CLOSE

ഭിന്നശേഷിക്കാരുടെ കോവിഡ് വാക്‌സിനേഷന്‍ രജിസ്‌ട്രേഷന്‍ ഡ്രൈവിന് കൈ കോര്‍ത്ത് എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍

ഭിന്നശേഷിക്കാരുടെ കോവിഡ് വാക്സിന്‍ രജിസ്ട്രേഷന് സഹായവുമായി എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍. ജില്ലയിലെ സവിശേഷ പരിഗണന വേണ്ട ഭിന്നശേഷിക്കാര്‍ക്ക് മുന്‍ഗണനാടിസ്ഥാനത്തില്‍ കോവിഡ് വാക്‌സിന്‍ നല്‍കുന്നതിനുള്ള മെഗാ രജിസ്‌ട്രേഷന്‍ ഡ്രൈവിനാണ് എന്‍.എസ്.എസ് പ്രവര്‍ത്തകരുടെ സന്നദ്ധ പ്രവര്‍ത്തനം. സവിശേഷ പരിഗണന വേണ്ട വിഭാഗങ്ങളിലുള്ളവര്‍ക്കും വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ പോയി വാക്‌സിന്‍ എടുക്കാന്‍ സാധിക്കാത്തവര്‍ക്കും അവരുടെ വീടുകളിലോ, വീടിനോട് ചേര്‍ന്ന സ്ഥലങ്ങളിലോ മൊബൈല്‍ യൂണിറ്റ് സംവിധാനത്തിലൂടെ വാക്‌സിനേഷന്‍ ലഭ്യമാക്കുകയാണ് ചെയ്യുന്നത്. സവിശേഷ പരിഗണന ലഭിക്കേണ്ട 6000ലധികം ആളുകളാണ് ജില്ലയിലുള്ളത്.
ജില്ലാ ഭരണകൂടത്തിന്റെ വി ഡിസര്‍വ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത ചലന വൈകല്യം ഉള്ള 18 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍, സെറിബ്രല്‍ പാള്‍സി, ഓട്ടിസം, ബഹുവൈകല്യം, ബൗദ്ധിക വെല്ലുവിളി എന്നിവ നേരിടുന്നവര്‍, മസ്‌കുലര്‍ ഡിസ്‌ട്രോഫി ഉള്ളവര്‍, പൂര്‍ണ ശയ്യാവലംബര്‍ തുടങ്ങിയവരുടെ വിവരങ്ങള്‍ വാക്സിനേഷനുള്ള കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് വാര്‍ഡ് അടിസ്ഥാനത്തില്‍ റൂട്ട് മാപ്പ് തയ്യാറാക്കി ആരോഗ്യ വകുപ്പിന് കൈമാറുന്ന പ്രവൃത്തികളാണ് എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ ചെയ്യുന്നത്.
ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശ പ്രകാരം കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍. കാസര്‍കോട് ഗവ. കോളേജ്, എല്‍.ബി.എസ് എഞ്ചിനീയറിങ് കോളേജ്, പീപ്പിള്‍സ് കോളേജ് മുന്നാട്, ഗവ. കോളേജ് ഉദുമ എന്നിവിടങ്ങളിലെ എന്‍.എസ്.എസ് വിദ്യാര്‍ഥികളാണ് സന്നദ്ധ പ്രവര്‍ത്തനത്തിന് തയ്യാറായി വന്നത്. സാമൂഹിക പ്രതിബദ്ധതയും, സേവന മനോഭാവവും അര്‍പ്പണബോധവുമുള്ള പുതുതലമുറ ലോകത്തിന് മാതൃക ആണെന്നും ഇത്തരം പ്രവര്‍ത്തനങ്ങളില്‍ പ്രതിഭലേച്ഛ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന കുട്ടികളെ അഭിനന്ദിക്കുന്നതായും രജിസ്‌ട്രേഷന്‍ കേന്ദ്രത്തിലെത്തിയ ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു പറഞ്ഞു. ജില്ലാ സാമൂഹ്യ നീതി വകുപ്പ് ഓഫീസര്‍ ഷീബ മുംതാസും പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയുമായി ഒപ്പമുണ്ട്. കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ജിഷോ ജയിംസ്, കോ ഓര്‍ഡിനേറ്റര്‍മാരായ സി.രാജേഷ്, മുഹമ്മദ് അഷ്റഫ് എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *