CLOSE

പനച്ചൂരാനെ ഓര്‍ത്തെടുക്കുമ്പോള്‍…..

അനില്‍ പനച്ചൂരാനെ അനുസ്മരിക്കാതെ വയ്യ. കേരളം കണ്ട വിപ്ലവ കവി.

‘ചോരവീണ മണ്ണില്‍ നിന്നും
ഉയര്‍ന്നു വന്ന പൂമരം’

എന്ന ഈരടി മാത്രം മതി അതു സാധുകരിക്കാന്‍.
തൊഴിലാളി വര്‍ഗത്തിന്റെ ഭരണഘടനയായ മാര്‍ക്‌സിയന്‍ സങ്കല്‍പ്പങ്ങളിലെ വിപ്ലവാഭാസങ്ങളെ കണക്കിനു കളിയാക്കുന്ന അറബിക്കഥ എന്ന സിനിമക്ക് ഇത്രയും പ്രചാരം കിട്ടിയത് ആ പാട്ടുകൂടി ഉള്‍ച്ചേര്‍ന്നതു കൊണ്ടാണെന്നു നടന്‍ ശ്രീനിവാസന്‍ പറഞ്ഞിട്ടുണ്ട്.

വാക്കിലും നോക്കിലും വിപ്ലവം കാത്തു സൂക്ഷിച്ചിരുന്നുവെങ്കിലും തികഞ്ഞ ഭീരുവായിരുന്നു ആ വിപ്ലവ കവി.
വിപ്ലവത്തിന്റെ മണ്ണില്‍ കരുപ്പിടിപ്പിച്ച എഴുത്തിലല്ല ഭീരുത്വം, ആയുധമേന്തുന്നതിലാണ്. ഞാന്‍ കമ്മ്യൂണിസ്റ്റാണെങ്കിലും, വിദ്യാര്‍ത്ഥി ജീവിതം മുഴുവന്‍ എസ്.എഫ്.ഐക്കു വേണ്ടി ചിലവഴിച്ചതാണെങ്കിലും, അച്ഛന്‍ ഏത്ര ആഗ്രഹിച്ചിട്ടും ആദ്യമൊക്കെ ബി.കോം പാസാകാന്‍ കഴിയാതെ വന്നതടക്കം കാരണം വിപ്ലവാത്മക രാഷ്ട്രീയ ബോധം തന്നെയാണെന്ന് പറഞ്ഞ പനച്ചൂരാന്‍ മറ്റൊന്നു കൂടി പറഞ്ഞു.

‘ഞാന്‍ ചെങ്കൊടിയേന്താറില്ല.
പതാകയില്‍ ഒരു വടിയുണ്ടാകും’ എന്നതാണ് അതിനു കാരണം. എന്നാല്‍ തന്റെ കവിതകളിലുടനീളം വിപ്ലവബോധത്തിന്റെ മുന്നേറ്റത്തിനായി പനച്ചൂരാന്‍ ശ്രമിച്ചു കൊണ്ടേയിരുന്നു.

കൂട്ടത്തില്‍ കോഴിയിറച്ചിയില്ലെങ്കില്‍ ഊണു സുഖകരമാകില്ല വള്ളത്തോളിന്. ഇങ്ങനെ പ്രസംഗിച്ചത് സാഹിത്യ നിരൂപകന്‍ കൃഷ്ണന്‍ നായരാണ്. കോഴിയെ കഴുത്തു ഞെരിച്ചു കൊല്ലുന്നവര്‍ ഭീമഘാതകനെന്ന് അദ്ദേഹം കവിതയെഴുതിയിട്ടുണ്ട്. കോഴിക്കറി ആസ്വദിച്ചു കഴിക്കുന്ന കവികള്‍ തന്നെ അതിനെ കൊല്ലുന്നതിനെ അപലപിച്ചു കവിതയെഴുതുന്നു. ചന്ദ്രഹാസമിളക്കുന്നു. എഴുത്തും പ്രസംഗവും മറ്റു കഴിഞ്ഞ് ക്ഷീണിച്ചു തീന്‍ മേശയ്ക്കരികിലെത്തിയാല്‍ കോഴിയുടെ പൊരിച്ച ഹൃദയം തന്നെ തെരെഞ്ഞെടുത്തു കഴിക്കുന്നു.

ഇണക്കുരുവിയുടെ തീരാദുഖം കണ്ണീരില്‍ ചാലിച്ച് പുസ്തകത്തില്‍ പകര്‍ത്തിയ കവി രാത്രീയില്‍ വീ്ട്ടിലെത്തിയപ്പോള്‍ ഭാര്യാകാമുകനെ കിടപ്പുമുറിയില്‍ കണ്ടപ്പോള്‍ കുത്തിക്കൊന്ന് ആറ്റില്‍ തള്ളിയിട്ടുണ്ട്.
ഇവിടെയാണ് കവിതയും അതെഴുതുന്ന പച്ച മനുഷ്യനും തമ്മിലുള്ള വികാര വിചാരങ്ങളുടെ വ്യതാസം.

കവി അയ്യപ്പനെ ഇവിടെ ഓര്‍മ്മ വരുന്നു. പരിചയമുള്ളവര്‍ ആരുമാട്ടെ, എല്‍.ഐ.സിക്കാരെപ്പോലെയാണ് അയ്യപ്പേട്ടന്‍. പുറപ്പെടുന്നതിനു മുമ്പേ ആളറിയും. വന്നു ചേരുന്ന വണ്ടിയും അതിന്റെ സമയവുമറിയും. റെയില്‍വ്വേ സ്റ്റേഷനില്‍ കാത്തു നില്‍ക്കും. മുമ്പിലത്തെ പോക്കറ്റില്‍ കാശു വല്ലുതുമുണ്ടെങ്കില്‍ അതെടുത്തോണ്ടു പോകും. പോക്കറ്റില്‍ കൈതിരുകി പേര്‍സ് തപ്പാനും മടിക്കില്ല.

ഒരിക്കല്‍ കവിയുടെ അടുത്തു നില്‍ക്കാന്‍ പോലും വയ്യാത്ത വിതം നാറ്റം.
പിന്നീടാണറിഞ്ഞത്. കുടിച്ചു ബോധമില്ലാതെ തമ്പാനൂര്‍ റെയില്‍വ്വേ സ്റ്റേഷനരികിലെ ഓവുചാലില്‍ ബോധമില്ലാതെ കിടക്കുകയായിരുന്നത്രെ, ഒരു രാത്രി മുഴുവന്‍. സിനിമ വിട്ടു പോകുന്നവര്‍ ഇരുട്ടിന്റെ മറവില്‍ മൂത്രമൊഴിച്ചു. ലഹരിയുടെ പക്ഷി അകത്തുള്ളതു കാരണം കവിയത് അറിഞ്ഞതേയില്ല. ഒടുവില്‍ പക്ഷി കൂടു വിട്ടു പോയപ്പോള്‍, ബോധം തെളിഞ്ഞപ്പോള്‍ എഴുന്നേറ്റു നടന്നത് തമ്പാനൂര്‍ റെയില്‍വ്വേ സ്റ്റേഷനിലേക്ക്.

ഇതൊക്കെയാണെങ്കിലും കവി എഴുതിയ കവിതാ പുസ്തകത്തിലെ ഏതു പേജ് തുറന്നു നോക്കിയാലും കാണാം അവിടെ ജീവിതത്തിന്റെ, സൗന്ദര്യത്തിന്റെ സുഗന്ധം.

എഴുത്തുകാരന്‍ ജീവിക്കുന്നതെങ്ങനെയെന്ന് വായനക്കാര്‍ തിരക്കേണ്ട കാര്യമല്ല. എഴുതിയത് എന്താണെന്ന്, അതില്‍ ഉദാത്തതയുണ്ടോ എന്നു നോക്കിയാല്‍ മതി. എന്നാല്‍ രാഷ്ട്രീയക്കാരനേക്കുറിച്ചുള്ള നിരീക്ഷണം അങ്ങനെയാവരുത്. അതിലേക്ക് മറ്റൊരിക്കല്‍ വരാം.

ബേനേഡിറ്റോ ക്രോച്ചേ എന്ന ഇറ്റാലിയന്‍ തത്ത്വചിന്തകന്‍ പറഞ്ഞതു പോലെ കോഴിയിറച്ചിയില്ലാതെ ഊണുകഴിക്കാത്ത കവിക്കു കോഴിയെ കൊല്ലുന്നതു പാപമാണെന്ന ബോധം മാത്രമുണ്ടായിരുന്നാല്‍ മതി. ഭാര്യയുടെ കാമുകനെ കഴുത്തു ഞെരിച്ചു ശ്വാസം മുട്ടിച്ചു കൊല്ലുന്ന കവിക്ക് നരഹത്യ പാപമാണെന്ന ബോധമുണ്ടായിരുന്നാല്‍ മതി. വീരധര്‍മ്മം തന്മയത്വത്തോടെ കഥിക്കുന്ന കാവ്യങ്ങള്‍ രചിക്കുന്ന കവികള്‍ ചിലപ്പോള്‍ ജീവിതത്തില്‍ ഭീരുവായിരുന്നിരിക്കാം. പക്ഷേ, എന്താണ് ധൈര്യം അതെങ്ങനെ ആര്‍ജ്ജിക്കണമെന്ന് അനുഭവമുണ്ടായാല്‍ മതി. എല്ലാ അറിവുകളും തങ്ങളുടെ സഹജീവിക്കള്‍ക്കായി പങ്കുവെക്കാന്‍ ചുമതലപ്പെട്ട കവിക്ക് ഒരു പക്ഷെ അത് തന്റെ ജീവിതത്തില്‍ പകര്‍ത്താന്‍ സാധിച്ചെന്നു വരില്ല.

എന്നാല്‍ എഴുതുന്നവര്‍ എഴുത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന ധര്‍മ്മം പാലിച്ചിരിക്കണമെന്ന് നിര്‍ബന്ധിക്കുന്ന വായനക്കാരോടാണ് വിപ്ലവകവിയായ പനച്ചൂരാന്‍ ഞാന്‍ പതാകയേന്താതിരിക്കുന്നത് അതില്‍് ഒരു വടിയുള്ളതു കൊണ്ട് മാത്രമാണെന്ന് പറയുന്നത്.

ഒരു പക്ഷെ അറുത്ത കൈക്ക് ഉപ്പുവയ്ക്കാത്തവനായിരിക്കും എന്നാല്‍ സര്‍ഗഭാവനകള്‍ ഉദാത്തമാകുമ്പോള്‍ എഴുത്തിലൂടെ അവര്‍ ഭിക്ഷയെയും, ദാനത്തേയും കുറിച്ച് പാടിപ്പുകള്‍ത്തിയെന്നിരിക്കും.
സ്ത്രീകളുടെ നിതംബവും, പനങ്കുലപോലുള്ള മുടിയും,മാറിടവും ആവോളം വര്‍ണ്ണിക്കുന്ന കവി തന്നെ സൗന്ദര്യം ശാപമായും ചിത്രീകരിക്കുന്നത് കാണാം. ആശാന്റെ വാസവദത്ത അതീവ സുന്ദരിയായിരുന്നുവല്ലോ.

ക്രോച്ചേ പറയുന്നു: കവി ആരാണ് ,എങ്ങനെ അയാള്‍ ജീവിക്കുന്നു എന്നതിന്റെ ആവിഷ്‌കാരമല്ല കാവ്യം. കവി ആരുമായിക്കൊള്ളട്ടെ, കവി നല്ല വസ്ത്രം ധരിക്കുന്നവനോ, തെമ്മാടിയായോ കുടിയനോ, പെണ്‍കോന്തോനോ, മുച്ചീട്ടു കളിക്കാരനോ, ആരും ആയിക്കൊള്ളട്ടെ, അവനിലൂടെ വരുന്ന എഴുത്തു സമൂഹത്തില്‍ വിതച്ചത് കളയാണോ പതിരാണോ എന്നതാണ് വിലയിരുത്തപ്പെടേണ്ടത്.

അങ്ങനെയുള്ള വിലയിരുത്തലുകള്‍ക്ക് നൂറു മാര്‍ക്ക് ലഭിച്ച വിപ്ലവ കവിയാണ് അനില്‍ പനച്ചൂരാന്‍.

വിപ്ലവ കവികള്‍ എല്ലായ്‌പ്പോഴും തറയില്‍ ദേശാഭിമാനി വിരിച്ച്, പാര്‍ട്ടി ഓഫീസിലെ ബെഞ്ചില്‍, അതുമല്ലെങ്കില്‍ രണ്ടു മുറികളും ഒറ്റ വാതിലുമുള്ള വീടുകളില്‍ കഴിയുന്നവരായിരിക്കണമെന്ന വിചാരത്തില്‍ നിന്നും ആസ്വാദകര്‍ മാറണം. വിപ്ലവ കവികള്‍, രാഷ്ട്രീയക്കാര്‍, ജനനായകര്‍, ഭരണകൂട വാഹകര്‍ തു
ങ്ങിയവര്‍ വലിയ സൗധങ്ങളില്‍, മണിമാളികകളിലും വസിക്കാം. വിമാനത്തില്‍, ഔഡികാറില്‍ കറങ്ങാം. പാടില്ലെന്ന് ശഢിക്കുന്നവരുടെ മനസു മാറണം. സാധാരണക്കാര്‍ക്ക് സ്വപ്നം പോലും കാണാന്‍ വയ്യാത്ത വിലകൂടിയ ഭക്ഷണസാധനങ്ങള്‍ അവര്‍ക്കും കഴിക്കാന്‍ ഇടവരണം. ഭുമിയില്‍ നിലനില്‍ക്കുന്ന എല്ലാ വിധ ദൗര്‍ബല്യങ്ങളും കവികളിലും കാണും. ദൗര്‍ബല്യങ്ങളെ സ്വീകരിച്ചും, ലഹരിയുടെ പക്ഷിയെ പ്രണയിച്ചും, സ്ത്രീകള്‍ നല്‍കുന്ന ആനന്ദം അനുഭവിച്ചും അവയില്‍ നിന്നും നീറ്റിയെടുക്കുന്ന ജീവിതത്തിന്റെ നവരസങ്ങളാണ് തങ്ങളുടെ എഴുത്തിലൂടെ അവര്‍ സമൂഹത്തിനു നല്‍കുന്നത്. ദൗര്‍ബല്യങ്ങളെ കൂടെ കൊണ്ടു നടക്കാന്‍ എഴുത്തുകാരനെ അനുവദിക്കണം.
രാഷ്ട്രീയക്കാരെ ഗുണദോഷിക്കാനുള്ള ചുമതലയുള്ള കവികള്‍ക്ക് ദുര്‍ബലതകള്‍ ഭുഷണമാണെങ്കിലും രാഷ്ട്രീയക്കാരന് ഇതു പാടില്ല. കാരണം രാഷ്ട്ര നിര്‍മ്മിതിയില്‍ ഏര്‍പ്പെടുന്നവന്റെ കുപ്പായത്തില്‍ ഒരു തരിമണ്ണു വീണു പോലും പങ്കിലമാവരുത്.
എന്നാല്‍ നിര്‍ഭാഗ്യവശാല്‍ സംഭവിക്കുന്നത് നേരെ മറിച്ചാണ്.

തന്റെ കൈയ്യിലുള്ള പേനാകൊണ്ട് സമൂഹത്തെ തലോടാനും, ഹൃദയത്തില്‍ കുത്തി മുറിവേല്‍പ്പിക്കാനും, സ്‌നേഹിക്കാനും, വെറുക്കാനും പഠിപ്പിക്കാന്‍ കഴിയുന്നവരാണ് എഴുത്തുകാര്‍.

ഇവിടെ പ്രതിപാദിച്ചവയെല്ലാം ചേരുമ്പടി ചേരുമ്പോഴാണ് ഒരാള്‍ എഴുത്തുകാരനാകുന്നത്. പനച്ചൂരന്മാര്‍ പിറവി കൊള്ളുന്നത്.

-പ്രതിഭാരാജന്‍

Spread the love

Leave a Reply

Your email address will not be published. Required fields are marked *