CLOSE

വിശ്വാസങ്ങളില്‍ നിന്നും കുതറി മാറി മനുഷ്യന്‍ സ്വതന്ത്രനാകുന്നു

(ലോകത്തിലെ ഏറ്റവും സുന്ദരങ്ങളായ സ്വപ്നതുല്യ രാജ്യങ്ങളായി മാറിയ ഫിന്‍ലാന്റ്, നോര്‍വ്വേ, സ്വീഡന്‍, ഡെന്മാര്‍ക്ക്, ഐസ്ലാന്‍ഡ് തുടങ്ങിയ ദൈവവിശ്വാസങ്ങളുടെ തടവറയില്ലാത്ത രാജ്യങ്ങളെ നമുക്ക് ഓര്‍ത്തു വെക്കാം)

കോവിഡ് വന്നു. നാടു മുടിച്ചിരിക്കുന്നു. അടുപ്പമല്ല, അകലമാണ് പുതിയ മുദ്രാവാക്യം. മനുഷ്യനെ തമ്മില്‍ അകറ്റാന്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്ന മഹാമാരിയാണ് കോവിഡ്.

മനുഷ്യര്‍ ഒത്തു കുടുന്ന ഉല്‍സവങ്ങള്‍ നാടു നീങ്ങി. ആഘോഷങ്ങളെവിടേയുമില്ല. ആള്‍ക്കൂട്ടങ്ങളില്ലാത്ത ആചാരങ്ങള്‍. ക്ഷേത്രങ്ങളും പള്ളികളും പോട്ടെ, ബന്ധുവീടുകളില്‍ വരെ പോകാനാകുന്നില്ല. പല ക്ഷേത്രങ്ങളുടേയും പ്രധാന കവാടം ബാനറുകള്‍ കെട്ടി മറച്ചു വെച്ചിരിക്കുന്നു. വ്യാവസായിക വിപ്ലവങ്ങള്‍ക്കു മാത്രമല്ല, ഏറ്റവും വലിയ ഭക്തി വ്യവസായമായ ക്ഷേത്രങ്ങളിലും പള്ളികളിലും പോലും കാല്‍കാശ് വിളയുന്നില്ല. നൂറ്റാണ്ടുകളായി മനുഷ്യനെ കെട്ടിയിട്ടു ഭരിച്ചിരുന്ന പുരോഹിതരുടെ കൈകളില്‍ നിന്നും ദൈവം കുതറി മാറിയിരിക്കുന്നു. ഭക്തി വ്യവസായത്തിനടക്കം മൂക്കുകയര്‍ വീണിരിക്കുന്നു. മിക്ക ക്ഷേത്രങ്ങളും ദുരിതത്തില്‍. അഷ്ടിക്കു വക ലഭിക്കാതെ അമ്പലവാസികള്‍. വിത്തെടുത്തു കുത്തി ഉണ്ണുന്ന സ്ഥിതിയിലേക്കെത്തി നില്‍ക്കുകയാണ് ക്ഷേത്ര ആശ്രിതര്‍. ഓട്ടുവിളക്കും, ഉരുളിയുമെടുത്ത് തൂക്കിവില്‍ക്കാന്‍ ഒരുക്കം തുടങ്ങുകയാണവര്‍. കോവിഡ് തീരുമ്പോഴേക്കും മിക്ക ക്ഷേത്രാശ്രിതരും ചത്ത പശുവിന്‍ പുറത്തു നിന്നും ഉണ്ണി ഒഴിയും മാതിരി ക്ഷേത്രങ്ങളെ വിട്ടു പോയെന്നിരിക്കും. ഒരു പുഷ്പാഞ്ജലി പോലും നേദിക്കാനാവുന്നില്ല. ഒരു ഫാഷന്‍ കൂടിയായിരുന്ന ക്ഷേത്രദര്‍ശനം പാപകര്‍മ്മമായി മാറിയിരിക്കുന്നു.

നൂറ്റാണ്ടുകളായി ഭക്തര്‍ നേദിച്ച നിലവിളക്കുകളും, ഓട്ടുരുളിയും, കിണ്ണവും കിണ്ടിയുമെടുത്തു തൂക്കിവില്‍ക്കാനൊരുങ്ങുകയാണ് അമ്പലക്കമ്മറ്റിക്കാര്‍. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അതിനുള്ള അനുമതിയും നല്‍ശിക്കഴിഞ്ഞു. നിലവില്‍ ഉപയോഗത്തിലെടുക്കാത്തതും നിലവറയില്‍ കൂട്ടിയിട്ടിരിക്കുന്നതുമായ വിളക്കുകള്‍, പിത്തള്യുചെമ്പു പാത്രങ്ങള്‍ എന്നിവയാണ് കണ്ണ്.

സ്വര്‍ണമുണ്ടെങ്കില്‍ ബാങ്കിലേക്ക് മാറ്റി റിസര്‍വ്വ് ബാങ്കിന്റെ പുതിയ പദ്ധതി പ്രകാരം പലിശ കിട്ടുമെങ്കില്‍ അത്തരത്തില്‍ വിനിയോഗിക്കാനും ആലോചന മുറുകുന്നുണ്ട്.

ഗ്രാമങ്ങളിലെ ആരാധനാലയങ്ങളാണ് ഏറെ കഷ്ടപ്പെടുന്നത്. ചിലവെത്ര ചുരുക്കിയിട്ടും പിടിച്ചു നില്‍ക്കാന്‍ കഴിയാത്ത സാഹചര്യങ്ങള്‍. ആചാരസഥാനികര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ആശ്വാസം നാമമാത്രവുമാണ്. പൂജകളും വഴിപാടും തീരെ വരുന്നില്ല. കൈമടക്കും ദക്ഷിണയുമില്ല. പ്രാര്‍ത്ഥിക്കാനും ആളു വരുന്നില്ല. വെറുതെ കിട്ടിക്കൊണ്ടിരുന്ന ദക്ഷിണയും ക്ഷേത്ര സാവര്‍ണ്യം തങ്ങളുടെ അവകാശമെന്നു വാദിച്ചിരുന്ന പശുദാനം പോകട്ടെ, ദീപത്തിനു ഒരു കുറ്റി എണ്ണ പോലും എത്തുന്നില്ല. കല്യാണമോ മറ്റു വിശേഷ ദിവസങ്ങളിലോ പൂജാരിമാര്‍ക്കും സ്ഥാനികര്‍ക്കും ലഭിച്ചു വരാറുള്ള ദക്ഷിണ വരായ്കയും മുടങ്ങി. അമ്പലസേവ കൊണ്ട് ഇന്ന് അഷ്ടിക്കു വകയില്ലാതായിരിക്കുന്നു.

ഇതിനിടയിലൂടെയാണ് ശബരിമല നട തുറക്കുന്നത്. 250 പേരില്‍ അധികത്തിനു പ്രവേശിക്കാനാവില്ല. കച്ചവടം നഷ്ടമെന്ന് ദേവസ്വം പ്രസിഡണ്ട് വാസു പ്രസ്ഥാവിച്ചു കഴിഞ്ഞിരിക്കുന്നു. നാട്ടിലെ രോഗം കാട്ടിലേക്കു കൂടി പകരേണ്ടതില്ല എന്ന ആധിയിലാണ് സര്‍ക്കാര്‍. മാറിയ കാലത്തില്‍ നിന്നും നമുക്ക് പാഠം പഠിച്ചെടുക്കേണ്ടതുണ്ട്. ദൈവം എന്ന വിശ്വാസത്തെ മാറ്റി നിര്‍ത്തിയും മനുഷ്യന് ജീവിക്കാനാകും. ലോകത്തിലെ ഏറ്റവും സുന്ദരങ്ങളായ സ്വപ്നതുല്യ രാജ്യങ്ങളായി മാറിയ ഫിന്‍ലാന്റ്, നോര്‍വ്വേ, സ്വീഡന്‍, ഡെന്മാര്‍ക്ക്, ഐസ്ലാന്‍ഡ് തുടങ്ങിയ ദൈവവിശ്വാസങ്ങളുടെ തടവറയില്ലാത്ത രാജ്യങ്ങളെ നമുക്ക് ഓര്‍ത്തു വെക്കാം.

പ്രതിഭാരാജന്‍

Spread the love

Leave a Reply

Your email address will not be published. Required fields are marked *