CLOSE

ഇസ്രയേലില്‍ ജൂതരുടെ ആഘോഷത്തിനിടെ തിക്കിലും തിരക്കിലും 38 മരണം

ജറുസലേം: വടക്കുകിഴക്കന്‍ ഇസ്രായേലില്‍ യാഥാസ്ഥിതിക ജൂതരുടെ മതപരമായ ആഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് നിരവധി പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. മൗണ്ട് മെറോണില്‍ വര്‍ഷംതോറും നടക്കുന്ന ലാഗ് ബിഒമര്‍ ആഘോഷത്തിന് വേണ്ടി ഒത്തുകൂടിയവരാണ് അപകടത്തില്‍പ്പെട്ടത്. കുറഞ്ഞത് 38 പേര്‍ മരിച്ചതായി ഹാറെറ്റ്‌സ് പത്രം റിപ്പോര്‍ട്ട് ചെയ്തു.

കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ച ശേഷമുള്ള ഏറ്റവും വലിയ ആഘോഷമാണ് നടന്നത്. ബോണ്‍ഫയറും പ്രാര്‍ഥനയും നൃത്തവുമായി നടന്ന ആഘോഷത്തില്‍ പങ്കെടുക്കാന്‍ വ്യാഴാഴ്ച രാത്രി ഒരു ലക്ഷത്തിലേറെ പേരാണ് ഒരേ സമയം ഒത്തുകൂടിയതെന്ന് ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തുടര്‍ന്നുണ്ടായ തിരക്കില്‍ ശ്വാസം മുട്ടിയായിരുന്നു പലരുടെയും മരണം.

കോവിഡ് വ്യാപനത്തെ തുടര്‍ന്നു മെറോണില്‍ കഴിഞ്ഞ വര്‍ഷം ആഘോഷങ്ങള്‍ പരിമിതപ്പെടുത്തിയിരുന്നു. ഇത്തവണ രാജ്യത്തെ വാക്‌സിനേഷന്‍ ദൗത്യത്തിന് ശേഷം ശേഷം കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കുകയായിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും വേഗതയേറിയ വാക്‌സിനേഷന്‍ പ്രോഗ്രാമാണ് ഇസ്രയേലില്‍ നടന്നത്.

മെറോണിലെത്തിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ശ്രമച്ചെങ്കിലും സാധിച്ചില്ലെന്ന് അധികൃതര്‍ പറഞ്ഞു. ക്രമസമാധാനം തടസപ്പെടുത്തിയതിന് രണ്ട് പേരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *