CLOSE

ബേക്കല്‍ ജി.എഫ്.ച്ച്.എസ്.എസ്: പഴമയുടെ പെരുമയും കൂട്ടായ്മകളുടെ പുതുമയും ചേര്‍ന്നപ്പോള്‍ സ്‌കൂള്‍ ശ്രദ്ധാകേന്ദ്രമാകുന്നു

ഭൗതിക സാഹചര്യം മെച്ചപ്പെട്ട് ബേക്കല്‍ ഫിഷറീസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍: ഇംഗ്ലീഷ് മീഡിയം ഡിവിഷനുകളും തുടങ്ങുന്നു

പാലക്കുന്നില്‍ കുട്ടി

പാലക്കുന്ന് : അവിഭക്ത കണ്ണൂര്‍ ജില്ലയില്‍ പേരും പെരുമയുമുള്ള വിദ്യാലയമായിരുന്നു ബേക്കല്‍ ഗവ. ഫിഷറീസ് ഹൈസ്‌കൂള്‍. ചന്ദ്രഗിരി, ചിത്താരി പുഴകള്‍ക്ക് ഇടയില്‍ എസ്.എസ്.എല്‍.സി. പഠന സൗകര്യമുള്ള ഒരേ ഒരു സ്‌കൂള്‍. ഇത് അര നൂറ്റാണ്ട് മുന്‍പത്തെ കഥ. പിന്നീട് ഹൈസ്‌കൂളുകള്‍ പലയിടങ്ങളിലായി ഉയര്‍ന്നു. എങ്കിലും അവിടെ നിന്നുള്ള കുട്ടികള്‍ക്ക് പൊതു പരീക്ഷ എഴുതാനും ബേക്കലില്‍ മാത്രമേ അന്ന് സൗകര്യം ഉണ്ടായിരുന്നുള്ളൂ.

പദവിയിലും പേരിലും തുടര്‍ വിദ്യാഭ്യാസ യോഗ്യതയിലും ജില്ലയിലും സംസ്ഥാനത്തും വെളിയിലും പേരെടുത്ത ഒട്ടനേകം പ്രതിഭകളുടെ ഹൈസ്‌കൂള്‍ പഠനത്തിന് ഈ സ്‌കൂള്‍ അവസരമൊരുക്കിയിട്ടുണ്ട്. ആദ്യകാലത്ത് ബേക്കല്‍ ജി. എഫ്.എല്‍.പി. സ്‌കൂളിന്റെ തുടര്‍ച്ചയായിട്ടായിരുന്നു ബേക്കല്‍ ഗവ. ഫിഷറീസ് ഹൈസ്‌കൂള്‍ നിലവില്‍ വന്നത്. ഡോ. പി. ഗോപാല്‍റാവു സൗജന്യമായി നല്‍കിയ വിശാലമായ സ്ഥലത്ത് പണിത ഹൈസ്‌കൂള്‍ കെട്ടിടത്തില്‍, 1957 ല്‍ ആദ്യത്തെ എസ്. എസ്. എല്‍. സി. ബാച്ച് പഠനം പൂര്‍ത്തിയാക്കി. നീലേശ്വരത്തെ ഇ.കെ.കെ. രാജയായിരുന്നു സ്‌കൂളിലെ ആദ്യത്തെ പ്രധാനാധ്യാപകന്‍. തുടക്കത്തില്‍ ഉണ്ടായിരുന്ന ഗ്ലാമര്‍ പിന്നീട് പതുക്കെ നഷ്ടപ്പെട്ടുവെങ്കിലും പിടിഎയുടെയും നാട്ടുകാരുടെയും ഇടപെടലുകള്‍ സ്‌കൂളിന്റെ നല്ല നടപ്പിന് വഴികാട്ടിയായി എന്ന് പറയാം. ഇപ്പോള്‍ ഇത് ഹയര്‍ സെക്കന്ററി
സ്‌കൂളാണ്. 5,8 ഡിവിഷനുകളില്‍ ഇംഗ്ലീഷ് മീഡിയം അനുവദിച്ചു കിട്ടിയതോടെ പഴയ പ്രതാപം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് ഈ സ്‌കൂളിനെ നെഞ്ചോട് ചേര്‍ത്ത് സ്‌നേഹിക്കുന്നവര്‍.

മിടുക്കരായ പ്രശസ്തര്‍

ആദ്യത്തെ എസ്.എസ്.എല്‍.സി. ബാച്ച് നല്ല റിസള്‍ട്ടോടെ പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങി. മൂന്ന് പഞ്ചായത്തുകളിലെ കുട്ടികള്‍ ബേക്കലിലേക്ക് പ്രവേശനം കിട്ടാന്‍ അന്ന് പാടുപെട്ടത് സ്വാഭാവികം. കോട്ടിക്കുളത്തെ ഡോ.ഷാ ആദ്യബാച്ചിലെ വിദ്യാര്‍ത്ഥിയായിരുന്നു. തുടര്‍ന്ന് എസ്. എസ്. എല്‍. സി. പൂര്‍ത്തിയാക്കി പുറത്തിറങ്ങിവരില്‍ പേരും പ്രശസ്തിയും ഔദ്യോഗിക പദവികളും സ്വന്തമാക്കിയ പ്രഗത്ഭരായവരുടെ നീണ്ടനിര തന്നെ ഉണ്ടായി. ഡോ. എ.കെ.ഷാക്ക് പുറമെ ‘നാസ’യിലെ പേരെടുത്ത എഞ്ചിനീയര്‍ ഇ.സുധാകരന്‍ നായര്‍, മംഗളൂര്‍ പി.എ. എഞ്ചിനീയറിങ് കോളേജ് ചെയര്‍മാനും മലബാര്‍ ഗോള്‍ഡ് കോ-ചെയര്‍മാനുമായ പള്ളിക്കരയിലെ ഡോ.പി.എ.ഇബ്രാഹിം ഹാജി, എസ്.സി.ഐ യിലെ ചീഫ് എഞ്ചിനീയര്‍ ചെരിപ്പാടി ഗോപിനാഥന്‍ നായര്‍, ഡോ.സുകുമാരന്‍ നായര്‍, പേരെടുത്ത കാര്‍ട്ടൂണിസ്റ്റും ചിത്രകാരനുമായ ഉദുമയിലെ ഗഫൂര്‍ മാഷ്, ഭാഭ ആറ്റൊമിക് ഗവേഷണ കേന്ദ്രത്തിലെ സീനിയര്‍ ശാസ്ത്രജ്ഞന്‍ പാലക്കുന്നിലെ കെ.കെ. നാരായണന്‍, അദ്ദേഹത്തിന്റെ അനുജന്‍ ഏഷ്യന്‍ പെയിന്റ്‌സ് (നേപ്പാള്‍) കമ്പനിയുടെ ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായിരുന്ന പി.വി.കെ. കണ്ണന്‍, റിട്ട. പോലിസ് സൂപ്രണ്ട് ആറാട്ട് കടവിലെ എ.ബാലകൃഷ്ണന്‍ നായര്‍ ഐ.പി.എസ്., പോലിസ് ഇന്‍സ്പെക്ടര്‍ കെ.കെ. ദാമോദരന്‍, കെ.പി.സി.സി. വൈസ് പ്രസിഡന്റ് അഡ്വ.സി. കെ. ശ്രീധരന്‍, ആഫ്രിക്കയിലെ യു.എന്‍. അനുബന്ധ യൂണിവേഴ്‌സിറ്റിയിലെ കെ.ആര്‍.രഘുനാഥ് (ബേക്കല്‍), എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായിരുന്ന ബാലകൃഷ്ണന്‍ മാങ്ങാട്, വിവര്‍ത്തകന്‍ കെ.വി. കുമാരന്‍ മാഷ് (കാസറകോട്), കഥാകൃത്ത് നളിനി ബേക്കല്‍, അവരുടെ സഹോദരന്‍ മാധവന്‍കുട്ടി (ഡല്‍ഹി) ഐ.എ.എസ്., സുപ്രീം കോര്‍ട്ട് സീനിയര്‍ അഭിഭാഷകനും മുംബൈ ഹൈകോര്‍ട്ടിലെ സീനിയര്‍ സ്റ്റാന്‍ഡിങ് കൗണ്‍സലുമായ ബേക്കലിലെ ബി. കെ. അശോക്, സെന്‍ട്രല്‍ ഗവണ്മെന്റ് പെന്‍ഷനേര്‍സ് ജില്ലാ പ്രസിഡന്റും മുന്‍ പോസ്റ്റ് മാസ്റ്ററുമായ മലാംകുന്നിലെ പി. കുഞ്ഞിക്കണ്ണന്‍, കാസര്‍കോട് അഡീഷണല്‍ ഗവ. പ്ലീഡറും പബ്ലിക് പ്രോസിക്യുട്ടറുമായ ചിറമ്മലിലെ അഡ്വ. കെ. ബാലകൃഷ്ണന്‍, ബേക്കലിലെ ഡോ. അബൂബക്കര്‍, ഡോ. സാലിഹ് മുണ്ടോള്‍, ഡോ.സുധാകരന്‍(കണ്ണൂര്‍), കേരള സാഹിത്യ അക്കാദമിയിലെ പി. വി. കൃഷ്ണന്‍ നായര്‍ (പെരിയ) ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ ഡയറക്ടര്‍ ബാലകൃഷ്ണന്‍ ചിറമ്മല്‍, മംഗളൂര്‍ കരുണ ഇന്‍ഫ്ര പ്രൊപ്പര്‍ട്ടിസ് എം.ഡി. യും വ്യവസായ പ്രമുഖനുമായ വി. കരുണാകരന്‍(തിരുവക്കോളി) ഒമാന്‍ ഡിഫെന്‍സില്‍ സ്റ്റോര്‍ഴ്‌സ് കണ്‍ട്രോളര്‍ ആയിരുന്ന കെ.വി. മധുസുദനന്‍(കോട്ടിക്കുളം), മുംബൈ സി.എസ്.ടി സ്റ്റേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ആയിരുന്ന ബേക്കലിലെ രാധാകൃഷ്ണന്‍ തുടങ്ങി ഒട്ടേറെ പ്രമുഖരുടെ ഹൈസ്‌കൂള്‍ വിദ്യാഭ്യാസം ഈ സ്‌കൂളില്‍ നിന്നായിരുന്നു. (ഈ പട്ടിക അപൂര്‍ണമാണ്)

കപ്പലോട്ടക്കാര്‍, പ്രവാസികള്‍

വടക്കന്‍ മേഖലയില്‍ നേവല്‍ എന്‍.സി.സി. പരിശീലനം നടത്തിയിരുന്ന ചുരുക്കം സ്‌കൂളുകളില്‍ ഒന്നായിരുന്നു ബേക്കല്‍. സര്‍ക്കാര്‍ വകുപ്പിന്റെ നിയന്ത്രണത്തില്‍ മെര്‍ച്ചന്റ്‌നേവിയിലേക്ക് ആളെ സെലക്ട് ചെയ്തിരുന്ന 1970 കളില്‍ നേവല്‍ എന്‍.സി.സി പരിശീലനം പൂര്‍ത്തിയായവര്‍ക്ക് മുന്‍ഗണന കിട്ടിയിരുന്നു. ആ കാലഘട്ടത്തില്‍ മെര്‍ച്ചന്റ്‌നേവിയില്‍ ജോലി കിട്ടിയവരില്‍ നല്ലൊരു ശതമാനം പേര്‍ ബേക്കല്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളായിരുന്നു. ഗള്‍ഫ് രാജ്യങ്ങളിലേക്കും ഒട്ടേറെ പേര്‍ അന്നംതേടി പോയി. ഈ സ്‌കൂളിലെ കുട്ടികളില്‍ ഏറെ പേര്‍ക്ക് രാജ്യ സുരക്ഷ ഭടന്മാരായും അന്ന് ജോലി കിട്ടിയിരുന്നു.

ഇംഗ്ലീഷ് മീഡിയം ഗമ

പുതിയ അധ്യയന വര്‍ഷം മുതല്‍ 5, 8 ക്ലാസ്സുകളില്‍ ഇംഗ്ലീഷ് മീഡിയം ഡിവിഷനുകള്‍ ആരംഭിക്കാന്‍ അനുമതിയായതോടെ ഈ സ്‌കൂളിനെ സ്‌നേഹിക്കുന്നവരെല്ലാം പുത്തന്‍ ഉണര്‍വിലാണിപ്പോള്‍. പലരുടെയും പിടിപ്പ്‌കേട് മൂലം പഠന നിലവാരം മോശപെട്ടെന്ന ദുഷ്‌പേരില്‍ മിടുക്കരായ കുട്ടികളെ ഈ സ്‌കൂളില്‍ ചേര്‍ക്കാന്‍ രക്ഷിതാക്കള്‍ മടി കാണിച്ചിരുന്നു. പിടിഎയും നാട്ടുകാരും സ്‌കൂളിന്റെ നിലവാരം പൂര്‍വസ്ഥിതിയിലെത്തിക്കാന്‍ കണ്ടെത്തിയ ശ്രമങ്ങള്‍ ഫലം കണ്ടുതുടങ്ങിയത് 2014 മുതലാണ്. ആറു വര്‍ഷമായി ഈ സ്‌കൂളില്‍ നിന്ന് ആരും എസ്.എസ്.എല്‍.സി. പരീക്ഷ തോറ്റിട്ടില്ല. എ പ്ലസ് കാരുടെ എണ്ണവും കൂടിയതോടെ ബേക്കലിന് നഷ്ടപ്പെട്ട കിരീടം തിരിച്ചുകിട്ടിയപോലെ. ഇപ്പോള്‍ ഇംഗ്ലീഷ് മീഡിയം കൂടി കിട്ടിയതോടെ മൊത്തത്തില്‍ സ്‌കൂളിന് ഒരു ഗ്ലാമര്‍ പരിവേഷം. പൂര്‍വവിദ്യാര്‍ത്ഥി കൂട്ടായ്മകളുടെ പിന്തുണയോടെ സ്‌കൂളിലെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്താന്‍ സജീവമായി പ്രവര്‍ത്തിക്കുന്ന പിടിഎയുടെ നേതൃത്വത്തില്‍ നടത്തുന്ന വികസന പ്രവര്‍ത്തനങ്ങള്‍ സ്‌കൂളിന്റെ പുറംമോടി മൊത്തത്തില്‍ ആകര്‍ഷകമാക്കി. 1992-93ലെ പത്താംക്ലാസ് കൂട്ടായ്മ ലക്ഷക്കണക്കിന് രൂപ ചെലവില്‍ ആകര്‍ഷകമായ പ്രവേശന കവാടവും 94-95 വര്‍ഷക്കാര്‍ വിശാലമായ അസംബ്ലി ഹാളും, കന്നഡ മീഡിയം പൂര്‍വ വിദ്യാര്‍ത്ഥികള്‍ ധ്വജസ്തംഭവും നിര്‍മിച്ചു നല്‍കി. അച്ചടക്കം നിലനിര്‍ത്തുന്നതിന്റെ ഭാഗമായി 95-96 വര്‍ഷക്കാര്‍ സ്‌കൂള്‍ കോമ്പൗണ്ടില്‍ 18 സിസിടിവി ക്യാമറകളാണ് സ്ഥാപിച്ചത്. ആദ്യകാല വിദ്യാര്‍ത്ഥി കൂട്ടായ്മ ഏതാനും വര്‍ഷം മുന്‍പ് സ്‌കൂളിലേക്ക് നല്‍കിയത് 25 ഓളം ഡസ്‌ക്ടോപ് കമ്പ്യൂട്ടറുകളായിരുന്നു.

സ്‌കൂള്‍ വികസനവും നിലവാരവും തുടര്‍ന്നും മെച്ചപ്പെടുത്തുന്നതിനായി പിടിഎ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ജനപ്രതിനിധികള്‍, വിദ്യാലയ വികസന സമിതി അംഗങ്ങള്‍, പൂര്‍വ വിദ്യാര്‍ത്ഥി കൂട്ടായ്മകള്‍, വിവിധ സന്നദ്ധ സംഘടനകളെ കൂടാതെ നാട്ടുകാരും പങ്കെടുത്തു. പിടിഎ പ്രസിഡന്റ് കെ.വി.ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക വി. തങ്കമണി, പി. സുധാകരന്‍, ഷൈനി ശശി, വിനയന്‍, ടി. രാജന്‍, അഡ്വ. കെ. ബാലകൃഷ്ണന്‍, സുധാകരന്‍ കുതിര്‍, വിനയ പ്രസാദ്, ടി.പി. രാജേഷ്, എം. അനിത എന്നിവര്‍ പ്രസംഗിച്ചു.

ഒരു സ്‌കൂളിന്റെ പുനര്‍ജനിക്ക് കൂട്ടായ്മകളുടെ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനം എത്രത്തോളം പ്രയോജനപ്പെടും എന്നറിയാന്‍ വരൂ, പ്രവേശന കവാടത്തിലൂടെ ബേക്കല്‍ സ്‌കൂളിന്റെ അകത്തളങ്ങളിലേക്ക്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *