CLOSE

ഗൗരിയമ്മയുടെ വിയോഗം തൊഴിലാളി വര്‍ഗ രാഷ്ട്രീയത്തെ ഓര്‍മ്മിപ്പിക്കുന്നത്.

എഴുത്തുപുര…

ഗൗരിയമ്മ അരങ്ങൊഴിഞ്ഞു. ഒരു നൂറ്റാണ്ടിന്റെ ജീവിതം ചരിത്രത്തിലേക്ക് വഴിമാറ്റപ്പെടുകയാണ്. ഇനി ഗൗരിയമ്മ ഓര്‍മ്മ. പാവപ്പെട്ടവന്റേയും തൊഴിലെടുക്കുന്നവന്റെയും ജീവിതത്തില്‍ പച്ചപ്പു കാണാന്‍ താന്‍ വിശ്വസിച്ച ചുവപ്പന്‍ ആശയങ്ങള്‍ക്ക് വഴികാട്ടിയാവുകയായാണ് ആ ചരിത്രമാതാവ് വിടവാങ്ങുന്നത്.

ഇന്ത്യന്‍ കമ്മ്യണിസത്തിന്റെ പിറവി മുതല്‍ തന്റെ മരണം വരെ പ്രസ്ഥാനത്തോടൊപ്പം നടന്നു. 1957-ല്‍ ഐക്യ കേരള സംസ്ഥാനമുണ്ടായപ്പോള്‍ മുതല്‍ പാവങ്ങള്‍ക്കും കര്‍ഷകര്‍ക്കും വേണ്ടിയായി ജീവിതം. സ്വ കുടുംബ ജീവിതം വരെ മാറ്റിവെക്കപ്പെടുകയായിരുന്നു. തൊഴിലാളി വര്‍ഗ സര്‍വ്വാധിപത്യം എന്ന കമ്മ്യൂണിസ്റ്റ് ആശയം മത്തു പിടിപ്പിച്ച യുവതിയായായിരുന്നു കെ.ആര്‍.ഗൗരി. ഇതു തിരിച്ചറിഞ്ഞ ജനം അവരെ മന്ത്രിപദത്തിലെത്തിച്ചു. ഒരിക്കലല്ല, പലതവണ. ആദ്യം മന്ത്രിയാവുമ്പോള്‍ വയസ് 37.

1953-ലും 1954-ലും നടന്ന തിരുവിതാംകൂര്‍, തിരു-കൊച്ചി നിയമസഭാ തെരഞ്ഞെടുപ്പുകളിലും തൊഴിലാളി വര്‍ഗത്തിന്റെ പ്രതിനിധിയായി അവരെത്തി. 1964-ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രണ്ടായി പിളരുന്നതു വരെ മാത്രമെ ദാമ്പത്യ ജീവിതം നിലനിന്നുള്ളു. മക്കളുണ്ടായില്ല. ഭരത്താവ് തോമസ് സി.പി.ഐയിലേക്ക് ചേക്കേറിയോതെടെ ഗൗരിയമ്മ ഭര്‍ത്താവിനെ ഒഴിവാക്കുകയായിരുന്നു. ജീവിതത്തില്‍ നിന്ന് . അത്രക്കുമേല്‍ പാര്‍ട്ടിയെ സ്നേഹിച്ചിരുന്നു ആ വിപ്ലവാകരി. ഒടുവില്‍ പാര്‍ട്ടി വിട്ട് ഐക്യജനാധിപത്യമുന്നണിയോടൊപ്പം ചേര്‍ന്നതിനു ശേഷവും അവര്‍ വിപ്ലവ പ്രസ്ഥാനത്തിന്റെ ആരാധ്യയായി കേരളത്തില്‍ നിറഞ്ഞു നിന്നു.

ഗൗരിയമ്മയുടെ തൊഴിിലാളി വര്‍ഗ ആശയം 57നു ശേഷമുള്ള കേരളത്തെ എങ്ങനെയാണ് മാറ്റിമറിച്ചതെന്ന് നോക്കാം.

ജനാധിപത്യ കേരളം രൂപപ്പെട്ട് ഇ.എം.എസ് മന്ത്രിസഭ അധികാരത്തിലെത്തിയതിനു ശേഷം നടന്ന കണക്കെടുപ്പ് വെച്ചു നോക്കിയാല്‍ ബഹുഭുരിപക്ഷം ജനങ്ങളും കുടികിടപ്പുകാരോ, സ്വന്തമായി ഭുമിയില്ലാത്തവരോ പാവങ്ങളോ, ആയി ചാതുര്‍വര്ണ്യാദിഷ്ടിതമായ ജീവിതം നോക്കിപ്പോന്നിരുന്നവര്‍ ആയിരുന്നു. ഭാരം, പാട്ടം നല്‍കി മിച്ചം വരുന്നതിന്റെ പങ്കുപറ്റി അദ്ധ്വാനിച്ചു ജീവിച്ചു പോന്നിരുന്ന കൃഷിക്കാരായിരുന്നു കേരളത്തില്‍. ഭുരിഭാഗം ഭുമിയും ജന്മിമാരുടെ കൈയ്യിലായിരുന്നു. മരുമക്കത്തായത്തിന്റെ തിരിച്ചു പോക്കിന്റെ സമയം കൂടിയായിരുന്നു അത് അന്നത്തെ കേരളത്തില്‍ ഭൂവുടമകള്‍ കേവലം 28 ലക്ഷം പേര്‍ മാത്രമായിരുന്നുവെന്ന് ഇ.എം.എസിന്റെ സര്‍ക്കാര്‍ സംഘടിപ്പിച്ച കണക്കില്‍ വിവരിക്കുന്നുണ്ട്. അത്തരം സാഹചര്യം നിലനില്‍ക്കുന്നതിനിടയിലാണ് ആദ്യ കേരള മന്ത്രസഭയെ എ.കെ.ആന്റണിയുടെ നേൃത്വത്തിലുള്ള വിമോചന സമരം മറിച്ചിടുന്നത്.

1957ലെ ഇ.എം.എസ് സര്‍ക്കാരില്‍ തുടങ്ങി നിരവധി കോളിളക്കങ്ങള്‍ക്കൊടുവില്‍ 1970ലാണ് ഭൂപരിഷ്‌കരണനിയമം പ്രാബല്യത്തിലാവുന്നത്. അതുവരെയുള്ളത് ജന്മിമാരുടെ കാലമായിരുന്നു. 70കളില്‍ ബില്ലു പാസായെങ്കിലും നിയമമാവാന്‍ പിന്നെയും കാത്തിരിക്കേണ്ടി വന്നു. ഇടക്കിടെ വന്ന രാഷ്ട്രീയ വ്യതിയാനം, ഭരണ കൂട നിര്‍മ്മിതിയില്‍ യു.ഡി.എഫിന്റെ ആധിപത്യം ജന്മിവര്‍ഗത്തിന്റെ കൈവശമുള്ള സമ്പത്ത് ഇതൊക്കെയായിരുന്നു ഭുപരിക്ഷരണ നിയമത്തിനു തടയായി ഭവിച്ചിരുന്നത്. ആദ്യത്തെ ഇ.എം.എസ് മന്ത്രിസഭ അധികാരത്തിലെത്തുമ്പോള്‍ 28 ലക്ഷം ഭുമി മുതലാളിമാരുണ്ടായ കേരളത്തില്‍ നിയമം പാസായിട്ടും, 1977ലെ കണക്കെടുപ്പില്‍ ഭുവുടമകളുടെ എണ്ണം 42 ലക്ഷമായി വര്‍ദ്ധിച്ചു. 1957 നുശേഷം മാറി മാറി വന്ന സര്‍ക്കാരുകള്‍ ഭുപരിഷ്‌ക്കരണ ണ നിയമത്തെ വിരിഞ്ഞു മുറുക്കുകയായിരുന്നു.

ഇതിനിടയിലൂടെയാണ് 1967-ല്‍ രണ്ടാം ഇ.എം.എസ് സര്‍ക്കാര്‍ കടന്നു വരുന്നത്. ഈ സര്‍ക്കാരിന് നിയമം നിയമസഭയില്‍ പാസാക്കിയെടുക്കാന്‍ കഴിഞ്ഞു. പലഭാഗത്തു നിന്നും ആടിച്ചുയര്‍ന്ന കൊടുങ്കാറ്റിനെയെല്ലാം തടഞ്ഞു നിര്‍ത്തി ബില്ല് നിയമാകുവാന്‍ കേരള ജനത 1970ലെ കേരളപ്പിറവി ദിനം വരെ കാത്തിരിക്കേണ്ടി വന്നുവെന്ന് സാരം. അന്ന് അതിനു ചുക്കാന്‍ പിടിച്ചത് ഐക്യജനാധിപത്യമുന്നണി സര്‍ക്കാരിന്റെ തലപ്പുത്തുള്ള സി. അച്യുതമേനോനാണെന്നതും ഇന്ന് ചരിത്രം. എകെ.ജിയുടെ നിരന്തര സമരം മൂലം ഗത്യന്തരമില്ലാതെ യു.ഡി.എഫിന് നിയമം പാസാ്ക്കാതെ വേറെ വഴിയില്ലായിരുന്നുവെന്നും, സി.അച്ഛുത മേനോന്‍ നിര്‍ബന്ധിതനായതാണെന്നും സി.പി.എം. വാദിക്കുന്നു.

ഏതായാലും ഗൗരിയമ്മ മനസില്‍ സൂക്ഷിച്ച ഭുപരഷ്‌ക്കരണ നിയമം നടപ്പിലാവുക എന്നാല്‍ കമ്മ്യുണിസ്റ്റ് പ്രസ്ഥാനത്തിന്റെ തൊഴിലാളി വര്‍ഗ താല്‍പ്പര്യം കേരളത്തിനെ കൂടുതല്‍ ചുവപ്പിക്കുക എന്നതാണ് അത് വ്യക്തമാക്കുന്നത്.

ഇതോടെ കേരളത്തിന്റെ മുഖഛായ തന്നെ മാറിത്തുടങ്ങി. 1977നു ശേഷം ഏതാണ്ട് 28 ലക്ഷം പേര്‍ക്കാണ് പുതുതായി കൃഷിഭുമി പതിച്ചു കിട്ടിത്തുടങ്ങിയത്. ലക്ഷക്കണക്കിന് പാവപ്പെട്ട കൃഷിക്കാര്‍ സ്വത്തിന്റെ ഉടമകളായി മാറികയായിരുന്നു. അതിന്റെ അനന്തരഫലമാണ് ഇന്നുകാണുന്ന കേരള വികസന മാതൃക. ആധുനിക കേരളത്തിന്റെ ചരിത്രത്തില്‍ തൊഴിലാളി വര്‍ഗത്തിനു ഒരിക്കലും മറക്കാനാകാത്ത ഭുപരിഷ്‌ക്കരണ നിയമത്തോടൊപ്പം നമുക്ക് ഗൗരിയമ്മയെ ചേര്‍ത്തു നിര്‍ത്താതെ അത് അനുഭവിക്കാനാകില്ല. തൊഴിലാളി വര്‍ഗത്തിന്റെ ഉയിര്‍പ്പിന്റെ കാലഘട്ടമായി ചരിത്രം രേഖപ്പെടുത്തുമ്പോള്‍ അതന്റെ ആദ്യ പേരഗ്രാഫില്‍ ആദ്യത്തേതായി ഗൗരിയമ്മയുടെ പേരും ചാര്‍ത്തപ്പെട്ടിരിക്കും.

ഭൂമി കൈയ്യില്‍ കിട്ടിയതോടെ കൃഷിക്കാര്‍ക്ക് പാട്ടം നല്‍കേണ്ട കാര്യമില്ലാതായി. അവരുടെ വരുമാനം ഗണ്യമായി ഉയര്‍ന്നു. കര്‍ഷകത്തൊഴിലാളിയുടെ വരുമാനത്തിന്റെ വിലപേശല്‍ ശേഷി ഉയര്‍ന്നു. ന്യായമായ കുലി ലഭിക്കുന്ന സ്ഥിതിയുണ്ടായി. ഇത് സവര്‍ണമേധാവിത്വത്തിന്റെ കൂമ്പോടിഞ്ഞു തുടങ്ങി. അതുവരെ ഭുമി കൈവശം വെച്ചടക്കി വാണിരുന്ന ക്ഷേത്രപരിപാലകര്‍- അമ്പലവാസികള്‍-പൂജാരിമാര്‍- ജന്മവര്‍ഗത്തില്‍ പെട്ട അതു വരെ മേലാളന്മാരായി ചമഞ്ഞു നടന്നിരുന്ന മുതലാളിവര്‍ഗം ക്രമേണ റേഷനരി വാങ്ങി ഉണ്ണേണ്ടുന്ന അവസ്ഥയിലെത്തിച്ചതിനു പിന്നില്‍ ഭുപരഷ്‌ക്കരണ നിയമാണ്. ഇന്ന ജന്മമാരേയും, കാര്യക്കാരേയും ആരും ഭയപ്പെടുന്നില്ല. മാത്രമല്ല, സാധാരണക്കാരനായ കര്‍ഷകന്റെയും, താഴിലാളിയുടേയും വരുമാനം ഉയര്‍ന്നതോടെ പാമരന്റെ വിദ്യാഭ്യാസ-ആരോഗ്യ മേഖലകളും സാവര്‍ണ്യത്തോടൊപ്പം ഉയര്‍ന്നു പൊങ്ങി.

തുടര്‍ന്ന് തൊഴിലാളി വര്‍ഗത്തിന്റെ സര്‍വ്വാധിപത്യം എന്ന ഗൗരിയമ്മയുടെതടക്കമുള്ള കമ്മ്യൂണിസ്റ്റ് നേതൃത്വത്തെ സ്വീകരിച്ചഇടത്തരക്കാര്‍ ക്രമേണ പുതുമുതലാളിത്ത സൗകര്യങ്ങളുടെ കൂടെ അധിവേഗം സഞ്ചരിക്കാനാണ് ശ്രദ്ധിച്ചത്. മരുമക്കത്തായം ഇല്ലാതായി എന്നു മാത്രമല്ല, ഭുപരിക്ഷരണം വഴിയോ അല്ലാതെയോ ലഭിച്ച ഭുമി കഷണങ്ങളാക്കപ്പെട്ടു. പടര്‍ന്നു വിരിഞ്ഞു കിടന്നിരുന്ന കൃഷിഭുമിയും, പറമ്പും തുണ്ടം തുണ്ടമായി മാറിത്തുടങ്ങി. അതുവരേയുണ്ടായിരുന്ന കൂട്ടുകുടുംബ സംവിധാനം ഇരുട്ടിലേക്ക് മറിഞ്ഞു. ഞാന്‍, എന്റെ ഭാര്യ രണ്ടു മക്കള്‍ എന്ന നിലയില്‍ അണുകുടുബ വ്യവസ്ഥയിലേക്ക് ജനം മാറാനാഗ്രഹിച്ചു. അച്ഛനേയും അമ്മയേയും തറവാട്ടു വീട്ടില്‍ ഒറ്റക്കിടാനോ, അനാഥാലയത്തില്‍ സംരക്ഷിക്കപ്പെടാനോ അവര്‍ക്ക് മടിയുണ്ടായില്ല. പത്തു സെന്റു മാത്രമുള്ള കുടുംബ സ്വത്ത് വരെ ഭാഗം വെച്ച് മൂന്നു സെന്റില്‍ ഒരു വീടെന്ന നിലയിലായി. സഹോദരങ്ങള്‍ വെവ്വേറെയായി. കൂട്ടുകുടംബ വ്യവസ്ഥയുടെ തിരിച്ചു പോക്ക് ്ഓരോ തായ് വഴികളേയും കുഴിച്ചു മൂടിക്കൊണ്ടിരുന്നു. ഭൂമി തുണ്ടുതുണ്ടായതോടെ ഉത്പാദനക്ഷമത കുറഞ്ഞു. സ്വര്‍ണമെന്നതു പോലെ വില്‍പ്പനച്ചക്കു മാത്രമായി ഭുവിടം മാറി. വൈക്കോല്‍ കൂമ്പാരവും, പോത്തും, പശുവിനും പകരം വീടുകളില്‍ യന്ത്രങ്ങള്‍ തമ്പടിച്ചു. കാറുകള്‍ മുന്നും നാലുമായി. കഷിയിടങ്ങള്‍ നാണ്യവിളകള്‍ക്ക് വഴിമാറി. പിന്നീട് നാണ്യവിളകളും കൂപ്പു കുത്തുന്ന കാഴ്ചയാണ് വര്‍ത്തമാന കാലം കാണിച്ചു തരുന്നത്. വെട്ടിമാറ്റിയ കശുമാവിനും റബ്ലറിനും പകരമായി മറ്റൊരു വരുമാന മാര്‍ഗം കാണാന്‍ കഴിയാത്ത വിധം കേരളത്തിലെ കര്‍ഷകര്‍ വറച്ചട്ടിയിലാണ്. കൃഷിഭുമി മിക്കതും ഇന്ന് പുത്തന്‍ ജന്മിമാരുടെ പ്രതാപം കാണിക്കാനുള്ള തരിശുഭുമിയായി കിടക്കുകയാണ്. ഇന്ന് മാതൃകാ കര്‍ഷകരില്ല, തൊഴിലാളികളില്ല. കൃഷി ലാഭകരവുമല്ല.

എണ്‍പതുകളുടെ അവസാനമായപ്പോഴേക്കും ഇന്ത്യയിലെ ഏറ്റവും വേഗത്തില്‍ വളരുന്ന കാര്‍ഷികമേഖലയായി കേരളം ഉയര്‍ന്നിരുന്നെങ്കില്‍ ഇന്ന് പഞ്ചാബില്‍ നിന്നും ആന്ധ്രയില്‍ നിന്നും അരി വന്നില്ലെങ്കില്‍ കേരളം പട്ടിണിയിലാവും. കര്‍ഷകരും എന്ന് എടുക്കാച്ചരക്കാണ്. കൊയ്യാന്‍ വരെ ബംഗാളില്‍ നിന്നും ആളുവരണം.
പ്രാചീന കേരളത്തിന്റെ വറുതി, ജന്മിത്വം വേഷം മാറി തിരികെയെത്തുകയാണോ? അതോ സി.പി.എം പറയുന്നതു പോലെ കോണ്‍ഗ്രസിന്റെ ആസിയാന്‍ കരാറാണോ ഇതിനെല്ലാം കാരണം?

ഭൂമി തുണ്ടുവത്കരിക്കപ്പെട്ടതും വാണിജ്യോപാധിയായി മാറിയതും നെല്‍പ്പാടങ്ങള്‍ ഇല്ലാതാകുന്നതും സര്‍ക്കാരിനെ ഓര്‍മ്മപ്പെടുത്താന്‍ ഗൗരിയമ്മയുടെ വിയോഗം കൊണ്ട് സാധ്യമാവട്ടെ. ഗള്‍ഫ് പണ നിക്ഷേപം മണ്ണു സ്വന്തമാക്കുന്നിടത്തല്ല, അതില്‍ വിളവിറക്കുന്നതിലേക്കായി പരണമിക്കട്ടെ.

പ്രതിഭാരാജന്‍

Spread the love

Leave a Reply

Your email address will not be published. Required fields are marked *