CLOSE

‘ഹത്രസിലെ നൊമ്പരം’ എഴുത്തുകാര്‍ കടമ നിര്‍വ്വഹിക്കുന്നുണ്ടോ?

രാഷ്ട്രത്തെ പുരോഗതിയിലേക്ക് നയിക്കേണ്ടുന്ന ചുമതല രാഷ്ട്രീയത്തിനാണ്. എന്നാല്‍ രാഷ്ട്രീയക്കാരിലടക്കം വന്നു പെടുന്ന തെറ്റുകള്‍ തിരുത്തി മറുവഴി കാണിച്ചു കൊടുക്കാന്‍ കടപ്പെട്ടവരാണ് എഴുത്തുകാര്‍. അവരവരുടെ കടമ നിര്‍വ്വഹിക്കുന്നുണ്ടോ?

എഴുത്തുകള്‍ ഏതുമാകട്ടെ, ഇപ്പോള്‍ പ്രധാനമായും രണ്ടു തരത്തില്‍ മാത്രമായി തരംതിരിക്കപ്പെടുന്നു. പ്രയോഗിക്കുന്ന ആശയം കൊണ്ട് ആരെയെങ്കിലും സുഖിപ്പിക്കാന്‍ സാധിക്കുമെങ്കില്‍ അതിനായി തന്റെ സര്‍ഗാത്മകതയെ തിരിച്ചു വിടുന്ന, അല്ലെങ്കില്‍ എന്തിനോടും എല്ലാറ്റിനോടും സമരസപ്പെടുന്ന വിധത്തിലുള്ളവര്‍ ആദ്യത്തേത്. അത്തരം എഴുത്തുകള്‍ പാരില്‍ മുളച്ചു പൊങ്ങി വരുന്നുണ്ട്. കൂണുപോലെ.

സര്‍വ്വതിനോടും സമരം ചെയ്യുക, അഥവാ അടങ്ങിയിരിക്കാന്‍ കൂട്ടാക്കാത്ത വിധം അവരുടെ സര്‍ഗാത്മകത്വം ഉയര്‍ന്നു പൊങ്ങുമ്പോള്‍ സമുഹത്തിന്റെ തിന്മക്കു വേണ്ടി നിരന്തരമായി പോരാടി സ്വകാര്യ ജീവിതം വരെ മുടിച്ചു കളയുന്ന ഇനത്തില്‍ പെടുന്നവരാണ് അടുത്ത കൂട്ടര്‍. പരിസരങ്ങള്‍ ചീഞ്ഞു നാറുമ്പോള്‍ അടങ്ങിയിരിക്കാന്‍ മനസനുവദിക്കാത്തവര്‍. തങ്ങളുടെ ആത്മവിശ്വാസത്തെ, ഉയര്‍ന്ന ബോധത്തെ എവിടേയും പണയപ്പെടുത്താത്തവര്‍. നിരന്തരമായി കലഹിക്കുന്നവര്‍…. അതിന്റെ പേരില്‍ ജയിലില്‍ പോകുന്നവര്‍… വീരമൃത്യു വരിക്കുന്നവര്‍…..

എല്ലാറ്റിനേയും പുകള്‍ത്തിപ്പറയാന്‍ വെമ്പല്‍ കൊള്ളുന്നവര്‍ ആത്മവിശ്വാസം നഷടപ്പെട്ട് എഴുത്തിന്റെ അസ്ഥിപഞ്ചരം ചുമക്കുന്നവരാണ്. കൈയ്യില്‍ ആയുധമുണ്ട്. പോരാടാന്‍ മനസുമുണ്ട്. ഭരണകൂടത്തിന്റെ സംഘടിത ശക്തിക്കു മുന്നില്‍ വാക്കുകള്‍ തൊണ്ടയില്‍ കുരുങ്ങിപ്പോകുന്നു. തന്റെ സര്‍ഗാത്മകതയെ ഭീതിയുടെ വല്‍മീകത്തിലൊളിപ്പിച്ച് കഴിയുന്ന എഴുത്തുകാര്‍ക്ക് അവരുടെ കൈയ്യിലുള്ള വിലമതിക്കാനാവാത്ത പടവാള്‍ (തൂലിക) ഭാരമാണ്. ആ ഭാരവും താങ്ങി വീര്‍പ്പുമുട്ടി കഴിയുന്ന ഭീരുക്കളായി മാറുകയാണ് മിക്ക എഴുത്തുകാരും. ജീവിച്ചിരിക്കേ മരിച്ചു കൊണ്ടിരിക്കുകയാണ് അവര്‍. കടമ നിര്‍വ്വഹിക്കാന്‍ കഴിയാതെ ഇല്ലാതായിപ്പോകുന്നവര്‍. മനസു ചുട്ടു പൊള്ളുന്നുണ്ടെങ്കിലും ആ പൊള്ളലില്‍ നിന്നും ഇറങ്ങിവരുന്ന പ്രകാശവേഷം ധരിച്ച അക്ഷരക്കൂട്ടങ്ങള്‍ ഭയം കാരണം തിന്മക്കെതിരായി നെഞ്ചു വിരിക്കുന്നില്ല. വാക്കുകള്‍ അടിമകളാകുന്നതോടെ കവിയുടെ പോരാട്ട വീര്യം ചത്തു വീഴുന്നു.

രാജ്യത്തിന്റെ, അവിടെ കഴിയുന്ന പെണ്‍കുട്ടികളുടെ, അവര്‍ നിധിപോലെ കാത്തു സൂക്ഷിക്കുന്ന മാനാഭിമാനങ്ങളിലേക്ക് കഠാര താഴ്ത്തപ്പെടുമ്പോഴും ഇന്ദ്രപ്രസ്ഥത്തില്‍ നഗ്‌നനായി ഇരിക്കുന്ന രാജാവിന്റെ വേഷാദിഭൂഷണങ്ങളെ വാഴ്ത്തിപ്പാടാനാണ് ഇത്തരക്കാര്‍ തിരക്കു കൂട്ടുന്നത്. ഭരണകൂടത്തിന്റെ ദുഷ്ട ശക്തികള്‍ യഥേഷ്ടം വിഹരിക്കുന്നു. നാടിന്റെ മാനം കുത്തിത്തുറന്ന് ആവോളം ഭോഗിച്ച് ഒടുവില്‍ കൊന്ന് കത്തിച്ചു കളയുന്നു. ഇതില്‍ ക്ഷോഭിക്കാത്തവനെ എങ്ങനെ എഴുത്തുകാരനെന്ന് വിശേഷിപ്പാനൊക്കും? സര്‍ഗാത്മക സാഹിത്യം ഇതേവരെയില്ലാത്ത നട്ടദീരിദ്ര്യത്തിലെത്തിച്ചേര്‍ന്നിരിക്കുകയാണ്.

എന്തെ, നമ്മുടെ കവികള്‍ ഉറക്കമുണരുന്നില്ല? അവര്‍ പോരാടാന്‍ ശക്തിയില്ലാതെ കൈയ്യിലെ പടവാളിന്റെ ഭാരം താങ്ങാനാകാതെ വേച്ചു വേച്ചു ഇരുട്ടില്‍ ഒളിച്ചു കഴിയുന്നതെന്തെ? തന്നിലെ സര്‍ഗാത്മകത്വം ഉപേക്ഷിച്ച് സ്തുതി പാഠകരുടെ പട്ടികയില്‍ ഒന്നാമതായെത്താന്‍ തിരക്കു കൂട്ടുന്നതെന്തെ?

ഭയമാണ് കാരണം. ഭരണകൂടത്തെ ഭയന്നു കഴിയുകയാണ് എഴുത്തുകാര്‍. ഭയം പിന്നീട് ഒരു തരം മരവിപ്പായി മാറുന്നു. ഈ മരവിപ്പ് മാറണം. കവികളുടെ ഓജസുണരണം. അവര്‍ക്ക് തന്റെ ആയുധം തലങ്ങും വിലങ്ങും പ്രയോഗിക്കുവാന്‍ കഴിയണം.

ഭരണകൂടം വിരിച്ചു തന്ന പട്ടുമെത്ത കവികള്‍ ഉപേക്ഷിക്കണം. ആനന്ദത്തിന്റെ സോമരസം വൈകാരികതയുടേതാക്കി മാറ്റപ്പെടണം. ( സര്‍ഗാത്മക സാഹിത്യത്തിനു ആനന്ദം എന്നത് അസാധ്യം തന്നെ) രാജ്യത്ത് ദുരിതമനുമഭിക്കുന്നവരുടെ ചോരത്തിളപ്പായി, വിപ്ലവമായി കവി ഹൃദയം പുതുക്കിപ്പണിയേണ്ടിയിരിക്കുന്നു. അതിനായി തന്റെ തുലികയുമായി തെരുവീഥികളിലിറങ്ങാനുള്ള ആഹ്വാനം രാജ്യവ്യാപകമായുണ്ടാകേണ്ടിയിരിക്കുന്നു.

‘അക്ഷരങ്ങള്‍ വിളക്കിച്ചേര്‍ക്കുമ്പോള്‍ അതില്‍ കവിത തുളുമ്പണം. അപ്പോഴാണ് ഉദാത്തമായ രചനകളുണ്ടാവുക’

ഇതു പറഞ്ഞത് ലിയോ ടോള്‍സ്റ്റോയ്യാണ്. വി.അബ്ദുല്‍സലാം രചിച്ച് യൂട്യൂബിലൂടെ പ്രചരിക്കുന്ന ‘ഹത്രസിലെ നൊമ്പരം’ എന്ന പാട്ട് ചൊല്ലിക്കേട്ടപ്പോള്‍ തോന്നിയ ചില വികാരങ്ങളാണ് മേലെ കുറിച്ചിട്ടത്. രാജ്യം നേരിട്ടു കൊണ്ടിരിക്കുന്ന തിക്തമായ അനുഭവങ്ങളെ ഇവിടെ കവി ഭയക്കുന്നില്ല. ഭയത്തിന്റെ വല്‍മീകത്തില്‍ ഒളിച്ചിരിക്കുന്നില്ല. അക്ഷരക്കൂട്ടങ്ങളെ പടവാളുമായി തിന്മക്കെതിരെ പൊരുതാന്‍ തനിക്കാവുന്ന വിധം ശ്രമിക്കുകയാണ് പാട്ടുകാരന്‍. അതിനായി തെരുവിലിറങ്ങുകയാണ്, സാധാരണക്കാരനെ അതിനാഹ്വാനം ചെയ്യുകയാണ് ഹസ്രത്തിന്റെ നൊമ്പരങ്ങള്‍.

കവിക്കു പറയാനുള്ളത് ഇത്രമാത്രമായിരിക്കില്ലെന്ന് നല്ല ബോധ്യമുണ്ട്. ഉള്ളു വിങ്ങിപ്പൊട്ടിയപ്പോള്‍ ഒലിച്ചിറങ്ങിയ അക്ഷരക്കൂട്ടങ്ങള്‍ ശാന്തമാണെങ്കിലും അതില്‍ വിങ്ങലുകള്‍ കാണാം.

മഹാനായ നെരൂദയുടെ ഒരു കാവ്യ ശകലം കുറിച്ചിട്ടു കൊണ്ട് അവസാനിപ്പിക്കാം. ‘നിങ്ങളുടെ കവിത എന്തുകൊണ്ട് തളിരുകളെ പിച്ചിചീന്തുന്നതിനെതിരെ, സ്വപ്നങ്ങളെ തടവിലാക്കുന്നതിനെതിരെ വാളോങ്ങുന്നില്ല?

വരൂ….നമുക്ക് ഒരുമിച്ച് ഈ തെരുവുകളില്‍ ഒലിച്ചിറങ്ങുന്ന മാനാഭിമാനത്തിന്റെ ചോരച്ചാലുകളിലൂടെ നീന്തിക്കയറാം.
വരു, വരു, ….

പ്രതിഭാരാജന്‍

Spread the love

Leave a Reply

Your email address will not be published. Required fields are marked *