CLOSE

പോയ വര്‍ഷം ലോക്ഡൗണില്‍ തളച്ചു; ഈ വര്‍ഷം വ്യാപന ഭീതിയിയിലും കുരുങ്ങി നമ്മുടെ വിഷു ആഘോഷം

പാലക്കുന്നില്‍ കുട്ടി

പൂത്തുലഞ്ഞു നില്‍ക്കുന്ന കൊന്നപ്പൂവിനറിയില്ലല്ലോ കൊറോണ എന്ന വൈറസിനെ. ഏതായാലും മേടം പുലരും മുന്‍പേ വിഷുവിന്റെ ആഗമനം അറിയിച്ചുകൊണ്ട് കൊന്ന എല്ലാവര്‍ഷവും പൂക്കും. കഴിഞ്ഞ വര്‍ഷം വിഷു ആഘോഷങ്ങള്‍ ലോക്ഡൗണില്‍ തളച്ചിട്ടപ്പോള്‍ മിക്കവരുടെയും വിഷുക്കണി അവരവരുടെ വീടുകളില്‍ ഒതുങ്ങിപ്പോവുകയായിരുന്നുവല്ലോ. ആചാരസവിശേഷതകളുടെ ഭാഗമായി ക്ഷേത്രങ്ങളില്‍ ആ ദിവസം കണിയൊരുക്കിയിരുന്നുവെങ്കിലും സര്‍ക്കാരിന്റെ മുന്നറിയിപ്പ് മാനിച്ച് പോയ വര്‍ഷം കണി കാണാന്‍ ആളുകള്‍ അധികമെത്തിയില്ല. ലോക്ഡൗണ്‍ പ്രഖ്യാപനം ഇല്ലെങ്കിലും പോയ വര്‍ഷത്തെ സമാനമായ സാഹചര്യമാണ് ഈ വര്‍ഷവും നമുക്ക് ഭീഷണിയായി കോവിഡ് വ്യാപന ഗ്രാഫ് ഉയര്‍ന്ന് നില്‍ക്കുന്നത്. ഇതൊന്നുമറിയാതെ കൊന്നമരം പൂത്ത് മഞ്ഞവെളിച്ചം തൂകി വിഷുവിനെ വരവേല്‍ക്കാന്‍ ഒരുങ്ങിയത് പ്രകൃതി നിയോഗം . സ്വര്‍ണ്ണ വര്‍ണ്ണനിറത്തില്‍ നാടുനീളെ വിടര്‍ന്ന് പന്തലിച്ചു കാണുന്ന കൊന്നപൂക്കുലകള്‍ ഈ മീനച്ചുടില്‍ മനസ്സിനും കണ്ണിനും
കുളിര്‍മയേകുന്ന മനോഹര ദൃശ്യം തന്നെയാണ്. ഈ ലേഖനത്തോടൊപ്പം ചേര്‍ത്തിട്ടുള്ള ഫോട്ടോ പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര ഭണ്ഡാര വീട്ടു പറമ്പില്‍ റെയില്‍വേ പാതയോരത്ത് പൂത്തുലഞ്ഞ കൊന്ന പൂക്കളുടേതാണ്. ഈ ലേഖകന്‍ തന്നെ പകര്‍ത്തിയതാണ്.

കാര്‍ഷികോത്സവം

മലയാളിയുടെ കാര്‍ഷിക സംസ്‌കാരത്തിന്റെ ഓര്‍മപുതുക്കലാണ് വിഷു. വിഷു നമുക്ക് കാര്‍ഷികോത്സവമാണ്, വിളവെടുപ്പുത്സവമാണ്, സര്‍വോപരി പുതുവര്‍ഷവും . പുത്തനുടുപ്പും പടക്കവും ഉണ്ണിയപ്പവും വിഷുക്കണിയും വിഷുകൈനീട്ടവും വിഷു സദ്യയും വിഷുഫലവും എല്ലാം വിഷുവിനോട് ചേര്‍ന്നുള്ള നമ്മുടെ ഗൃഹാതുരതയാണ്.

നമ്മുടെ സംസ്ഥാന അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഇടങ്ങളിലും വിഷു ആഘോഷിക്കാറുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍ സമാനമായ പുതുവര്‍ഷാഘോഷങ്ങളോടെ ഇത് കൊണ്ടാടുന്നുണ്ട് . ഭാരതത്തില്‍ മുന്‍പ് നിലനിന്നിരുന്ന പഞ്ചാംഗം അനുസരിച്ചുള്ള പുതു വര്‍ഷം തുടങ്ങുന്നത് മേടത്തിലാണ് .

വിഷു എന്നാല്‍ അര്‍ത്ഥം തുല്യം

രാത്രിയും പകലും തുല്യമായ ദിവസമാണിത്.വിഷു എന്ന പദത്തിന്റെ അര്‍ത്ഥവും അതാണത്രേ. ഒരു രാശിയില്‍ നിന്ന് തൊട്ടടുത്ത രാശിയിലേക്കുള്ള സൂര്യന്റെ സഞ്ചാരത്തെയാണ് ‘സംക്രാന്തി’ എന്ന് നമ്മള്‍ വിവക്ഷിക്കുന്നത്.
ആ സംക്രാന്തികളില്‍ ഏറെ പ്രാധാന്യമേറിയതാണ് വിഷുസംക്രാന്തി.

വിഷുക്കണി ഒരുക്കാന്‍

ഓട്ടുരുളിയില്‍ അരിയും നെല്ലും പുത്തന്‍ മുണ്ട് , വെള്ളി നാണയം, പൊന്ന്, വാല്‍കണ്ണാടി, കണിവെള്ളരി, കണിക്കൊന്ന, അടക്ക വെറ്റില, കണ്മഷി, സിന്ദൂരം, ചാന്ത്, ചക്ക, മാങ്ങ, നാളികേരം എന്നിവയും വെള്ളം നിറച്ച കിണ്ടി, ഉണ്ണിയപ്പം നിറച്ച പുത്തന്‍ മണ്‍കലവും നിലവിളക്കും ശ്രീകൃഷ്ണ പ്രതിമയോ ഫോട്ടോയോ വെച്ചാണ് കണിയൊരുക്കുക. ഈ രീതി പലയിടത്തും പലമാതിരിയാണ്. പ്രകാശവും ധനവും ഫലങ്ങളും ധാന്യങ്ങളും ചേര്‍ന്ന വിഷുക്കണി കണ്ടുണരുമ്പോള്‍ പുതിയൊരു ജീവിത മാറ്റത്തിലേക്കുള്ള വികാസമാണത്രെ പ്രതീക്ഷിക്കുന്നത്.

കണ്ണ് പൊത്തി കണികാണല്‍

മേടം ഒന്നിലെ ആദ്യകാഴ്ചയായിരിക്കണം വീട്ടിലൊരുക്കുന്ന കണി എന്നാണ് നമ്മള്‍ പുലര്‍ത്തുന്ന നിഷ്ഠ . തലേന്നാള്‍ രാത്രി ഏറെ വൈകി പൂജാമുറിയോ അല്ലെങ്കില്‍ അതിനായി ഒരുക്കിയ ഇടമോ കണികാണാന്‍ സജ്ജമാക്കും. പുലരും മുന്‍പേ വീട്ടില്‍ അമ്മയോ മുതിര്‍ന്ന മറ്റാരെങ്കിലും കണ്ണ് പൊത്തി വീട്ടിലെ ഓരോ അംഗത്തെയും കണിയൊരുക്കിയ ഇടത്തേക്ക് ആനയിച്ച് കണ്ണ് തുറന്ന് കണികാണിക്കും. കണിയുടെ ഐശ്വര്യവും സമൃദ്ധിയും ആ വര്‍ഷം അവസാനം വരെ ഈ ദര്‍ശന പുണ്യത്തില്‍ നീളുമെന്നാണ് സങ്കല്പം.

വിഷുകൈനീട്ടം

കണികണ്ട ശേഷം വീട്ടിലെ തലമുതിര്‍ന്നവര്‍ മറ്റുള്ളവര്‍ക്കെല്ലാം വിഷുകൈനീട്ടം നല്‍കും. വീട്ടില്‍ ഒരുക്കിയ കണികാണാന്‍ എത്തുന്ന അടുത്തബന്ധുക്കള്‍ക്കളടക്കം ഇഷ്ടപ്പെട്ടവര്‍ക്കെല്ലാം കൈനീട്ടം നല്‍കും. വീടുകളില്‍ ചെന്ന് കൈനീട്ടം കൊടുക്കുന്ന രീതി കൊടുക്കുന്ന ആള്‍ക്ക് ഗുണകരമാവില്ല എന്നും തെക്കന്‍ നാടുകളില്‍ പറയാറുണ്ട്. വിഷുകൈനീട്ടം കിട്ടുന്നവര്‍ക്കും കൊടുക്കുന്നവര്‍ക്കും ആ വര്‍ഷം മുഴുവന്‍ ശ്രേഷ്ഠമായിരിക്കുമത്രെ. ചില ക്ഷേത്രങ്ങളില്‍ കണികാണാനെത്തുന്നവര്‍ക്ക് കൈനീട്ടമായി നാണയ തുട്ടുകള്‍ നല്‍കാറുണ്ട്. കൊടുക്കുന്ന മനസ്സിനേ കിട്ടുള്ളൂ എന്ന വിഷു സങ്കല്പം അങ്ങിനെയാണ്.

വിഷു സദ്യ

വടക്കന്റെ ‘വിഷുസദ്യ’യ്ക്കുമുണ്ട് പ്രത്യേകതകള്‍. ‘സദ്യ’ എന്നാല്‍ പരിപൂര്‍ണ വെജിറെറിയന്‍ എന്നാണല്ലോ വെപ്പ്. വെജിറ്ററിയനോടൊപ്പം നോണ്‍വെജ് ഇല്ലെങ്കില്‍ വടക്കന്റെ വിശേഷനാളിലെ ‘ഉണ്ണല്‍’ അതൃപ്തികരവും അപൂര്‍ണ്ണവുമാണെന്ന് വ്യക്തം. ഏത് വിശേഷ നാളായാലും ചിക്കന്‍ ഒഴിച്ചുകൂടാനാവാത്ത ഐറ്റം ആണ് വടക്കന്. മട്ടനായാലും കൊള്ളാം. പക്ഷേ വെറും പച്ചക്കറി സദ്യയൊരുക്കാനും ഉണ്ണാനും കണ്ണൂരിന് വടക്കുള്ളവരെ കിട്ടില്ല. വിഷുവിനു മാത്രമല്ല, ഓണമായാലും വിവാഹമായാലും മറ്റേത് വിശേഷ നാളായാലും സദ്യയോടൊപ്പം വേണം വടക്കന് ചിക്കന്റെ ഒരു ഐറ്റം. ബിരിയാണിയായാല്‍ അതി വിശേഷമായി .
തെക്കന്‍ രീതിയില്‍ സദ്യയൊരുക്കി വിശേഷമുണ്ണുന്നവരും വിളമ്പുന്നവരും ഇവിടെ ഇല്ലാതില്ല. അഥിതിയായി ക്ഷണിക്കപ്പെട്ടവര്‍ക്ക് വാഴയിലയില്‍ പത്തിലേറെ കറി വിഭവങ്ങള്‍ വിളമ്പി സന്തോഷിപ്പിക്കാന്‍ ഇവിടെ കുറച്ച് പ്രയാസമാണെന്ന് ചുരുക്കം.

കോവിഡ് വ്യാപനവും വിഷുവും

ക്ഷേത്രങ്ങളില്‍ ഇത്തവണയും കണിയൊരുക്കും. അത് ആചാരത്തിന്റെ ഭാഗമാണ്. കണികാണാനെത്തുന്നവരെ അതില്‍ നിന്ന് വിലക്കുന്നത് അത്ര സ്വീകാര്യമായ രീതിയല്ല. ക്ഷേത്ര നടത്തിപ്പുകാരെ ആകെ വിഷമാവസ്ഥയിലാക്കുന്ന വിശ്വാസത്തിന്റെ പ്രശ്‌നമാണിത്.
കണികാണാനെത്തുന്നവര്‍ കോവിഡ് മാനദണ്ഡങ്ങള്‍ പരിപൂര്‍ണമായും പാലിച്ചേ മതിയാകൂ. പ്രായാധിക്യമുള്ളവരെയും കുഞ്ഞുങ്ങളെയും കണി കാണാനായി ക്ഷേത്രത്തില്‍
കൊണ്ടുവരാതിരിക്കാന്‍ വീട്ടിലുള്ള മറ്റുള്ളവര്‍ ശ്രദ്ധിക്കണം. വിഷുഫലം ശുഭമാകാന്‍ ഇത് തന്നെ ധാരാളം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *