CLOSE

മഹാമാരിക്കാലത്ത് തിളങ്ങുന്ന മാതൃകയായി കേരള കേന്ദ്ര സര്‍വ്വകലാശാല

പെരിയ: മഹാമാരിക്കാലത്ത് സാമൂഹ്യ സേവനത്തിന്റെ തിളങ്ങുന്ന മാതൃകയായി കേരള കേന്ദ്ര സര്‍വ്വകലാശാല. സര്‍വ്വകലാശാലയില്‍ നടന്നുവരുന്ന കോവിഡ് പരിശോധനകളുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടു. ഇന്നലെ (ചൊവ്വാഴ്ച) വരെയുള്ള കണക്കനുസരിച്ച് കോവിഡ് നിര്‍ണയത്തിനുള്ള 101429 ആര്‍ടിപിസിആര്‍ പരിശോധനകളാണ് സര്‍വ്വകലാശാലയില്‍ നടന്നത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 30നാണ് സ്രവം പരിശോധിക്കുന്നതിനായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചി (ഐസിഎംആര്‍)ന്റെ അംഗീകാരം ലഭിച്ചത്.

ജില്ലയിലെ വിവിധ പ്രാഥമിക, സാമൂഹ്യ, കുടുംബ ആരോഗ്യ കേന്ദ്രങ്ങള്‍, ജില്ലാ ആശുപത്രി, പ്രത്യേക ക്യാംപുകള്‍ എന്നിവിടങ്ങളില്‍നിന്നും ശേഖരിക്കുന്ന സാമ്പിളുകളാണ് കേന്ദ്ര സര്‍വ്വകലാശാലയില്‍ പരിശോധന നടത്തുന്നത്. ബയോകെമിസ്ട്രി ആന്റ് മോളിക്യുലാര്‍ ബയോളജി വിഭാഗത്തിന് കീഴിലുള്ള വൈറോളജി ലാബിലാണ് പരിശോധന. കോവിഡ് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഇപ്പോള്‍ പ്രതിദിനം ശരാശരി 1200ഓളം പരിശോധനകള്‍ നടത്തുന്നതായി നേതൃത്വം നല്‍കുന്ന വകുപ്പ് തലവന്‍ ഡോ.രാജേന്ദ്ര പിലാങ്കട്ട പറഞ്ഞു. 1700 വരെ പരിശോധനകള്‍ നടന്ന ദിവസങ്ങളുമുണ്ട്. മൂന്ന് ഷിഫ്റ്റുകളിലായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വൈറോളജി ലാബാണ് സര്‍വ്വകലാശാലയിലേത്. പരിശോധനാ ഫലം സംസ്ഥാന സര്‍ക്കാരിന്റെ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യും.

ഡോ.രാജേന്ദ്ര പിലാങ്കട്ടക്ക് പുറമെ അധ്യാപകനായ ഡോ.സമീര്‍ കുമാര്‍, ലാബ് ടെക്നീഷ്യന്മാരായ ആരതി എം., ക്രിജിത്ത് എം.വി., സുനീഷ് കുമാര്‍, രൂപേഷ് കെ., റോഷ്ന രമേശന്‍, വീണ, ലാബ് അസിസ്റ്റന്റുമാരായ ജിതിന്‍രാജ് വി., ഷാഹുല്‍ ഹമീദ് സിംസാര്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരായ മുഹമ്മദ് റിസ്വാന്‍, നിഖില്‍ രാജ്, സച്ചിന്‍ എം.പി, ഗവേഷക വിദ്യാര്‍ത്ഥികളായ പ്രജിത്ത്, വിഷ്ണു, രാജേഷ്, മനോജ്, അശ്വതി, ലതിക, രന്‍ജീത്. അശുതോഷ്, അഞ്ജലി എന്നിവരാണ് സംഘത്തിലുള്ളത്. രാജ്യത്ത് ആദ്യമായാണ് ഒരു കേന്ദ്ര സര്‍വ്വകലാശാല കോവിഡ് പരിശോധനക്ക് നേതൃത്വം നല്‍കുന്നത്. വൈസ് ചാന്‍സലര്‍ പ്രൊഫ.എച്ച്.വെങ്കടേശ്വര്‍ലുവിന്റെ ഇടപെടലും പിന്തുണയും ഇതിന് പിന്നിലുണ്ട്. നേരത്തെ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍വ്വകലാശാലയെ ആദരിച്ചിരുന്നു.

കോവിഡ് പ്രതിരോധം തുടരും: വൈസ് ചാന്‍സലര്‍

സാമൂഹ്യ ഉത്തരവാദിത്വം കടമയാണെന്നും അത് സര്‍വ്വകലാശാല നിറവേറ്റുമെന്നും വൈസ് ചാന്‍സലര്‍ പ്രൊഫ.എച്ച്.വെങ്കടേശ്വര്‍ലു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരും. വൈറസ് ജന്യ രോഗങ്ങളുടെ പരിശോധനയ്ക്കും ഗവേഷണത്തിനുമായി സ്ഥിരം സംവിധാനവും ഒരുങ്ങുന്നുണ്ട്. വൈറസിന്റെ ജനിതക വ്യതിയാനം സംബന്ധിച്ച പഠനത്തിന് ദല്‍ഹിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജിനോമിക്സ് ആന്റ് ഇന്റഗ്രേറ്റീവ് ബയോളജിയുമായും സര്‍വ്വകലാശാല സഹകരിക്കുന്നുണ്ട്. പ്രതിമാസം മുന്നൂറോളം സാമ്പിളുകള്‍ ഇതിന്റെ ഭാഗമായി ഇന്‍സ്റ്റിറ്റ്യൂട്ടിന് കൈമാറുന്നുണ്ട്.

സംസ്ഥാന ആരോഗ്യവകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും സഹകരണത്തോടെ സര്‍വ്വകലാശാലയില്‍ വാക്സിനേഷന്‍ ക്യാംപയിന്‍ സംഘടിപ്പിക്കുകയും അധ്യാപകരും ജീവനക്കാരും വാക്സിന്‍ സ്വീകരിക്കുകയും ചെയ്തു. ഇതിന് സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി, ജില്ലാ കളക്ടര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എന്നിവര്‍ക്ക് നന്ദി അറിയിക്കുന്നതായും വൈസ് ചാന്‍സലര്‍ പറഞ്ഞു. കോവിഡ് പ്രതിരോധ നടപടികള്‍ ആഴ്ചതോറും വിലയിരുത്തുന്നതിനും ശക്തമാക്കുന്നതിനും കോവിഡ് മോണിറ്ററിംഗ് കമ്മറ്റി രൂപീകരിച്ചിട്ടുണ്ട്. സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ച് കമ്മറ്റി നടപടികള്‍ സ്വീകരിച്ചുവരികയാണ്. അദ്ദേഹം ചൂണ്ടിക്കാട്ടി.ലക്ഷം പിന്നിട്ട് കോവിഡ് പരിശോധന

Spread the love

Leave a Reply

Your email address will not be published. Required fields are marked *