CLOSE

ഓക്‌സിജന്‍ അളവിലും വെട്ടിപ്പ്: പരിശോധനയുമായി ലീഗല്‍ മെട്രോളജി വകുപ്പ്

ആലുവ: സിലിണ്ടറുകളിലെ ഓക്‌സിജന്‍ അളവിലും വെട്ടിപ്പ് നടക്കുന്നതായി ആക്ഷേപം. ലീഗല്‍ മെട്രോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധനക്ക് രംഗത്തിറങ്ങി. ജില്ലയില്‍ ഓക്‌സിജന്‍ സിലിണ്ടര്‍ വില്‍ക്കുന്ന സ്ഥാപനങ്ങളില്‍ ഫ്‌ളൈയിങ് സ്‌ക്വാഡ് മിന്നല്‍ പരിശോധന ആരംഭിച്ചു. ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന ബില്ലില്‍ ഓക്‌സിജന്റെ അളവ് വ്യക്തമായി എഴുതുന്നില്ലെന്ന് കണ്ടെത്തി.

കഴിഞ്ഞ ദിവസം അമ്പലമുഗള്‍ മേഖലയില്‍ നടത്തിയ പരിശോധനയിലാണ് തെറ്റായ രീതി കണ്ടെത്തിയത്. സിലിണ്ടറില്‍ നിറക്കുന്ന ഓക്‌സിജന്റെ അളവ് ക്യുബിക് മീറ്ററിലാണ് ബില്ലില്‍ രേഖപ്പെടുത്തത്.
അതിനോടൊപ്പം കിലോഗ്രാമിലും അളവ് രേഖപ്പെടുത്തണമെന്ന് ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചു. സാധാരണ 48 കിലോ ഭാരമുള്ള സിലിണ്ടറിലാണ് ഓക്‌സിജന്‍ നല്‍കുന്നത്. ഏഴ് ക്യുബിക് മീറ്റര്‍ ഓക്‌സിജന് സമമാണ് 9.5 കിലോഗ്രാം ഓക്‌സിജന്‍. ഇപ്രകാരം അളവ് രേഖപ്പെടുത്തിയാല്‍ രോഗിക്കും ഡോക്ടറിനും കൃത്യമായ ധാരണ ലഭിക്കുമെന്നും ലീഗല്‍ മെട്രോളജി ഡെപ്യൂട്ടി കണ്‍ട്രോളര്‍ സി ഷാമോന്‍ അറിയിച്ചു.

വീടുകളില്‍ നല്‍കുന്ന എല്‍.പി.ജി സിലിണ്ടറില്‍ പാചകവാതകം കിലോഗ്രാമില്‍ രേഖപ്പെടുത്തിയിരിക്കണമെന്ന് നിയമമുണ്ട്. ഇതേ നിയമം ഓക്‌സിജന്‍ സിലിണ്ടറിനും ബാധകമാണെന്നും മെട്രോളജി ഡെപ്യൂട്ടി കണ്‍ട്രോളര്‍ പറഞ്ഞു. തുടര്‍ ദിവസങ്ങളിലും പരിശോധനയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. ലീഗല്‍ മെട്രോളജി സ്‌ക്വാഡില്‍ ഇന്‍സ്‌പെക്ടര്‍ റീന തോമസ്, ഇന്‍സ്‌പെക്ടിങ് അസിസ്റ്റന്റുമാരായ എ.എക്‌സ് ജോസ്, വി.എസ് രജീഷ് എന്നിവരും ഉണ്ടായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *