CLOSE

പുലരി സാംസ്‌കാരിക കേന്ദ്രത്തിന്റെ തണലില്‍ ഉയരുന്നു’അശോകവനിക’

എഴുത്തുപുര

ഔഷധമൂല്യത്തോടൊപ്പം സുഗന്ധം വിരിയുന്ന വൃക്ഷമാണ് അശോകം. അശോകവനം തീര്‍ക്കാന്‍ പദ്ധതിയുമായി ജില്ലയില്‍ സജീവമാവുകയാണ് പള്ളിക്കര ഗ്രാമമപഞ്ചായത്തില്‍ പെടുന്ന അരവത്ത് പുലരി സാംസ്‌കാരികകേന്ദ്രം.

നാട്ടിലാദ്യമായി ‘നാട്ടി’ ഉല്‍സവത്തിനു നാന്ദി കുറിച്ച് ആധൂനിക കാര്‍ഷിക മേഖലയില്‍ പുതു വിപ്ലവം സൃഷ്ടിച്ച ‘പുലരി’ കണ്ടല്‍ക്കാടുകളുടെ ഉറ്റ തോഴന്‍ കൂടിയാണ്.

അശോകവനവല്‍ക്കരണം ലക്ഷ്യമിട്ടു കൊണ്ട് ജില്ലയിലുടനീളം ഓടി നടക്കുന്ന പ്രവര്‍ത്തകരോടൊപ്പം മുന്‍പന്തിയില്‍ തന്നെ അതിന്റെ ശില്‍പ്പികളില്‍ പ്രധാനിയായ ഡോ. വി ബാലകൃഷ്ണനുമുണ്ട്. സ്വാമിനാഥന്‍ ഫൗണ്ടേഷന്റെ അമരക്കാരനായിരുന്നു അദ്ദേഹം. ഇപ്പോള്‍ കാസര്‍കോട് വിജിലന്‍സ് വിഭാഗം ഡി.വൈ.എസ്.പി.

കേന്ദ്രീയ ആയുഷ് മന്ത്രാലയമാണ് പദ്ധതിക്കു പിന്നിലെന്ന് ഡോ. ബാലകൃഷ്ണന്‍ വിവരിക്കുന്നു. തൃശൂരില്‍ പ്രവര്‍ത്തിക്കുന്ന വനഗവേഷണ കേന്ദ്രം വഴിയാണ് കേരളത്തിലേക്കുള്ള തൈകളെത്തുന്നത്. 2500ല്‍പ്പരം തൈകള്‍ പുലരി സാംസ്‌കാരിക കേന്ദ്രത്തിനു കീഴില്‍ ലഭ്യമാണെന്ന് അദ്ദേഹം അറിയിച്ചു. തൈ നട്ടു പിടിപ്പിക്കുന്നവരെ ഒരു കൈ സഹായിക്കാന്‍, ആവശ്യമായ വളം നല്‍കാന്‍ മീങ്ങോത്തെ ഡ്വാര്‍ഫ് കണ്‍സര്‍വ്വേറ്റീവ് സൊസൈററിയും തയ്യാറായിട്ടുണ്ട്. വംശനാശം വന്നു കഴിഞ്ഞ കാസര്‍കോട് കുള്ളനെന്ന നാടന്‍ പശുക്കളെ സംരക്ഷിക്കുന്ന, വളര്‍ത്താനായി സൗജന്യ സഹായം നല്‍കുന്ന ഡോ. ലാലിന്റെ സംരംഭമാണ് ഡ്വാര്‍ഫ്.

അശോകവന നിര്‍മ്മിതിക്കായി പരിസ്ഥിതി പ്രവര്‍ത്തകരെ സജ്ജമാക്കുകയാണ് പുലരിയുടെ ദൗത്യം. ആവശ്യമുള്ളിടത്തേക്ക് തൈകളെത്തിച്ചു നല്‍കുന്നു. നട്ട തൈകളെ സംരക്ഷിക്കുവാന്‍ താല്‍പ്പര്യമുള്ളവരെ കണ്ടെത്തുന്നു. ക്ലബ്ലിന്റെ സ്വന്തം തട്ടകമായ തച്ചങ്കാട് ഗവ.ഹയര്‍സെക്കണ്ടറി സ്‌ക്കൂള്‍ പരിസരങ്ങളില്‍ വൃക്ഷത്തെ നട്ടു. ഇതില്‍ മാതൃഭൂമി ദിനപത്രത്തിന്റെ പ്രവര്‍ത്തകരോടൊപ്പം നാടിന്റെ കൈസഹായവുമുണ്ടായി.

ഒരുകാലത്ത് നിബിഡ വനമേഖലായിരിരുന്ന തച്ചങ്ങാടും, ആലിങ്കാലും, മട്ടെങ്ങാനവും വനികയായി മാറ്റാന്‍ ശ്രമിക്കുക എന്നതും പുലരിയുടെ ലക്ഷ്യങ്ങളിലൊന്നാണ്. നേരത്തെ കാടായിരുന്ന ഇവിടങ്ങളെല്ലാം ഇന്ന് നാടണഞ്ഞുവെങ്കിലും, ഇപ്പോഴും അവിടൊരു ക്ഷേത്രമുണ്ട്. പഴമ പെയ്യുന്ന ഇലഞ്ഞിമരത്തിനു കീഴില്‍ തണല്‍ ചാന്തു ചാര്‍ത്തിയ ക്ഷേത്രം. ഇലഞ്ഞിമരം കുട ചൂടി നില്‍ക്കുകയാണ് ശ്രീകോവിലില്‍ ഈ പൂമരം സദാസമയവും വസന്തം വാരിവിതറുകയാണ്. നറുമണം പരത്തുകയാണ്. പൂക്കാലമായാല്‍ മുറ്റത്ത് പൂമെത്ത തീര്‍ക്കാന്‍, സന്ദര്‍ശകരുടെ മനസിലും, ശരീരത്തിലും തണല്‍ വിരിക്കാന്‍, പരിസരമാകെ പ്രകാശം പരത്താന്‍ , കുട്ടികള്‍ക്ക് ഊഞ്ഞാലിടാന്‍…ഇങ്ങനെ എന്തിനും സമ്മതം മൂളുന്ന മറ്റൊരു ഭഗവതിയാണ് ഇലഞ്ഞിപ്പൂമരമെന്നു തോന്നിപ്പോകും. ഇതിനോടൊപ്പം ചേരാനാണ് ക്ഷേത്ര വളപ്പില്‍ അശോക വനികയെത്തുന്നത്.

ക്ഷേത്ര വളപ്പില്‍ മാത്രമല്ല, കളനാട് വിഷ്ണു ക്ഷേത്ര പരിസരം ഉള്‍പ്പെടെ ജില്ലാ കലക്റ്റരുടെ ഔദ്യോഗിക വസതിയുടെ പരിസരത്തു വരെ മരം വച്ചു പിടിപ്പിക്കാനുള്ള പദ്ധതി വിജയകരമായി പൂര്‍ത്തീകരിച്ചു കഴിഞ്ഞു. ഒഴിഞ്ഞ ഇടങ്ങളിലെല്ലാം പ്രമുഖരുടേയും, തദ്ദേശിയരുടെയും സഹരണത്തോടെ വൃക്ഷത്തൈ നട്ടു വളര്‍ത്താന്‍ ഒരുമ്പെടുന്നതിന്റെ ഭാഗം കൂടിയാണിത്. ഈ പദ്ധതിയുടെ വിജയവുമായി സഹകരിക്കാന്‍ അഭ്യര്‍ത്ഥിക്കുകയാണ് വിജിലന്‍സ് ഡി.വൈ.എസ്.പി കൂടിയായ ഡോ. വി. ബാലകൃഷ്ണന്‍.

സ്ത്രീസമ്പന്ധമായ പല രോഗങ്ങള്‍ക്കും അത്യുത്തമമാണ് അശോകമരമെന്ന് ഖ്യാതി കേട്ടിട്ടുണ്ട്. പല കാരണങ്ങളാല്‍ ഈ ഔഷധക്കൂട്ട് നാമാവശേഷമായി. ഇപ്പോള്‍ കേന്ദ്രീയ ആയുഷ് മന്ത്രാലയത്തിലുടെ അഹല്യാ മോക്ഷം കൈവന്നിരിക്കുകയാണ്. രാജ്യത്തുടനീളം അശോക വനിക തീര്‍ക്കാനുള്ള കേന്ദ്ര പദ്ധതിയുടെ ഭാഗമായാണ് ജില്ലയിലെ പദ്ധതിയെന്ന് ഡോ. ബാലകൃഷ്ണന്‍ പറയുന്നു. ഇതിന്റെ ഇല ഒഴികെ മറ്റെല്ലാം വിശിഷ്ടങ്ങളായ ഔഷധങ്ങളാണ്. മഞ്ഞയും ചുവപ്പായും നിറം മാറിമാറി വരുന്ന ഇവ തൊടികളിലും മുറ്റത്തും പഴയ കാലങ്ങളില്‍ അപൂര്‍വ്വമായെങ്കിലും കാണാമായിരുന്നു. എന്നാല്‍ ഇന്ന് അമ്പലങ്ങളിലും കാവികളില്‍ പോലും കാണാക്കണി.

ഇതുപോലുള്ള പദ്ധതി സംസ്ഥാനത്ത് ഇതിനു മുമ്പും ഉണ്ടായിട്ടുണ്ട്. അന്ന് ആയുഷിന്റെ കൈത്താങ്ങ് ഇല്ലായിരുന്നു. സംസ്ഥാന സര്‍ക്കാരും ശിവഗിരിമഠവും സംയുക്തമായി സംവിധാനം ചെയ്ത ‘അശോകവനം പദ്ധതി2020’ ന്റെ ഭാഗമായി മഠത്തിനു ചുറ്റും വച്ചുപിടിപ്പിച്ചവ ഇന്ന് ബാലദശ കഴിഞ്ഞു വളര്‍ന്നു തുടങ്ങിയിട്ടുണ്ട്. 2008 ആഗസ്ത് ഒന്നിന് ഡോ. സുകുമാര്‍ അഴീക്കോടിന്റെ സാന്നിധ്യത്തില്‍ തൃശൂരിലെ വിലങ്ങന്‍ കുന്നില്‍ മറ്റൊരു സംരംഭം കൂടി പിറന്നിരുന്നു. ആ കുന്നും പച്ച പടര്‍ന്നു നില്‍ക്കുന്നുണ്ട്.

മാതൃകാ വനമാക്കാന്‍ പുലരി പ്രധാനമായും തെരെഞ്ഞെടുക്കുന്നത് നാട്ടിലെ ക്ഷേത്ര പരിസരങ്ങളാണ്. പൂക്കളുടെ ദേവനെ ആരാധിക്കുന്ന പെണ്‍കുട്ടികളുണ്ട് ഇത്തരം ഗ്രാമങ്ങളില്‍. ബാലികമാര്‍ ചേര്‍ന്ന് പൂക്കള്‍ കൊണ്ട് കാമദേവനെ മെനയുന്നു. സ്വവസതിയിലേക്ക് വരവേല്‍ക്കുന്നു. പൂരക്കഞ്ഞി വിളമ്പുന്നു. അത്തരം ഉല്‍സവം നടക്കുന്ന പൂരക്ഷേത്രങ്ങളിലൊന്നാണ് പൂബാണം കുഴി ക്ഷേത്രം. ഭഗവതിയുടെ മണ്ണിലാണ് മാതൃകാ അശോകവനിക ഉയരുന്നത്.

കാമദേവന്റെ അഞ്ച് ബാണങ്ങളില്‍ ഒന്നാണ് അശോകപുഷ്പമെന്നാണല്ലോ ഖ്യാതി. ശോകത്തെ അകറ്റുന്ന വൃക്ഷമെന്നും വിളിപ്പേരുണ്ട്. ചുവന്നു തുടുത്തു വിരിഞ്ഞു നില്‍ക്കുന്ന പുഷ്പം കാഴ്ച്ചയില്‍ മാത്രമല്ല, അതിന്റെ രസായനവും അമൃതസമാനമാണ്. അശോകവൃക്ഷമുള്ളിടത്ത് ദുഃഖമുണ്ടാകില്ലത്രെ. ഇലഞ്ഞിയേപ്പോലെ, സുഗന്ധഹാരി കൂടിയാണ് ഈ പുഷ്പ്പം. സ്തീകളുടെ കാന്തനായി വൃക്ഷത്തേയും, കൂട്ടുകാരിയായി പൂക്കളേയും കരുതിപ്പോരുന്നു. ബീഹാറിലെ ബുദ്ധഗയക്കരികിലെ അശോകമരത്തണലില്‍ ഈ കുറിപ്പുകാരന്‍ ഒരു പകല്‍ മുഴുവനും വിശ്രമിച്ചതോര്‍മ്മയുണ്ട്.

ഗൗതമബുദ്ധന്‍, ശാക്യമുനി തുടങ്ങിയ മഹാത്മാക്കള്‍ ജനിച്ചതും, ജൈനമതസ്ഥാപകന്‍ വര്‍ദ്ധമാന മഹാവീരന്‍ നിര്‍വാണം പ്രാപിച്ചതും, രാമായണത്തില്‍ ഹനുമാന്‍ സീതാദേവിയെ വീണ്ടെടപത്തതുമെല്ലാം അശോകമരച്ചുവട്ടില്‍ വെച്ചെന്നാണല്ലോ വിശ്വാസം.

നിര്‍വാണ സിദ്ധാന്തത്തിന്റെ സ്ഥാപകനായ ശാക്യമുനിയുടെ ചിന്ത ഉദ്ദീപിച്ചതും, രാമായണത്തിലെ സീത തന്റെ വിരഹ വേദന ശമിപ്പിച്ചതും അശോകവനികയിലിരുന്നായിരുന്നു. മംഗല്യ ഭാഗ്യത്തിനായുള്ള ബാണേശി പൂജയില്‍ അശോകപുഷ്പം ഒഴിച്ചു കൂടാനാകാത്തതാണെന്ന് വിധികര്‍ത്താക്കര്‍ പറയുന്നുണ്ട് . കന്യകമാര്‍ നോമ്പു നോറ്റ്, അശോക പൂവ് തൈരില്‍ മുക്കി ബാണേശി മന്ത്രം ജപിച്ച് ഹോമിക്കുന്ന പതിവ് പണ്ടുണ്ടായിരുന്നു. സുന്ദരനായ കാന്തനെ ലഭിക്കാനായിരുന്നുവത്രെ അത്. ദുര്‍ഗാപൂജക്കു വേണ്ട ഒമ്പതിനം ഇലകളില്‍ പ്രാധാനി അശോക പത്രമായിരുന്നുവത്രെ. ഇന്ന് ഇത്തരം പത്രലാതാദികള്‍ ലഭ്യമല്ലാത്തതു കൊണ്ട് ഉള്ളവ കൊണ്ട് തൃപ്തിപ്പെടുകയാണ് മന്ത്ര-തന്ത്രവാദികള്‍. അശോക പുഷ്പം ലഭ്യമല്ലാത്തതിനാല്‍ പല ആയുര്‍വ്വേദ വിശിഷ്ട മരുന്നുകളും ഷോപ്പുകളില്‍ കിട്ടാനില്ല. ഇപ്പോള്‍ പരിശുദ്ധ കല്യാണ ഘൃതം കിട്ടാക്കനിയാണ്.

ഒരു കാലത്ത് പ്രതാപത്തിന്റെ ചിഹ്നങ്ങളായി വീട്ടുമുറ്റത്ത് ഇവ വളര്‍ന്നിരുന്നു. തെച്ചിയും, മന്ദാരവും, ശംഖുപുഷ്പവും മന്ദാരവുമെന്നതുപോലെ അശോകവും നാടു നീങ്ങി. പിന്നീട് പശ്ചിമ ഘട്ടത്തു നിന്നു തന്നെ ഇവ ഇല്ലാതായി തീര്‍ന്നുവെന്ന് സസ്യശാസ്ത്രത്തില്‍ ഡോക്റ്ററേറ്റു നല്‍കിയ ഡി,വൈ.എസ്പി ഡോ. വി ബാലകൃഷ്ണന്‍ അഭിപ്രായപ്പെടുന്നു.

മജ്ഞുളയെന്നാല്‍ അശോക പുഷ്പമെന്നര്‍ത്ഥം. ഇന്ന് ആ പേരു പോലും അത്യപൂര്‍വ്വം. അത്രക്ക് അന്യാധീനപ്പെട്ടു പോയി, അശോകമെന്ന (സറാക്ക അശോഖ എന്ന് ശാസ്ത്രനാമം) ഈ ഗന്ധപുഷ്പം.

സ്ത്രീകള്‍ക്കുണ്ടാകുന്ന ഗര്‍ഭാശയം സംബന്ധമായ അസുഖങ്ങള്‍ക്കുള്ള ആയുര്‍വേദ ഔഷധങ്ങളില്‍ ഒഴിച്ചു കൂടാനാകാത്താണ് അശോകത്തിന്റെ പൂവും തോലും. ചര്‍മ്മ കാന്തി വര്‍ദ്ധിപ്പിക്കാന്‍ ആംഗലേയ ശാസ്ത്രം വരെ ഇതിന്റെ നീരെടുത്തു പുയോഗിക്കുന്നു. പഴയ കാല ഗര്‍ഭശുസ്രൂക്ഷകളില്‍ ഗര്‍ഭപാത്ര മുഴകളെ നീക്കാനും, അകം ചര്‍മ്മാത്തെ ഉത്തേജിപ്പിക്കാനും ഇതിനേക്കാള്‍ പറ്റിയ മറ്റൊരു ഔഷധമുണ്ടായിരുന്നില്ല. പക്ഷെ നമ്മുടെ ആരോഗ്യം നമ്മുടെ വീട്ടു മുറ്റത്തു തഴച്ചു വളര്‍ന്നിരുന്നതു വെട്ടി മാറ്റി നശിപ്പിച്ചതിന്റെ പാപം തീര്‍ക്കാന്‍ വീണ്ടും ഒരു അശോക വനിക തീര്‍ക്കാന്‍ നമ്മെ ക്ഷണിക്കുകയാണ് ആയുഷ് മന്ത്രാലയം. അതിന്റെ ജില്ലയിലെ നേതൃത്വമാണ് ഡോ. ബാലകൃഷ്ണനും സംഘവും ഏറ്റെടുത്തിരിക്കുന്നത്. ആയുഷ് മന്ത്രാലയം മോക്ഷം നല്‍കിയ അശോകവൃക്ഷം മാത്രമല്ല, കുമിഴ,് കൂവളം, കടുക്ക, കൊന്ന, നെല്ലി, ദേവതാരം, പ്ലാശ, അഥവാ ചമത, രക്ത ചന്ദനം, പുന്ന, വേങ്ങ, ചെമ്പകം, കരിങ്ങാലി ഇവ വീടിന്റെ പിന്നിലും പാര്‍ശ്വങ്ങളിലും നട്ടു പിടിപ്പിക്കുന്നത് ആംഗലേയ മരുന്നിന്റെ അമിതാവേശത്തില്‍ നിന്നും നമ്മെ പിന്തിരിപ്പാന്‍ ഉപകാരപ്പെടും.

അശോകത്തൈ അകം കേറിയാല്‍ പിന്നെ തൊടികളില്‍ നാം അറിയാതെ തന്നെ മറ്റു പല ചെടികളും അതിനടിയിലൂടെ താനേ വളര്‍ന്നു പൊങ്ങിക്കൊള്ളുമെന്ന് ഉള്‍ക്കാട് രൂപപ്പെടുമെന്നും പറയുന്നു, കാര്‍ഷിക ശാസ്ത്രജ്ഞന്‍ കൂടിയായ ഡോ. വി ബാലകൃഷ്ണന്‍. പുലരിയുടെ പ്രവര്‍ത്തകര്‍ ചില ഗ്രാമങ്ങളില്‍ ഇതിനു മുമ്പേ സിദ്ധൗഷധമായ ആര്യവേപ്പ് വ്യാപകമായി വച്ചു പിടിപ്പിച്ചിരുന്നു. അവ പലതും ഇപ്പോള്‍ തളിര്‍ത്തു മരമായി തീര്‍ന്നിരിക്കുകയാണ്. പല മരുന്നുകള്‍ക്കുമായി അവ ഉപകാരപ്പെടുന്നുണ്ട്. പല ആയുര്‍വ്വേദ ഉല്‍പ്പാദകരും ഇവ ഗ്രാമങ്ങളില്‍ നിന്നും ശേഖരിച്ചു മരുന്നുണ്ടാക്കുന്നുണ്ട്.

ഇംഗ്ലീഷ് മരുന്നില്ലാതിരുന്ന കാലത്ത് മുത്രക്കല്ലിനു അശോകത്തിന്റെ വിത്തു പൊടിച്ചും, വസൂരി എന്ന മഹാമാരി ജീവന്‍ അപഹരിച്ചിരുന്ന കാലത്ത് അശോകത്തിന്റെ തോല്‍ ചേര്‍ത്ത് വാറ്റിയ ചാരായം അണു നാശിനിയായി (സാനിസൈര്‍) ഉപയോഗിച്ചിരുന്നതായും പഴമക്കാര്‍ പറഞ്ഞു കേട്ടിട്ടുണ്ട്.

ഈ മഹാമാരിയുടെ കാലത്തും ഭൂമിയുടേയും മനുഷ്യന്റെയും മനസിനെ തണുപ്പിക്കാനുതകുന്ന പദ്ധതിയായി അശോക വനനൗകകള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കട്ടെ, എന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി അഭിപ്രായപ്പെട്ടു. സി.എച്ച് കുഞ്ഞമ്പു എം.എല്‍.എയും പദ്ധതിയോടൊപ്പമുണ്ട്.

പ്രതിഭാരാജന്‍

Spread the love

Leave a Reply

Your email address will not be published. Required fields are marked *