CLOSE

ഒപ്പം താമസിച്ചിരുന്ന യുവതിയെ ഡീസല്‍ ഒഴിച്ച് തീ കൊളുത്തി; പൊള്ളലേറ്റ യുവതി ഗുരുതരാവസ്ഥയില്‍; ഇതരസംസ്ഥാന തൊഴിലാളി കസ്റ്റഡിയില്‍

ആലപ്പുഴ: മാവേലിക്കരയില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ ഡീസല്‍ ഒഴിച്ചു തീകൊളുത്തിയ കേസില്‍ അതിഥിത്തൊഴിലാളി പോലീസ് കസ്റ്റഡിയില്‍. ഗുരുതരമായി പൊള്ളലേറ്റ ബംഗാള്‍ സ്വദേശിനി ആശുപത്രിയില്‍ ചികിത്സയിലാണ്. ബംഗാള്‍ മാള്‍ഡ സലൈഡങ്ക ചില്ലിമാപ്പുര്‍ ബബ്ലു മര്‍ഡിയുടെ ഒപ്പം താമസിച്ചിരുന്ന സുജിത കിസ്‌കു (20) ആണ് 85% പൊള്ളലേറ്റ് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്നത്. സംഭവത്തില്‍ ബംഗാള്‍ മാള്‍ഡ സലൈഡങ്ക ദക്കിന്‍ബാസ്തുവില്‍ കുര്‍ദൂസ് അന്‍സാരിയെ (22) ആണ് കുറത്തികാട് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ പുലര്‍ച്ചെയാണു സംഭവം. ഇരുവരും കഴിഞ്ഞ ഒരു മാസമായി മാങ്കാംകുഴി നാലുമുക്കിനു സമീപത്തെ വീട്ടില്‍ വാടകയ്ക്കു താമസിക്കുകയായിരുന്നു. പൊള്ളലേറ്റ സുജിതയുടെ ഭര്‍ത്താവും മക്കളും ബംഗാളിലാണ്. തനിക്കൊപ്പം താമസിക്കുന്ന കുര്‍ദൂസ് അന്‍സാരിയാണു തീ കൊളുത്തിയതെന്നു സുജിത ഡോക്ടര്‍ക്ക് മൊഴി നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണു കുര്‍ദൂസ് അന്‍സാരിയെ കസ്റ്റഡിയിലെടുത്തത്. രണ്ടര വര്‍ഷമായി വെട്ടിയാറില്‍ താമസിക്കുന്ന കുര്‍ദൂസ് അന്‍സാരി നിര്‍മാണത്തൊഴിലാളിയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *