പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഗുരുതര ആരോപണവുമായി എത്തിയ മുന്‍ ജമ്മു കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലികിന്റെ അഭിമുഖം ഏറ്റെടുത്ത് രാഹുല്‍ ഗാന്ധിയും പ്രതിപക്ഷവും. പുല്‍വാമ ഭീകരാക്രമണത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സുരക്ഷാ വീഴ്ച സംഭവിച്ചു, ആ കാര്യം മിണ്ടരുതെന്ന് പ്രധാനമന്ത്രി മോദിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും തന്നോട് ആവശ്യപ്പെട്ടതായി സത്യപാല്‍ മാലിക് വെളിപ്പെടുത്തി. ദ വയറിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
2019 ഫെബ്രുവരി 14ന് നടന്ന പുല്‍വാമ ആക്രമണം 40 പട്ടാളക്കാരുടെ വീരമൃത്യുവിനാണ് കാരണമായത്. അന്ന് സത്യപാല്‍ മാലിക്കായിരുന്നു ജമ്മു കശ്മീര്‍ ഗവര്‍ണര്‍. പുല്‍വാമ ആക്രമണത്തിന് കാരണം മോദി സര്‍ക്കാര്‍ സുരക്ഷയൊരുക്കുന്നതില്‍ വരുത്തിയ വീഴ്ചയും ഇന്റലിജന്‍സ് വിഭാഗത്തിന്റെ കെടുകാര്യസ്ഥതയുമാണെന്ന് സത്യ പാല്‍ മാലിക് ദ വയറിനോട് പറഞ്ഞു. പ്രധാനമന്ത്രിക്ക് അഴിമതി നടത്തുന്നതില്‍ യാതൊരു പ്രശ്നവുമില്ലെന്ന് ട്വിറ്ററില്‍ അഭിമുഖം പങ്കുവച്ചുകൊണ്ട് രാഹുല്‍ ഗാന്ധി കുറിച്ചു.