മാലിന്യമുക്തം നവകേരളം സാധ്യമാക്കാന്‍ സമയബന്ധിത ഇടപെടല്‍ ഉണ്ടാകണം; ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്

കാസര്‍കോടിനെ സമ്പൂര്‍ണ്ണ ശുചിത്വ ജില്ലയായി മാര്‍ച്ച് 30ന് മുന്‍പ് പ്രഖ്യാപിക്കാന്‍ പര്യാപ്തമായ വിധത്തില്‍ പദ്ധതി നിര്‍വ്വഹണത്തില്‍ സമയബന്ധിത ഇടപെടല്‍ ഉണ്ടാകണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി. ബേബി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. മാലിന്യ മുക്തം നവകേരള ക്യാമ്പയിനിന്റെ ജില്ലാതല ശില്പശാല ഡി.പി.സി ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ജില്ലാപഞ്ചായത്ത് പ്രസിഡന്റ്. ക്യാമ്പയിന്‍ സെക്രട്ടറിയേറ്റംഗങ്ങള്‍, ഏകോപന സമിതി അംഗങ്ങള്‍, ഹരിതകേരളം മിഷന്‍, കില, ശുചിത്വ മിഷന്‍, ഏജന്‍സികളിലെ റിസോഴ്‌സ്‌പേഴ്‌സണ്‍മാര്‍, കുടുംബശ്രീ, ക്ലീന്‍ കേരള കമ്പനി, കെ.എസ്.ഡബ്ല്യു.എം.പി എന്നിവയിലെ ബ്ലോക്ക്, നഗരസഭ, സെക്ടര്‍ കോര്‍ഡിനേറ്റര്‍മാരുടെയും ജില്ലാതല ശില്പശാല നടന്നു. എഡിഎം പി. അഖില്‍ അദ്ധ്യക്ഷത വഹിച്ചു. തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ബി.കെ ബല്‍രാജ്, ഹരിതകേരളം മിഷന്‍ സംസ്ഥാന പ്രോഗ്രാം ഓഫീസര്‍ കൃഷ്ണകുമാര്‍. ശുചിത്വ മിഷന്‍ പ്രതിനിധി മിഥുന്‍, ക്യാമ്പയിന്‍ സെക്രട്ടറിയേറ്റ് അംഗം സുഹാന, കെ.എസ്.ഡബ്ല്യു.എം.പി പ്രതിനിധി ഹിരണ്‍ കൃഷ്ണ എന്നിവര്‍ സംസാരിച്ചു.

തുടര്‍ന്ന് മാലിന്യമുക്തം നവകേരളം ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ നവകേരള മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ കെ. ബാലകൃഷ്ണന്‍, അജൈവ മാലിന്യ സംസ്‌ക്കരണം സംബന്ധിച്ച് ജില്ലാ ശുചിത്വ മിഷന്‍ കോര്‍ഡിനേറ്റര്‍ പി. ജയന്‍, ജൈവ മാലിന്യ സംസ്‌ക്കരണം സംബന്ധിച്ച് കെ.സിമി, പ്രത്യേക മാലിന്യ സംസ്‌ക്കരണം സംബന്ധിച്ച് കെ.വി രഞ്ജിത്ത്, ഡിജിറ്റല്‍ മോണിറ്ററിംഗ് വിഷയത്തില്‍ ടി.വി സുഭാഷ്, വിവിധ വകുപ്പുകളുടെ ഏകോപനം സംബന്ധിച്ച് എച്ച്. കൃഷ്ണ, നിയമ നടപടികള്‍ സംബന്ധിച്ച് മുഹമ്മദ് മദനി എന്നിവര്‍ വിഷയം അവതരിപ്പിച്ചു. തുടര്‍ന്ന് ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ടി രാജേഷ്, ടൗണ്‍ പ്ലാനര്‍ ലീലിറ്റി, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഷൈനി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ശ്യാമ ലക്ഷ്മി. എസ്, ഡെപ്യൂട്ടി ഡയറക്ടര്‍ കെ. വി ഹരിദാസ്, ശുചിത്വ മിഷന്‍ യംഗ് പ്രൊഫഷണല്‍ എസ്.എച്ച് അഞ്ജലി, കുടുംബശ്രീ ജില്ലാ കോര്‍ഡിനേറ്റര്‍ ടി.ടി സുരേന്ദ്രന്‍, ക്ലീന്‍ കേരള കമ്പനി ജില്ലാ മാനേജര്‍ മിഥുന്‍ ഗോപി, കില ഫെസിലിറ്റേറ്റര്‍ കെ.അജയ കുമാര്‍ എന്നിവര്‍ ചര്‍ച്ച ക്രോഡീകരിച്ച സംസാരിച്ചു. തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ജി. സുധാകരന്‍ സ്വാഗതവും കെ.എസ്.ഡബ്ല്യു.എം.പി ജില്ലാ പ്രോജക്ട് മാനേജര്‍ മിഥുന്‍ കൃഷ്ണന്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *