CLOSE

കോവിഡ് കുരുക്കില്‍ വയനാട്ടുകുലവന്‍ തെയ്യംകെട്ടുകള്‍; മുന്നൊരുക്കത്തിന് പാഴായത് ലക്ഷങ്ങള്‍

പാലക്കുന്ന്: കോവിഡ് നിയന്ത്രണ കുരുക്കില്‍ ജില്ലയിലെ വിവിധ തീയ്യ സമുദായ വയനാട്ടുകുലവന്‍ തറവാടുകളില്‍ നടക്കാനിരുന്ന തെയ്യം കെട്ടുത്സവങ്ങള്‍ ഇനി എന്ന് നടത്താനാവുമെന്ന് വ്യക്തതയില്ലാതെ നീണ്ടുപോകുന്നു. വിവിധ പ്രദേശങ്ങളിലെ തറവാടുകളില്‍ 2020ല്‍ നടക്കാനിരുന്ന 13 തെയ്യം കെട്ടുത്സവങ്ങള്‍ക്ക് തീയതികള്‍ നേരത്തേ നിശ്ചയിച്ചിരുന്നുവെങ്കിലും കോവിഡ് 19 വ്യാപകമായ പശ്ചാത്തലത്തില്‍ അതില്‍ 10 ഇടങ്ങളിലും മാറ്റിവെക്കേണ്ടി വന്നു. 2021ല്‍ നടക്കാനിരുന്ന തെയ്യം കെട്ടുകള്‍ക്ക് ആഘോഷകമ്മിറ്റികള്‍ രൂപീകരിക്കാനും സാധിച്ചില്ല. അനുകൂല സാഹചര്യം ഉരുത്തിരിഞ്ഞാലും 2020ല്‍ നടക്കാതെ പോയവയ്ക്ക് മുന്‍ഗണന നല്‍കേണ്ടി വരുമ്പോള്‍ ഇനിയുള്ളവ ഏറെ നീണ്ടുപോകും.

തെയ്യംകെട്ടിന് മുന്നോടിയായുള്ള ‘കൂവം അളക്കല്‍’ ചടങ്ങ് നടന്ന തെക്കേ വെള്ളിക്കോത്ത് തറവാട് വയനാട്ടുകുലവന്‍ ദേവസ്ഥാനത്ത് തെയ്യം കെട്ടുത്സവത്തിന്റെ മുന്നൊരുക്കത്തിനായി ചെലവിട്ട 10 ലക്ഷത്തോളം വെറുതെയായെന്ന് ആഘോഷ കമ്മിറ്റി ജനറല്‍ സെക്രട്ടറി ടി.പി. കുഞ്ഞിക്കണ്ണന്‍ പറയുന്നു. തീയതി നിശ്ചയിച്ച പാലക്കുന്ന് കഴകത്തിലെ തൃക്കണ്ണാട് കുളത്തുങ്കാല്‍ തറവാട്ടില്‍ മുന്നൊരുക്കത്തിനായി 7 ലക്ഷത്തോളം പാഴായിപ്പോയെന്ന് അവിടത്തെ ആഘോഷ കമ്മിറ്റി ചെയര്‍മാനാനായ സി.എച്ച്. നാരായണന്‍ പറയുന്നു.

പാക്കം പള്ളിപ്പുഴ പുലിക്കോടന്‍ തറവാട്ടിലും തീയതി നിശ്ചയിച്ച ജില്ലയിലെ മറ്റിടങ്ങളിലും ലക്ഷങ്ങളാണ് പാഴായിപ്പോയത്. പാലക്കുന്ന് കഴകത്തില്‍ 2020 വരെ രണ്ട് വീതം തറവാടുകള്‍ക്ക് തെയ്യംകെട്ടിന് അനുവാദം നല്‍കിയിരുന്നുവെങ്കിലും 2021 മുതല്‍ അത് ഒന്നായി ചുരുക്കിയിട്ടുണ്ടെന്നും 2027 വരെ വിവിധ തറവാടുകള്‍ക്ക് അനുവാദം നല്‍കിയെന്നും പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് ഉദയമംഗലം സുകുമാരന്‍ പറഞ്ഞു. ഇതിന് പുറമെ 15 തറവാടുകള്‍ വേറെയും അപേക്ഷ നല്‍കിയിട്ടുണ്ടെന്നും നിലവിലെ സാഹചര്യത്തില്‍ ‘ഒരു നിശ്ചയമില്ലയൊന്നിനും’ എന്നാണ് അവസ്ഥയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *