CLOSE

ചൈനീസ് റോക്കറ്റ് പതിക്കല്‍; അറബ് രാജ്യങ്ങള്‍ക്ക് ഭീഷണിയില്ല

ദോഹ: ചൈനയുടെ റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ പതിക്കല്‍ ഭീഷണിയില്‍ നിന്ന് ഖത്തര്‍ അടക്കമുള്ള അറബ് രാജ്യങ്ങള്‍ സുരക്ഷിതം. അന്താരാഷ്ട്ര ജ്യോതിശാസ്ത്ര കേന്ദ്രം പുറത്തിറക്കിയ പുതിയ സാറ്റലൈറ്റ് റീ എന്‍ട്രി മാപ്പിന്റെ അടിസ് ഥാനത്തിലാണ് വിവരം. ഏപ്രില്‍ 28നാണ് ചൈനയുടെ ബഹിരാകാശ സ്‌റ്റേഷനില്‍ നിന്ന് ലോങ് മാര്‍ച്ച് 5B റോക്കറ്റ് വിക്ഷേപിച്ചത്. ചൈനയുടെ സ്വപ്നപദ്ധതിയായ ലാര്‍ജ് മൊഡ്യൂലര്‍ സ്‌പേസ് സ്‌റ്റേഷന്റെ പ്രധാനഭാഗം ടിയാന്‍ഹെ മൊഡ്യൂളിനെ ഏപ്രില്‍ 29നാണ് റോക്കറ്റ് ഭ്രമണപഥത്തില്‍ എത്തിച്ചത്.

തിരിച്ചിറക്കത്തിലാണ് റോക്കറ്റിന്റെ നിയന്ത്രണം നഷ്ടമായത്. 18000 കിലോഭാരമുള്ള റോക്കറ്റിന്റെ ഭാഗമാണ് ഭൂമിയില്‍ പതിക്കാനൊരുങ്ങുന്നത്. ലോകത്തിന്റെ ഏത് ഭാഗത്തും ഞായറാഴ്ച്ച എട്ട് മണിക്കൂറിനിടെ റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ പതിക്കാനാണ് ഏറ്റവും ഒടുവിലത്തെ പ്രവചനമെന്ന് യു.എസ്. എയറോസ്‌പേസ് കോര്‍പറേഷന്‍ പറയുന്നു. ഒരു പക്ഷേ ഇത് കടലില്‍ പതിച്ചില്ലെങ്കില്‍ വന്‍നാശനഷ്ടങ്ങള്‍ ഉണ്ടാകുമെന്നാണ് ആശങ്ക. പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഖത്തര്‍, ബഹ്‌റൈന്‍, കുവൈത്ത്, യു.എ.ഇ, ലെബനാന്‍, യെമന്‍ എന്നീ രാജ്യങ്ങള്‍ ചൈനീസ് റോക്കറ്റ് വീഴ്ചയുടെ പ്രശ്‌നങ്ങളില്‍ നിന്ന് മുക്തമായിരിക്കും.

എന്നാല്‍ റോക്കറ്റ് അവശിഷ്ടങ്ങള്‍ അറബ്‌ലോകത്തിന്റെ മുകളിലൂടെ ശനിയാഴ്ച രാത്രി കടന്നുപോകും. വൈകുന്നേരം 6.30നായിരിക്കും ഇത് ആദ്യം അറേബ്യന്‍ ഗള്‍ഫില്‍ സംഭവിക്കുക. പിന്നീട് രാത്രി 8.03ന് ഈജിപ്തിന് മുകളിലൂടെയും കടന്നുപോകും. മൂന്നാമതും നാലാമതുമായി രാത്രി 9.30നും 11 മണിക്കും വടക്കുപടിഞ്ഞാറന്‍ ആഫ്രിക്കക്ക് മുകളിലൂടെയും ഇത് സംഭവിക്കും. എന്നാല്‍ ഇത് ഈ രാജ്യങ്ങളില്‍ അപകടകരമാകില്ലെന്നും അന്താരാഷ്ട്ര ജ്യോതിശാസ്ത്ര കേന്ദ്രം ട്വിറ്ററിലൂടെ അറിയിച്ചു. അതേസമയം റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ ഭൂമിയില്‍ പതിക്കുന്നതിന് മുമ്ബ് തന്നെ കത്തിത്തീരുമെന്നും ഇതിനാല്‍ അപകടമുണ്ടാകാന്‍ സാധ്യത ഇല്ലെന്നുമാണ് ചൈനയുടെ വിദേശകാര്യമന്ത്രാലയം പറയുന്നത്. റോക്കറ്റിന്റെ നിയന്ത്രിക്കാനാവാത്ത വീഴ്ചയുടെ സാധ്യത യു.എസ് സ്‌പേസ് കമാന്റ് കണ്ടെത്തിയെന്ന യു.എസ് മിലിട്ടറിയുടെ പ്രസ്താവനക്ക് പിന്നാലെയാണ് ചൈനയുടെ വിശദീകരണം.

0419 ജി.എം.ടി സമയക്രമത്തിലുള്ള ലോകത്തിന്റെ ഭാഗങ്ങളില്‍ ഞായറാഴ്ച എട്ട് മണിക്കൂറിനിടെ റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ പതിക്കാനാണ് കൂടുതല്‍ സാധ്യത.സെന്റര്‍ ഫോര്‍ ഓര്‍ബിറ്റല്‍ റീ എന്‍ട്രി ആന്റ് ഡെബ്‌രിസ് സ്റ്റഡീസ് (സി.ഒ.ആര്‍.ഡി.എസ്) റിപ്പോര്‍ട്ടുകള്‍ പ്രകാരം ന്യൂസിലാന്റിന്റെ വടക്കന്‍ ദ്വീപിന് അടുത്തായിരിക്കും റോക്കറ്റിന്റെ അവിശ്ഷ്ടങ്ങള്‍ പതിക്കുക. എന്നാല്‍ ഇവയുടെ വരവിന്റെ പാതയിലുള്ള ലോകത്തിന്റെ ഏത് ഭാഗത്തെയും പ്രദേശങ്ങള്‍ക്ക് നാശമുണ്ടാകാനും സാധ്യതയുണ്ട്. ഭ്രമണപഥത്തിലേക്കുള്ള വരവും പോക്കും, റോക്കറ്റുകള്‍ അടക്കമുള്ളവയുടെ അവശിഷ്ടങ്ങള്‍ പതിക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട കേന്ദ്രമാണ് സി.ഒ.ആര്‍.ഡി.എസ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *