CLOSE

ശിശുമരണ നിരക്ക് അഞ്ചില്‍ താഴെയാക്കുക സംസ്ഥാനത്തിന്റെ ലക്ഷ്യം:മന്ത്രി കെ.കെ. ശൈലജ

തിരുവനന്തപുരം: മാതൃമരണ നിരക്ക് (എംഎംആര്‍) ഗണ്യമായി കുറയ്ക്കുന്നതിനുള്ള നടപടികള്‍ക്കൊപ്പം ശിശു മരണനിരക്ക് (ഐഎംആര്‍) അഞ്ചില്‍ താഴെയാക്കാനാണ് സംസ്ഥാനം ലക്ഷ്യമിടുന്നതെന്ന് ആരോഗ്യമന്ത്രി ശ്രീമതി. കെ.കെ. ശൈലജ പറഞ്ഞു. ആരോഗ്യരംഗത്തെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന്റെ സാധ്യതകള്‍ വിശകലനം ചെയ്യുന്നതിനായി സംസ്ഥാന ആരോഗ്യവകുപ്പ് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര വെബിനാറില്‍ ‘ശിശു മരണനിരക്ക് കുറയ്ക്കല്‍; കേരളത്തിന്റെ പ്രവര്‍ത്തനങ്ങളും അനുഭവങ്ങളും’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

യുഎന്‍ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ക്ക് (എസ്ഡിജി) അനുസൃതമായി മാതൃ മരണനിരക്കും ശിശു മരണനിരക്കും കുറയ്ക്കുകയെന്ന ലക്ഷ്യം കേരളവും പ്രഖ്യാപിച്ചു. 2016ല്‍ പരിശോധിച്ചപ്പോള്‍ കേരളത്തിലെ ഐഎംആര്‍ 1000 ജനനങ്ങളില്‍ 12 ആയിരുന്നു. ഇത് പത്തില്‍ താഴെയാക്കുക എന്നതായിരുന്നു പിന്നീടുള്ള ലക്ഷ്യം. ഐഎംആര്‍ 2019ല്‍ ഏഴായി കുറഞ്ഞു. ഏറ്റവും പുതിയ ദേശീയ കുടുംബാരോഗ്യ സര്‍വേ (എന്‍എഫ്എച്ച്എസ്) ഇത് അഞ്ചില്‍ താഴെയാകുമെന്ന് കാണിക്കുന്നു. ലേബര്‍ റൂമുകളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായുള്ള കേന്ദ്ര സര്‍ക്കാരിന്റെ സംരംഭമായ ‘ലക്ഷ്യ’യുടെ മാനദണ്ഡങ്ങള്‍ക്കനുസൃതമായി സംസ്ഥാനത്തെ ആശുപത്രികളിലെ പ്രസവ മുറികളും അനുബന്ധ സൗകര്യങ്ങളും മെച്ചപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം മറ്റു ഘടകങ്ങളില്‍ കൂടി ശ്രദ്ധ കേന്ദ്രീകരിക്കുകയാണെങ്കില്‍ കേരളത്തിന് മാതൃ, ശിശു മരണനിരക്ക് ഇനിയും കുറയ്ക്കാനും ആരോഗ്യരംഗത്ത് കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കാനും സാധിക്കുമെന്ന് യുഎസ്എയിലെ ഹാര്‍വാര്‍ഡ് ടിഎച്ച് ചാന്‍ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ പ്രൊഫസര്‍ റിച്ചാര്‍ഡ് കാഷ് പറഞ്ഞു. ആരോഗ്യസൂചികയുടെ കാര്യത്തില്‍ അമേരിക്കയുമായും ഇംഗ്ലണ്ടുമായും സംസ്ഥാനത്തെ താരതമ്യപ്പെടുത്താന്‍ സാധിക്കുന്നത് അഭിമാനിക്കാവുന്ന കാര്യമാണ്. എന്നാല്‍ പാശ്ചാത്യ രാജ്യങ്ങളേക്കാള്‍ കിഴക്കന്‍ രാജ്യങ്ങളായ തായ് ലന്‍ഡ്, മലേഷ്യ, ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്ന് കൂടുതല്‍ പാഠങ്ങള്‍ ഉള്‍ക്കൊള്ളുകയും മാതൃകകള്‍ പകര്‍ത്തുകയുമാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2030 ഓടെ യു.എന്‍ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനായി എല്ലാവരേയും അണിനിരത്തി, അവരില്‍ നിന്നുള്ള ആശയങ്ങളുടേയും നിര്‍ദേശങ്ങളുടെയും അടിസ്ഥാനത്തില്‍ പുതിയ കണ്ടെത്തലുകള്‍ക്കും പരിഹാരങ്ങള്‍ക്കും രൂപം നല്‍കണമെന്ന് യുനിസെഫ് ഇന്ത്യ ഹെല്‍ത്ത് സ്‌പെഷ്യലിസ്റ്റ് ഡോ. വിവേക് വീരേന്ദ്ര സിംഗ് പറഞ്ഞു.

ഇന്ത്യയുടെ മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് കേരളത്തിന്റെ ആരോഗ്യസംവിധാനം വളരെയധികം പുരോഗമിച്ചിട്ടുണ്ടെങ്കിലും നേത്രരോഗം, ശ്രവണ വൈകല്യങ്ങള്‍ ഉള്‍പ്പെടെ വിവിധ മേഖലകളിലെ വിദഗ്ധരുടെ സേവനം ഉപയോഗപ്പെടുത്തേണ്ടതുണ്ടെന്ന് പബ്ലിക് ഹെല്‍ത്ത് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയിലെ പ്രൊഫ. ഡോ. രാഖി ദണ്ഡോന പറഞ്ഞു. ശിശു പ്രസവ സേവനം കൂടുതല്‍ ശിശുസൗഹൃദമാക്കാനുള്ള നടപടികള്‍ ഉണ്ടാകണം. മരണനിരക്ക് കുറയ്ക്കുന്നതിന് പ്രസവ ശുശ്രൂഷ, നവജാത ശിശുക്കളുടെ പരിപാലനം, ഗര്‍ഭാവസ്ഥയുമായി ബന്ധപ്പെട്ട പ്രമേഹവും അമിതവണ്ണവും, നവജാതശിശു വളര്‍ച്ചയും വികാസവും തുടങ്ങിയ വിഷയങ്ങളില്‍ ഗവേഷണം ആരംഭിക്കാന്‍ കേരളത്തിന് കഴിയുമെന്നും അവര്‍ അഭിപ്രായപ്പെട്ടു.

ഉപഭൂഖണ്ഡത്തിലെ മറ്റ് രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യയിലെ ആരോഗ്യ അസമത്വം വളരെ കുറവാണെന്ന് ഹെല്‍ത്ത് ഇക്വിറ്റി മോണിറ്ററിംഗ് ലീഡിലെ ഡോ. അഹമ്മദ് റെസ ഹൊസൈന്‍പൂര്‍ പറഞ്ഞു. യുഎന്‍ ഏജന്‍സി വികസിപ്പിച്ചെടുത്ത ഹീറ്റ് (ഹെല്‍ത്ത് ഇക്വിറ്റി അസസ്‌മെന്റ് ടൂള്‍കിറ്റ്) എന്ന സോഫ്‌റ്റ്വെയര്‍ ആപ്ലിക്കേഷന്‍ ഒരു രാജ്യത്തിനുള്ളിലെ ആരോഗ്യ അസമത്വങ്ങള്‍ വിലയിരുത്തുന്നതിന് സഹായകമാണെന്നും അദ്ദേഹം പറഞ്ഞു.

ഉയര്‍ന്ന സ്ത്രീ സാക്ഷരത, ആശുപത്രികളില്‍ തന്നെയുള്ള പ്രസവം, ഗുണനിലവാരമുള്ള ആരോഗ്യ കേന്ദ്രങ്ങള്‍, ഗതാഗത സൗകര്യം, വിദ്യാഭ്യാസ, ആരോഗ്യ കാര്യങ്ങളിലുള്ള ആളുകളുടെ ശ്രദ്ധ തുടങ്ങിയ ഘടകങ്ങള്‍ മാതൃമരണ നിരക്ക് കുറയ്ക്കുന്നതില്‍ സംസ്ഥാനത്തെ സഹായിക്കുന്നുണ്ടെന്ന് ആലുവ രാജഗിരി ആശുപത്രിയിലെ സീനിയര്‍ കണ്‍സള്‍ട്ടന്റും കോണ്‍ഫിഡന്‍ഷ്യല്‍ റിവ്യൂ ഓഫ് മെറ്റേണല്‍ ഡെത്ത് സ്റ്റേറ്റ് കോര്‍ഡിനേറ്ററുമായ ഡോ. വി.പി. പൈലി അഭിപ്രായപ്പെട്ടു.

ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് മുന്‍ പ്രസിഡന്റ് ഡോ. എസ്.എസ്. കമ്മത്ത്, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. റംലാബീവി, ഹെല്‍ത്ത് സര്‍വീസ് ഡയറക്ടര്‍ ഡോ. സരിത ആര്‍.എല്‍, കൊല്ലം ആര്‍സിഎച്ച് ഓഫീസര്‍ ഡോ. കൃഷ്ണവേണി, എന്‍എച്ച്എം ചൈല്‍ഡ് ഹെല്‍ത്ത് സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ ഡോ. ശ്രീഹരി എം എന്നിവരും വിഷയത്തില്‍ അവരുടെ കാഴ്ചപ്പാടുംകളും നിര്‍ദേശങ്ങളും പങ്കുവച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *