CLOSE

കോവിഡിന്റെ ആദിമ രൂപമായി വസൂരിയെ കണക്കാക്കുന്നു

17 മുതല്‍ 20-ാം നൂറ്റാണ്ടിന്റെ ആരംഭം വരെ നമ്മെ കൊന്നൊടുക്കിയ ഒരു തരം വൈറസുണ്ട്. അതാണ് വസൂരി രോഗം പടര്‍ത്തിയത്. വസൂരി രോഗത്തെക്കുറിച്ച് പുതുതലമുറക്ക് വേണ്ടത്ര അറിവു കാണില്ല.
ഈ കുറിപ്പുകാരന്റെ അമ്മയുടെ അമ്മൂമ്മയുടെ (ഉദ്ദേശം 250 വര്‍ങ്ങള്‍ക്കു മുമ്പ്) മരണം വസൂരി കാരണമായിരുന്നുവെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.
ദേവിയുടെ വരവായാണ് വസുരി മരണത്തെ അന്നു കണ്ടിരുന്നത്.
മരിച്ചാല്‍ ശവമടക്കിനെ ഭണ്ഡാരം താഴ്ത്തലെന്നായിരുന്നു വിളിപ്പേര്. യൂറോപ്യന്‍ വംശജരില്‍ നിന്നുമായിരുന്നു ഇത് ഭാരതത്തിലെത്തിച്ചേരുന്നത്.
മരുന്ന് കണ്ടു പിടിക്കപ്പെട്ടില്ലാത്ത കാലത്ത് സര്‍പ്പത്തെ ദൈവമായി കരുതുന്നതു പോലെ, ശിവന്റെ ആഭരണമായി ചിത്രീകരിക്കുന്നതുപോലെ വസൂരി വന്നു മരിച്ചാലും ദേവി കൈയ്യേറ്റു എന്നായിരുന്നു വിശ്വാസം. നാം നിസ്സഹായരാകുമ്പോള്‍ പിന്നെ എല്ലാം ദൈവത്തില്‍ അര്‍പ്പിക്കുന്ന ഏര്‍പ്പാട് ഇന്നും നിലനിന്നു പോരുന്നുണ്ടല്ലോ.

വസൂരി വന്നാല്‍ മൃതദേഹം വീടിനു പുറത്തു കൊണ്ടു പോകുന്ന പതിവില്ല. കുളിപ്പിക്കില്ല. വീട്ടുകാര്‍ തന്നെ പടിഞ്ഞാറ്റയില്‍ കുഴി കുത്തി സംസ്‌ക്കരിക്കലായിരുന്നുവത്രെ പതിവ്. ആരേയും കാണിക്കുക പോലുമില്ല. മരണാനന്തരം കുഴിമാടത്തില്‍ ദിവസവും തിരി കത്തിച്ചു വെക്കും. ദേവിയുടെ പ്രതിബിംബമായി മാറും ആ ശവകുടീരം.
ഒരു വീട്ടില്‍ ഒരാള്‍ക്ക് വന്നാല്‍ മിക്കവാറും എല്ലാവരും മരണത്തിനു കീഴടങ്ങുകയാണ് പതിവ്.

രോഗം കടന്നു വന്ന് 300 വര്‍ഷം കഴിഞ്ഞ് ഇരുപതാം നൂറ്റാണ്ടിലെത്തുമ്പോള്‍ വരെ 300-500 ദശലക്ഷം മരണങ്ങള്‍ക്ക് വസൂരി കാരണമായതായി കണക്കാക്കപ്പെടുന്നു. ലോകത്ത് ഓരോ വര്‍ഷവും 50 ദശലക്ഷം വസൂരി കേസുകള്‍ വന്നു പോയിട്ടുണ്ടെന്നാണ് ചരിത്ര പുസ്തകത്തില്‍ കാണുന്നത്. സമീപകാലത്ത് 1967 വരെ 15 ദശലക്ഷം ആളുകള്‍ക്ക് ഈ രോഗം പിടിപെട്ടിട്ടുണ്ടെന്നും 1967ല്‍ മാത്രം രണ്ട് ദശലക്ഷം പേര്‍ മരിച്ചുവെന്നും ലോകാരോഗ്യ സംഘടന കണക്കാക്കുന്നു.

1776ല്‍ ആരംഭിച്ച പരീക്ഷണം 200 വര്‍ഷത്തിനു ശേഷം 19-20-ാം നൂറ്റാണ്ടുകളില്‍ മാത്രമാണ് ഇതിനു വിജയകരമായി മരുന്ന് കണ്ടെത്താനായത്. എഡ്വേര്‍ഡ് ജിന്നറാണ് വാക്സിന്റെ അന്തിമ രൂപം തയ്യാറാക്കിയത്. അന്ന് കുത്തിവെക്കാന്‍ സിറിഞ്ച് കണ്ടുപിടിക്കപ്പെട്ടില്ലായിരുന്നു. ഒരു ഇരുമ്പു സൂചി കൊണ്ട് പല തവണ കുത്തി മരുന്ന് അകത്ത് കയറ്റുകയായിരുന്നു പതിവ്. മരുന്ന് വിജയകരമായതോടെ വസൂരിയുടെ പത്തി താണു തുടങ്ങി. ഇന്നത്തെ പോളിയോ വിപ്ലവം പോലെ ലോകത്തു നിന്നും ഈ മഹാമാരി മാറാന്‍ ലോകവ്യാപകമായി കുത്തിവെപ്പ് ആരംഭിച്ചു. ഈ കുറിപ്പുകാരന്‍ മുതിയക്കാല്‍ എല്‍.പി സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് ഇരുമ്പു സൂചിയുമായി വരുന്ന നേര്‍സുമാരെ കണ്ട് ഭയന്ന് ക്ലാസില്‍ നിന്നും ഓടി ഒളിച്ചത് ഇന്നും പകല്‍ പോലെ ഓര്‍ക്കുന്നു.

നിരന്തരമായ പ്രയത്നവും, ജനപിന്തുണയും കാരണം 1979 ഡിസംബറില്‍ വസൂരി ആഗോള നിര്‍മാര്‍ജനത്തിന് ലോകാരോഗ്യ സംഘടന ആഹ്വാനം ചെയ്തു. ഇന്ന് ലോകത്ത് വസൂരി ഇല്ല.

വസൂരി ജപ്പാനിലെ ജനസംഖ്യയുടെ മൂന്നിലൊന്ന് പേരെ കൊന്നതായി വിശ്വസിക്കപ്പെടുന്നു. പ്രകൃതിയുടെ ഹിരോഷിമാ നാഗസാക്കി അക്രമം.
വസൂരിയുടെ വരും തലമുറയായിരുന്നു പ്ലേഗ്.
-പ്രതിഭാരാജന്‍

Spread the love

Leave a Reply

Your email address will not be published. Required fields are marked *