CLOSE

ഡോക്ടറോടും നേര്‍സുമാരോടും തട്ടിക്കയറുന്നവര്‍ക്കായി ഒരു കുറിപ്പ്

ഈ കുറിപ്പുകാരന് കടുത്ത പനി. ജലദോഷവും ചുമയുമുണ്ട്. വര്‍ഷത്തില്‍ ഒരിക്കല്‍ ഇത് സാധാരണമാണ്. ഒരു പാരാസററമോള്‍ ഗുളിക കഴിച്ചാല്‍ മാറുന്നതേയുള്ളു.

ഇത്തവണ കുറയുന്നില്ല. മാത്രമല്ല, കൂട്ടത്തില്‍ കടുത്ത ഛര്‍ദ്ദിലും, ചുമയും. തല പൊക്കാനാകുന്നില്ല.

ഡോക്റ്ററുടെ അരികിലേക്ക് ചെന്നു.

ചെറുപ്പക്കാരിയാണ് ഡോക്റ്റര്‍.
കാര്യങ്ങള്‍ വിശദമായി പറയാന്‍ ചുമ അനുവദിക്കുന്നില്ല. വിക്കിവിക്കി കാര്യങ്ങള്‍ പറഞ്ഞവസാനിക്കുന്നതിനിടയില്‍ ഓക്കാനം വന്നു.

വലിയ ശബ്ദത്തോടുകൂടി ഛര്‍ദ്ദിച്ചു.

ഡോക്റ്റര്‍ പുറം തടവിത്തന്നു.

ഡോക്റ്ററെ കാണുന്നതിനു തൊട്ടു മുമ്പ് കാന്റീനില്‍ നിന്നും കഴിച്ച് ദഹിക്കാതെ വന്ന ബന്നും, പരിപ്പുവടയും പുറത്തേക്കു ചാടി. ഡോക്റ്ററുടെ ബംഗാള്‍ കോട്ടന്‍ സാരി മൊത്തമായി നനഞ്ഞു. അസഹനീയമായ, പുളിച്ച മണം.
കൂടെ സഹായത്തിനു വന്ന ഭാര്യ മൂക്കു പൊത്തിപ്പിടിച്ച് പുറത്തേക്കോടി.

ഡോക്റ്ററുടെ സാരി മുഴുവനും അഴുക്കാക്കിയിട്ടും അവരുടെ മുഖത്ത് ദേഷ്യം വന്നില്ല. നിറഞ്ഞ പുഞ്ചിരി മാത്രം.

”ഇന്നു എത്രതവണ ഛര്‍ദ്ദിച്ചു?”എന്നു തിരക്കി. കുഴലു വച്ചു പരിശോധിച്ചു. മരുന്നു കുറിച്ചു തന്നിട്ടു മുറിവിട്ടു പുറത്തു പോയി.

കുളിച്ചു വേഷം മാറാനായിരിക്കണം.

ഇതു ഈ കോവിഡു കാലത്തെ സംഭവമാണെങ്കില്‍ സമാനമായ മറ്റൊരു സംഭവം മുമ്പും ഉണ്ടായിട്ടുണ്ട്.

വയറ്റില്‍ നിന്നും പോകുന്നില്ല.
ഒരാഴ്ച്ചയായി.
നാടന്‍ വൈദ്യം പതിനെട്ടും പയറ്റി നോക്കി.
പുകയിലയുടെ തണ്ടു വരെ വച്ചു. ഒരു രക്ഷയുമില്ല.

നേരെ ആശുപത്രിയിലേക്ക് ചെന്നു. ഒരാഴ്ച്ച കിടക്കാനുള്ള ഉദ്ദേശത്തോടെയായിരുന്നു പോക്ക്.

കാഷ്വാലിറ്റിയിലെ ഡോക്റ്ററോട് ആരോ കയര്‍ക്കുന്നു.
അയാളുടെ കണ്ണുകളില്‍ കുഴിവീണ് ഇരുട്ടു പരന്നിട്ടുണ്ട്. രോഗംമൂര്‍ച്ഛിച്ചതിനാല്‍ നെറ്റി ചുളിഞ്ഞിരിക്കുന്നു. ദേഷ്യം കൊണ്ട് തിളച്ചു മറിയുന്നു.

ഡോക്റ്ററാണു പോലും. ഡോക്റ്റര്‍.

കഴിയില്ലെങ്കില്‍ ഈ പണി നിര്‍ത്തിയിട്ട് ചെരുപ്പു കുത്താന്‍ പോയ്ക്കൂടെ? അയാളുടെ ശബ്ദം പൂര്‍വ്വാധികം ഉച്ഛത്തിലാകുന്നു.

ഡോക്റ്റര്‍ക്ക് ഒരു ഭാവമാറ്റവുമില്ല. മുഖത്ത് ഇളം പുഞ്ചിരി മാത്രം.
ഞാന്‍ ഇടക്കു കേറിച്ചെന്ന് വന്ന കാര്യം പറഞ്ഞു.
വയറ്റില്‍ നിന്നു പോകുന്നില്ല, ഒരാഴ്ച്ചയായി.

അദ്ദേഹം എന്നെ പച്ചത്തുണിയിട്ടു മറച്ച ഒരു മറയിലേക്ക് കൊണ്ടു പോയി. പാന്റും ഷഡ്ഡിയും അഴിച്ചു മാറ്റാന്‍ പറഞ്ഞു. പിന്നില്‍ എന്റെ നിതംബംത്തിലൂടെ ഒരു കുഴല്‍ കുത്തിക്കയറ്റിയതോര്‍മ്മയുണ്ട്. കമ്പിത്തിരിപോലെ മലം പുറത്തേക്ക് തെറിച്ചു വീണു. അസഹ്യമായ നാറ്റം. ഡോക്റ്ററും നേര്‍സായ മറ്റൊരു പെങ്കൊച്ചും അടുത്തു തന്നെയുണ്ട്. ഭാര്യ മറ വിട്ടു പുറത്തേക്കോടി.

എല്ലാം കഴിഞ്ഞപ്പോള്‍ ഞാന്‍ ക്യാബിനിലേക്ക് തിരിച്ചു ചെന്നു.

നേരത്തെ വഴക്കിട്ട രോഗിയുണ്ട് അവിടിരിക്കുന്നു. അയാളുടെ മുഖത്ത് ആശ്വാസം. കണ്ണിലെ ഇരുട്ടു മാറിയിരിക്കുന്നു. മുഖത്തു വീണ ചുഴികളില്‍ പ്രകാശം വന്നു നിറഞ്ഞിരിക്കുന്നു.
ഡോക്റ്റര്‍ അയാളുടെ മുഖത്തേക്കു നോക്കി ചോദിച്ചു.
ഇപ്പോള്‍ എങ്ങനെയുണ്ട്?
ഡോക്റ്ററുടെ മുഖത്ത് നിന്നും പുഞ്ചിരി മായുന്നില്ല.

രോഗി നാണിച്ചു തല താഴ്ത്തിപ്പിടിച്ചിരിക്കുന്നു.

അയാള്‍ക്ക് ആ തെമ്മാടിയോട് ഒന്നു കയര്‍ക്കുകയെങ്കിലും ആകാമായിരുന്നു.
എനിക്ക് അങ്ങനെ തോന്നിപ്പോയി.

ഇത് കോവിഡ് കാലം. രാപ്പകലില്ലാതെ വൈദ്യരംഗത്ത് ഇടപെടുന്നുണ്ട് നമ്മുടെ ഡോക്റ്റര്‍മാരും നേര്‍സുമാരും. അവരോട് കാര്യമില്ലാതെ കയര്‍ക്കുകയും വഴിയില്‍ തടയുകയും ചെയ്യുന്നവര്‍ക്കു വായിക്കുവാനാണ് ഇവിടെ ഈ അനുഭവക്കുറിപ്പ് ചേര്‍ക്കുന്നത്.

പ്രതിഭാരാജന്‍

Spread the love

Leave a Reply

Your email address will not be published. Required fields are marked *