CLOSE

മിനിമം ബാലന്‍സ് നിലനിര്‍ത്താതെ ഉപഭോക്താക്കള്‍, പിഴയായി പിരിച്ചെടുത്തത് കോടികള്‍!

Share

അക്കൗണ്ടില്‍ മിനിമം ബാലന്‍സ് നിലനിര്‍ത്താത്ത ഉപഭോക്താക്കളില്‍ നിന്ന് പിഴ ഇനത്തില്‍ ബാങ്കുകള്‍ പിടിച്ചെടുത്തത് കോടികള്‍. മിനിമം ബാലന്‍സിന് പുറമേ, അധിക എടിഎം ഇടപാടുകള്‍ക്കും, എസ്എംഎസിനും മറ്റ് സേവനങ്ങള്‍ക്കും പ്രത്യേക ചാര്‍ജ് ഈടാക്കിയിട്ടുണ്ട്. ധനമന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, രാജ്യത്തെ പൊതുമേഖലാ ബാങ്കുകളും 5 സ്വകാര്യ മേഖലാ ബാങ്കുകളും 2018 മുതല്‍ പിഴയായും ചാര്‍ജായും 35,000 കോടി രൂപയാണ് ഈടാക്കിയത്. ആക്‌സിസ് ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഐഡിബിഐ ബാങ്ക് എന്നീ 5 സ്വകാര്യ ബാങ്കുകളാണ് പിഴ ഈടാക്കിയത്.

മിനിമം ബാലന്‍സ് സൂക്ഷിക്കാത്തതിനാല്‍ പൊതുമേഖല ബാങ്കുകളും സ്വകാര്യമേഖലാ ബാങ്കുകളും 21,000 കോടി രൂപയാണ് പിഴയായി പിരിച്ചെടുത്തത്. അതേസമയം, അധിക എടിഎം ഇടപാടുകളുടെ ചാര്‍ജായി 8,000 കോടിയിലധികം രൂപയും, എസ്എംഎസ് ചാര്‍ജുകള്‍ വഴി 6,000 കോടിയിലധികം രൂപയും പിരിച്ചെടുത്തിട്ടുണ്ട്. ഉപഭോക്താക്കള്‍ നിര്‍ബന്ധമായും തങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ ബാങ്ക് നിഷ്‌കര്‍ഷിക്കുന്ന മിനിമം ബാലന്‍സ് നിലനിര്‍ത്തേണ്ടതാണ്. ഇത് മെട്രോ നഗരങ്ങളിലും, ചെറു പട്ടണങ്ങളിലും, ഗ്രാമപ്രദേശങ്ങളിലും വ്യത്യാസപ്പെട്ടിരിക്കുന്നു.

വിവിധ ബാങ്കുകളുടെ ശരാശരി പ്രതിമാസ ബാലന്‍സ് മെട്രോ നഗരങ്ങളില്‍ 3,000 രൂപയ്ക്കും 10,000 രൂപയ്ക്കും ഇടയിലാണ് മിനിമം ബാലന്‍സ് നിലനിര്‍ത്തേണ്ടത്. അതേസമയം, നഗരപ്രദേശങ്ങളില്‍ 2,000 രൂപയ്ക്കും 5000 രൂപയ്ക്കും ഇടയിലും, ഗ്രാമപ്രദേശങ്ങളില്‍ 500 രൂപയ്ക്കും 1000 രൂപയ്ക്കും ഇടയില്‍ മിനിമം ബാലന്‍സ് നിലനിര്‍ത്തേണ്ടതുണ്ട്. ഈ തുക കൃത്യമായി നിലനിര്‍ത്തിയിട്ടില്ലെങ്കില്‍ 500 രൂപ വരെ പിഴ ഈടാക്കുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *