ഉപഭോക്താക്കള്‍ ആകാംക്ഷയോടെ കാത്തിരുന്ന ഫീച്ചര്‍ വികസിപ്പിക്കാന്‍ ഒരുങ്ങുകയാണ് പ്രമുഖ മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ്. ഇത്തവണ ഗ്രൂപ്പ് ചാറ്റുകളിലാണ് പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഗ്രൂപ്പ് ചാറ്റുകളില്‍ കോളുകള്‍ ഷെഡ്യൂള്‍ ചെയ്തുവയ്ക്കാന്‍ സാധിക്കുന്ന ഫീച്ചറാണ് വാട്‌സ്ആപ്പ് വികസിപ്പിക്കുന്നത്. ഈ ഫീച്ചര്‍ നിലവില്‍ വരുന്നതോടെ, ഗ്രൂപ്പ് കോളിനെ കുറിച്ച് ഗ്രൂപ്പിലെ അംഗങ്ങളെ മുന്‍കൂട്ടി അറിയിക്കാന്‍ സാധിക്കും.
കോളുകളെ കുറിച്ച് മുന്‍കൂട്ടി അറിയിക്കുന്നതിനായി ‘ഷെഡ്യൂള്‍ കോള്‍’ എന്ന ഐക്കണ്‍ ടാപ്പ് ചെയ്താല്‍ മതിയാകും. ഗ്രൂപ്പ് കോളിന് മുന്‍പ് എന്താവശ്യത്തിനാണ് കോള്‍, ഏത് ദിവസമാണ് കോള്‍ തുടങ്ങിയ കാര്യങ്ങളാണ് ഷെഡ്യൂള്‍ ചെയ്യാന്‍ സാധിക്കുക. കൂടാതെ, വീഡിയോ കോളാണോ, വോയിസ് കോളാണോ തുടങ്ങിയ കാര്യങ്ങളും മറ്റ് ഗ്രൂപ്പ് അംഗങ്ങളെ അറിയിക്കാന്‍ കഴിയുന്നതാണ്. ഗ്രൂപ്പ് കോളിന് 15 മിനിറ്റ് മുന്‍പാണ് അംഗങ്ങള്‍ക്ക് ഷെഡ്യൂള്‍ ചെയ്ത കോളിനെ കുറിച്ചുള്ള അറിയിപ്പ് ലഭിക്കുക. നിലവില്‍, തിരഞ്ഞെടുത്ത ഉപഭോക്താക്കള്‍ക്ക് പരീക്ഷണാടിസ്ഥാനത്തില്‍ ഈ ഫീച്ചര്‍ അവതരിപ്പിച്ചിട്ടുണ്ട്. അധികം വൈകാതെ കൂടുതല്‍ ആളുകളിലേക്ക് ഈ ഫീച്ചര്‍ എത്തുന്നതാണ്.