CLOSE

ഏപ്രില്‍ 5 നാഷണല്‍ മരിടൈം ഡേ: ഇന്ത്യയില്‍ നിന്ന് വിദേശത്തേക്ക് ആദ്യമായി കപ്പലോട്ടിയ ദിവസം

പാലക്കുന്നില്‍ കുട്ടി

ഏപ്രില്‍ 5 നാണ് രാജ്യത്ത് കപ്പലോട്ട ദിനം ആചരിക്കുന്നത് . ഇന്ത്യയില്‍ നിന്ന് ആദ്യമായി വിദേശത്തേക്ക് കപ്പലോട്ടിയ സുവര്‍ണ ദിവസം . ഇന്ത്യന്‍ കപ്പലോട്ട ചരിത്ര പുസ്തകത്തില്‍ എന്നും മായാതെ കുറിക്കപെട്ട അഭിമാന സുദിനം. ഇന്ത്യയിലെ മര്‍ച്ചന്റ്‌നേവി ജീവനക്കാര്‍ കരയിലും കടലിലും,എല്ലാ വര്‍ഷവും ഏപ്രില്‍ 5 ‘നാഷണല്‍ മരിടൈം ഡേ’ യായി ആഘോഷിച്ചു വരുന്നു.

ആദ്യ യാത്ര ബോംബയില്‍ നിന്ന്

ആഗോള ജലപാത സഞ്ചാരം ബ്രിട്ടീഷുകാരുടെ കുത്തകയായിരുന്ന പഴയ കാലം. ഒരു നൂറ്റാണ്ട് മുന്‍പ് ആ കുത്തക തകര്‍ക്കാനെന്നോണം ബോംബെയില്‍ (ഇന്നത്തെ മുംബൈ) നിന്ന് ഇന്ത്യന്‍ സമുദ്ര അതിര്‍ത്തി കടന്ന് ആദ്യമായി ഒരിന്ത്യന്‍ കപ്പല്‍ യു. കെ.യിലെ ലണ്ടന്‍ ലക്ഷ്യമിട്ട് യാത്ര തിരിക്കുന്നു. കൃത്യമായി പറഞ്ഞാല്‍ 1919 ഏപ്രില്‍ 5ന്. കപ്പലിലൂടെ ആദ്യമായി ഇന്ത്യയില്‍ നിന്ന് പുറം രാജ്യത്തേക്ക് ചരക്കു നീക്കം എന്ന അതുല്യ നേട്ടം സാധ്യമാക്കിയ സിന്ധ്യ സ്ട്ടീം നാവിഗേഷന്‍ കമ്പനി യുടെ ‘എസ് എസ് ലോയല്‍റ്റി’ എന്ന പാസഞ്ചര്‍ കം കാര്‍ഗോ കപ്പലിനായിരുന്നു ഇതിഹാസം കുറിച്ച ആ യാത്രയ്ക്ക് തുടക്കമിടാന്‍ അവസരമുണ്ടായത്. അതും ഇന്ത്യക്ക് സ്വാതന്ദ്ര്യം കിട്ടുന്നതിനും കാല്‍ നൂറ്റാണ്ട് മുന്‍പ്. അതിന്റെ ഓര്‍മയ്ക്കാണ് ഏപ്രില്‍ 5 ‘നാഷണല്‍ മരിടൈം ഡേ’ ആയി ആഘോഷിക്കാന്‍ പിന്നീട് തീരുമാനിച്ചത്. ലോയല്‍റ്റിയുടെ ഐതിഹസികമായ ആ യാത്രയ്ക്ക് നൂറു വര്‍ഷം പൂര്‍ത്തിയായെങ്കിലും അതിന് ‘മരിടൈം ഡേ’ പരിവേഷമണിയാന്‍ പിന്നെയും കാത്തിരിക്കേണ്ടി വേണ്ടി വന്നു 45 വര്‍ഷം.
1964 മുതലാണ് ആ ദിനം നാഷണല്‍ മരിടൈം ഡേ ആയി ആഘോഷിക്കാന്‍ ഔദ്യോഗിക തലത്തില്‍ തീരുമാനമായത്. ഇന്ത്യയില്‍ മര്‍ച്ചന്റ് നേവിയുമായി ബന്ധപ്പെട്ട് കരയിലും കപ്പലിലും ഈ ആഘോഷത്തിന്റെ 58-മത് വാര്‍ഷികമാണ് 2021 ഏപ്രില്‍ 5ന് ദേശീയ കപ്പലോട്ട ദിനമായി ആചരിക്കുന്നത്. ഇന്ത്യക്കാര്‍ ജോലി ചെയ്യുന്ന എല്ലാ മര്‍ച്ചന്റ്‌നേവി കപ്പലുകളിലും ഏപ്രില്‍ 5 വേതനത്തോടെ അവധിയും നല്‍കി വരുന്നുണ്ട്.

സിന്ധ്യ സ്ട്ടീം നാവിഗേഷന്‍

ഇന്ത്യയില്‍ വാണിജ്യ കപ്പല്‍ കമ്പനിയുടെ തുടക്കാരാണ് സിന്ധ്യ സ്ട്ടീം നാവിഗേഷന്‍. ഗുജറാത്തി ബിസിനസുകാരായ വാല്‍ചന്ദ് ഹിരാചന്ദ് , നരോത്തം മൊറാര്‍ജി, കിലാചന്ദ് ദേവ്ചന്ദ്, ലല്ലുബായ് കമല്‍ദാസ് എന്നിവര്‍ ചേര്‍ന്നാണ് ‘എസ്.എസ്. എംപ്രസ് ഓഫ് ഇന്ത്യ’ എന്ന കപ്പല്‍ സിന്ധ്യ ഷിപ്പിങ് കമ്പനിക്ക് വേണ്ടി വാങ്ങുന്നത്. 1890ല്‍ നിര്‍മിച്ച ആ കപ്പലിന്റെ നീളം 455 അടിയും വീതി 51 അടിയും ആയിരുന്നു. 770 പേര്‍ക്ക് യാത്രചെയ്യാനുള്ള സൗകര്യങ്ങളുള്ള യാത്ര കപ്പലായിരുന്നു അത്. 1914ല്‍ ഒന്നാം ലോക മഹായുദ്ധകാലത്ത് ഇന്ത്യന്‍ ജവാന്മാര്‍ക്കുള്ള ഹോസ്പിറ്റല്‍ ഷിപ്പ് ആയിരുന്നു എംപ്രസ് ഓഫ് ഇന്ത്യ. 1915 ല്‍ ആണ് അതിന്റെ പേര്‍ എസ്.എസ്. ലോയല്‍റ്റി എന്ന് പുനര്‍ നാമകരണം ചെയ്ത് ചരക്കു നീക്കം ആരംഭിച്ചത് . ഇന്ത്യന്‍ ജീവനക്കാരുമായി മറു രാജ്യത്തേക്ക് യാത്രതിരിച്ച ആദ്യത്തെ ഇന്ത്യന്‍ കപ്പലെന്ന ഖ്യാതി 1919 ഏപ്രില്‍ 5ന് ‘ലോയല്‍റ്റി’ യുടെ പേരില്‍ കുറിക്കപ്പെട്ടത് ചരിത്രം . 1923 ല്‍ ബോംബെയിലെ കപ്പല്‍പൊളി ശാലയില്‍ ‘ലോയല്‍റ്റി’ എന്ന കപ്പല്‍ അതിന്റെ അന്ത്യയാത്രയും കുറിച്ചു.

കരയിലും കപ്പലുകളിലും ഏപ്രില്‍ 5ന് മരിടൈം ഡേ ആഘോഷിക്കുന്നത് പതിവാണ്. കോവിഡ് കാലമായതിനാല്‍ ആഘോഷങ്ങള്‍ക്ക് നിയന്ത്രണമുള്ളതിനാല്‍ കരയില്‍ മിക്കയിടത്തും ഈ ദിവസം വലിയ രീതിയില്‍ ആഘോഷങ്ങള്‍ ഉണ്ടാവില്ല. കപ്പല്‍ യാത്രകളില്‍ അതാത് ദിവസങ്ങളില്‍ ഉണ്ടായേക്കാവുന്ന അടിയന്തര സാഹചര്യങ്ങളുടെ സ്വഭാവമനുസരിച്ചായിരിക്കും ഏത് വിധ വിശേഷങ്ങളും ആഘോഷിക്കാന്‍ അവസരം കിട്ടുക.
പ്രധാനമായും മുംബൈയിലാണ് മരിടൈം ഡേ ആഘോഷിക്കുന്നത്. കപ്പലോട്ടക്കാരുടെ സംഘടനയായ ‘ന്യൂസി’ യുടെ മുംബൈ ആസ്ഥാനത്തും ബ്രാഞ്ച് ഓഫീസുകളിലും ‘കപ്പലോട്ട ദിനം’ ആഘോഷിക്കുന്നത് പതിവാണ്. നാഷണല്‍ മരിടൈം ബോര്‍ഡുമായി ബന്ധപ്പെട്ട് തുറമുഖ നഗരങ്ങളിലും കപ്പല്‍ ജീവനക്കാരുടെ സംഘടനകള്‍ സജീവമായിട്ടുള്ള മറ്റിടങ്ങളിലും ഈ ദിനം ആഘോഷിച്ചു വരുന്നുണ്ട്. പ്രാദേശികമായി മര്‍ച്ചന്റ്‌നേവി ജീവനക്കാര്‍ക്ക് സ്വന്തമായി സ്ഥലവും ഓഫീസുമുള്ള രാജ്യത്തെ ഏക കൂട്ടായ്മയായ കോട്ടിക്കുളം (കാസര്‍കോട് ) മര്‍ച്ചന്റ്‌നേവി ക്ലബ്ബിലും എല്ലാവിധ നാവിക വിശേഷങ്ങളും ആഘോഷിക്കാറുണ്ട്. പക്ഷേ, കോവിഡ് വ്യാപന ഭീതിയില്‍ ഈ ആഘോഷങ്ങള്‍ എല്ലായിടങ്ങളെ പോലെ ഇവിടെയും പരിമിതപ്പെടുത്തിയിട്ടുണ്ട്. കോട്ടിക്കുളം മെര്‍ച്ചന്റ് നേവി യൂത്ത് വിംഗ് അതിന്റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ചു ഈ വര്‍ഷത്തെ മരിടൈം ഡേ മുതല്‍ അടുത്ത മരിടൈം ഡേ വരെ ഒരു വര്‍ഷം നീളുന്ന ആഘോഷ പരിപാടികളും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും നടത്തുക.

Spread the love

Leave a Reply

Your email address will not be published. Required fields are marked *