CLOSE

ടീച്ചര്‍ മണ്ണിലുറങ്ങുകയാണ്; കൂടുതല്‍ ശക്തിയോടെ ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍

എഴുത്തുപുര

ഈ ക്രിസ്തുമസ് കാലത്ത് സുഗതകുമാരി ടീച്ചറെ ഇങ്ങനെ മാത്രമേ ഓര്‍ത്തെടുക്കാനൊക്കുകയുള്ളു. ക്രിസ്തുവിനേപ്പോലെ, വീണ്ടും ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന വിശ്വാസത്തോടെ.

ഒരിക്കലും കൊഴിയില്ലെന്നോര്‍ത്തു പോയ പൂവ്, ഇപ്പോള്‍ കാഴിഞ്ഞതിനുശേഷവും ചുറ്റും കൂടുതല്‍ പ്രകാശം പരത്തുന്നു.

അന്ന്, ഈ കുറിപ്പുകാരന്‍ തിരുവന്തപുരത്തുണ്ട്. ഗാന്ധിപാര്‍ക്കില്‍ പരിപാടി നടക്കുന്നു. കുരീപ്പുഴ ശ്രീകുമാറിന്റെ ‘ചാര്‍വാകന്‍’ എന്ന പുസ്തകത്തേക്കുറിച്ചുള്ള സംവാദം നടക്കുന്നു. പേര് ‘ചാര്‍വ്വാകദര്‍ശനം’. സംഘടിപ്പിക്കുന്നത് സെക്കുലര്‍ സാഹിത്യ വേദി. ഈ കുറിപ്പുകാരന്‍ അന്ന് അതിന്റെ സംസ്ഥാന സെക്രട്ടറിയായിരുന്നു.

ചടങ്ങ് ഉല്‍ഘാടനം ചെയ്യേണ്ടിയിരുന്നത് സുഗതകുമാരി ടീച്ചറാണ്. സമയമായപ്പോള്‍ ഞാന്‍ കാറുമായി ടീച്ചറുടെ വീട്ടിലെത്തി. ഔഷധക്കൂട്ടിട്ടു തിളപ്പിച്ച ചുടുള്ള വെള്ളം ഒരു കപ്പ് തന്നു. കുടിച്ചൊഴിഞ്ഞ കപ്പ് ടീച്ചര്‍ തന്നെ വാങ്ങി അകത്തു കൊണ്ടു വെച്ചു.

ന്നാപ്പിന്നെ ഇറങ്ങാം ന്താ?

ഞങ്ങളിറങ്ങി.
കാറിന്റെ പിറകിലെ സീറ്റു തുറന്നു കൊടുത്തു. ഞാന്‍ മുന്നിലിരുന്നു.
കുറേ ദീരമെത്തി. വഴിമധ്യേ റോഡരികില്‍, പന്തലിച്ചു കിടക്കുന്ന നൂറ്റാണ്ടുകള്‍ പിന്നിട്ട വന്‍ മരത്തിനരികിലെത്തിയപ്പോള്‍ പെട്ടെന്നു വണ്ടി നിര്‍ത്തിയിടാന്‍ പറഞ്ഞു.
ഡ്രൈവര്‍ തരിച്ചു പോയി.
ആ വന്‍മരത്തിന്റെ തണലില്‍ വയസ് 80 കഴിഞ്ഞിരിക്കണം, ഒരു സ്ത്രീ ഇരിപ്പുണ്ട്. തലയില്‍ തട്ടം പോലെ തുണിയിട്ടു മറച്ചിരിക്കുന്നു. പ്രായം പ്രഹരിച്ചതിന്റെ പാട് മുഖത്ത് ചുളിവുകളുണ്ടാക്കിയിരിക്കുന്നു. നല്ല വെളുത്ത തൊലിയില്‍ കരുവാളിപ്പു വീണിരിക്കുന്നു. കീറിപ്പറഞ്ഞ, വിവിധ നിറങ്ങള്‍ തുന്നിച്ചേര്‍ത്ത ശീലക്കുട കുത്തി നിര്‍ത്തിയിരിക്കുന്നു. അതിനു ചുവട്ടിലായി ഒരു തട്ടില്‍ കുറേയധികം വിത്തുകള്‍ നിരത്തി വെച്ചിരിക്കുന്നു. ആമ്പല്‍, റോസാ തുടങ്ങിയ ഏതാനും പൂക്കള്‍ ബക്കറ്റിലെ വെള്ളത്തില്‍ തണ്ടു താഴ്ത്തിയിട്ടിരിക്കുന്നു.

ഞങ്ങളിതൊന്നും കാണുന്നു പോലുമുണ്ടായിരുന്നില്ല. ടീച്ചറല്ലാതെ.
പന്ന്യന്‍, വൈക്കം വിശ്വന്‍ എന്നിവരെല്ലാം എത്തി കാത്തിരിക്കുകയാണെന്ന ഫോണ്‍ വീളികള്‍ കാരണം എനിക്ക് കാറില്‍ ഇരിക്കപ്പൊറുതിയുണ്ടായിരുന്നില്ല. വൈകിയാല്‍ കുരീപ്പുഴയുടെ നീരസം വേറെ സഹിക്കണം.

തന്റെ മണി പേര്‍സില്‍ നിന്നും നൂറുരൂപാ നോട്ടെടുത്തു എനിക്കു നേരെ നീട്ടി ടീച്ചര്‍ പറഞ്ഞു.
രാജാ പോയി ഇതിനുള്ള വിത്തു വാങ്ങിക്കൊണ്ടു വരു.
ഞാന്‍ ചെന്നു.
പുറത്ത് പൂക്കളുടെ ചിത്രം ആലേഖനം ചെയ്തിരിക്കുന്ന ഏതാനും വിത്തു പാക്കറ്റുകള്‍ വാങ്ങിച്ചു തിടുക്കത്തില്‍ വന്നു.
വണ്ടി വിട്ടു.
സംഘടാക സമിതി ചെയര്‍മാന്‍ കൂടിയായ കൃഷ്ണന്‍ കുട്ടിയുടെ സ്വാഗതം പറച്ചില്‍ ആരംഭിച്ചിരിക്കുന്നു. അടുത്തത് ഉല്‍ഘാടന പ്രസംഗം.
ടീച്ചര്‍ എഴുന്നേറ്റു. മൈക്ക് ശരിയാക്കി.
പ്രസംഗ മധ്യേ പലതും പറയുന്നുണ്ടായിരുന്നു. തിരക്കിനടക്ക് എനിക്ക് ഒന്നും ഗ്രഹിക്കാനൊത്തില്ല.
എന്നാല്‍ ഒരു വാക്ക് എന്റെ കാതില്‍ തുഴഞ്ഞു കയറി
‘ആ മാതാവും ഒരു പരിസ്ഥിതി പ്രവര്‍ത്തകയാണ്. ജീവിക്കാന്‍ മാര്‍ഗമില്ലാതായപ്പോള്‍ വില്‍പ്പന തൊഴിലാക്കിയതു മാത്രമല്ല അവര്‍ ചെയ്യുന്നത്. ഭൂമിയെ സംരക്ഷിക്കാന്‍ തന്നാലാവും വിധം പ്രവര്‍ത്തി ചെയ്യുക കൂടിയാണത്. വെറുതെ കവിതയെഴുതിയതും, പ്രസംഗിച്ചതും കൊണ്ടു മാത്രമായില്ല, എല്ലാ വിധ പരിസ്ഥിതി പവര്‍ത്തനങ്ങളും സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ കൂടിയാണ്.

ഈ വയസുകാലത്ത് ജീവിക്കാനായി പൂവിത്തുകള്‍ വിറ്റ് ജീവിതച്ചിലവു കണ്ടെത്തുന്ന ഒരു വയോവൃദ്ധയെ ഞങ്ങള്‍ക്ക് ആ മരത്തിനു ചുവട്ടില്‍ കണ്ടെത്താനായില്ലെങ്കിലും ടീച്ചര്‍ അതു കണ്ടു. മനസ് ആര്‍ദ്ദമായി. കുറേ സമയം കാറില്‍ ഇരുന്ന ഇരുപ്പില്‍ തന്നെ വെറുതെ ഇരുന്നു പോയി. അവര്‍ക്ക് ഒരു നൂറു രൂപാ നല്‍കണമെന്നു തോന്നിയതാകാം എന്നെ ഏല്‍പ്പിച്ചത്.

ഉല്‍ഘാടന പ്രസംഗം കഴിഞ്ഞു. തിരിച്ചു പോകവെ കാറിലിരുന്ന വിത്തു കെട്ട് ഞാന്‍ ടീച്ചര്‍ക്കു നീട്ടി.

‘നീ ഇതു കൊണ്ടു പോയി വീട്ടു മുറ്റത്തും, തൊടിയിലും വിതക്കണം. അയല്‍ക്കാര്‍ക്കും കൊടുക്കണം.’

ഈ സംഭവം കഴിഞ്ഞു ഒരു പതിറ്റാണ്ടു കഴിഞ്ഞുവെങ്കിലും ഇന്നും മഴക്കാലം വന്നാല്‍ മുറ്റത്തെ തൊടിയില്‍ അന്നു വിതറിയ ആ വിത്തു കിളിര്‍ക്കും. വളരും, വലുതാകും, നിറയെ മഞ്ഞപ്പൂക്കള്‍ വിടരും. പിന്നെ വീണ്ടും ഭൂമിയിലേക്കു മടങ്ങും. അടുത്ത മഴക്കാലവും കാത്ത് മണ്ണില്‍ ദീര്‍ഘമായുറങ്ങും. വീണ്ടും ഉയിര്‍ത്തെഴുന്നേല്‍ക്കാനായി.
പൂര്‍വ്വാധികം ശക്തിയോടെ ഉയര്‍ത്തെഴുന്നേല്‍ക്കുവാനായിരിക്കുമോ ഒരു പക്ഷെ ഇന്നലെ ടീച്ചര്‍ മണ്ണിലേക്ക് ലയിച്ചു ചേര്‍ന്നിരിക്കുക?

പ്രതിഭാരാജന്‍

Spread the love

Leave a Reply

Your email address will not be published. Required fields are marked *