CLOSE

കോവിഡ് നിയന്ത്രണം; ദീര്‍ഘദൂര രാത്രികാല സര്‍വ്വീസുകള്‍ തുടരുമെന്ന് കെഎസ്ആര്‍ടിസി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡിന്റെ രണ്ടാം തരംഗം റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ തുടരുന്നതിന് ഇടയിലും കെഎസ്ആര്‍ടിസി ദീര്‍ഘ ദൂര സര്‍വ്വീസുകളും രാത്രികാല സര്‍വ്വീസുകളും തുടരും. കെഎസ്ആര്‍ടിസി സിഎംഡിയാണ് ഇക്കാര്യം അറിയിച്ചത്. വരുമാന നഷ്ടത്തെ തുടര്‍ന്ന് ദീര്‍ഘ ദൂര, രാത്രി കാല സര്‍വ്വീസുകള്‍ നിര്‍ത്തുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് അദ്ദേഹം പറഞ്ഞു.

നിലവിലെ ഉത്തരവ് അനുസരിച്ച് 50 % സര്‍വ്വീസുകള്‍ എപ്പോഴും നിലനിര്‍ത്താനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. അത് ആവശ്യമെങ്കില്‍ കോവിഡ് മാറുന്ന നിലയക്ക് 70% ആയി ഉയര്‍ത്താനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മേയ് 15 മുതല്‍ കര്‍ഫ്യൂ ഒഴിവാക്കുന്ന മുറയ്ക്ക് സര്‍വ്വീസുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനുള്ള നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.

ആരോഗ്യപ്രവര്‍ത്തകര്‍ക്കും, രോഗികള്‍ക്കും ആശുപത്രിയില്‍ പോകുന്നതിന് കഴിഞ്ഞ രണ്ട് ഞാറാഴ്ച്ചകളിലും കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ നടത്തിയിരുന്നു. വരുമാനത്തേക്കാള്‍ കൂടുതല്‍ ഡീസല്‍ ചിലവ് മൂലം നഷ്ടം ഉണ്ടായിരുന്നിട്ടുപോലും സര്‍വ്വീസുകള്‍ ഒഴിവാക്കിയിരുന്നില്ല. 50 ശതമാനമായി സര്‍വ്വീസുകള്‍ കുറച്ചുവെന്നതല്ലാതെ ദീര്‍ഘ ദൂര സര്‍വ്വീസുകള്‍ നിര്‍ത്തിയിരുന്നില്ല. യാത്രാക്കാരെ ബുദ്ധിമുട്ടിക്കാത്ത രീതിയില്‍ 50% നിലനിര്‍ത്തി ആവശ്യാസുരണം സര്‍വ്വീസുകള്‍ തുടരുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

മേയ് 15 മുതല്‍ പകല്‍ കൂടുതല്‍ സര്‍വ്വീസ് നടത്തും. ബസുകളിലും, സ്റ്റോപ്പുകളിലും കൂടുതല്‍ തിരക്ക് ഉണ്ടാകാതെയും യാത്രാക്കാര്‍ കൂട്ടം കൂടാതെയും ആയിരിക്കും സര്‍വ്വീസുകള്‍ നടത്തുക. സാമ്പത്തിക ബാധ്യത ഉണ്ടെങ്കില്‍ പോലും സര്‍ക്കാര്‍ പൊതു ഗതാഗതം അവശ്യ സര്‍വ്വീസായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ സര്‍വ്വീസുകള്‍ നടത്തും. പൂര്‍ണ്ണ ലോക്ക് ഡൗണ്‍ ഉണ്ടെങ്കില്‍ മാത്രമേ സര്‍വ്വീസ് പൂര്‍ണ്ണമായി നിയന്ത്രിക്കുകയുള്ളൂ. അല്ലാത്ത സമയങ്ങളില്‍ യാത്രാക്കാരുടെ തിരക്കിന് അനുസരിച്ച് ബസുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്.

രാവിലെ 7 മുതല്‍ 11 മണി വരെയും, വൈകിട്ട് 3 മുതല്‍ രാത്രി 7 മണി വരെയും കൂടുതല്‍ സര്‍വ്വീസ് നടത്താന്‍ വേണ്ടിയാണ്, ജീവനക്കാരുടെ സംഘടനകളുമായി ചര്‍ച്ച ചെയ്തു 12 മണിക്കൂര്‍ എന്നുള്ള ഷിഷ്റ്റ് ഈ കോവിഡ് കാലത്തേക്ക് താല്‍ക്കാലികമായി നടപ്പിലാക്കിയത്. ദൂരെ സ്ഥലങ്ങളില്‍ നിന്നുള്ള കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് 4 ദിവസത്തെ ഡ്യൂട്ടിക്ക് ശേഷം കൂടുതല്‍ വിശ്രമം നല്‍കുന്നതിന് വേണ്ടിയാണ് ഈ തീരുമാനം നടപ്പിലാക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *