്‍ എന്നീ ഫിനിഷര്‍മാര്‍ വരെ നീളുന്നു. ഷഹീന്‍ അഫ്രീദി, നസീം ഷാ, ഹാരിസ് റൗഫ് എന്നീ മൂന്ന് പേസര്‍മാര്‍ ഒരുമിച്ച് ചേരുമ്പോള്‍ അതിനെ അതിജീവിക്കുക ലോകത്തിലെ ഏത് ബാറ്റിംഗ് നിരയ്ക്കും ബുദ്ധിമുട്ടാണ്.

Leave a Reply

Your email address will not be published. Required fields are marked *