CLOSE

മദ്രസ അധ്യാപകര്‍ക്ക് ശമ്പളവും അലവന്‍സുകളും നല്‍കുന്നത് സര്‍ക്കാരല്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: മദ്രസ അധ്യാപകര്‍ക്ക് ശമ്പളവും അലവന്‍സുകളും നല്‍കുന്നത് സര്‍ക്കാരല്ലെന്നും മദ്രസ മാനേജുമെന്റുകളാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. ബജറ്റില്‍ നിന്നും വലിയൊരു വിഹിതം ചെലവഴിച്ചാണ് സര്‍ക്കാര്‍ മദ്രസ അധ്യാപകര്‍ക്ക് ശമ്പളം നല്‍കുന്നതെന്ന് സമൂഹ മാധ്യമങ്ങളില്‍ വ്യാജപ്രചരണം നടക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

സമൂഹ മാധ്യമങ്ങള്‍ വഴി യഥാര്‍ത്ഥ വസ്തുത പൊതുജനങ്ങളെ ബോധ്യപ്പെടുത്തും. ഇതിനായി കേരള മദ്രസ അധ്യാപക ക്ഷേമനിധി ബോര്‍ഡ് ശ്രമം തുടങ്ങിയിട്ടുണ്ട്. വിവര പൊതുജന സമ്പര്‍ക്ക വകുപ്പിന്റെ ഫാക്ട് ചെക്ക് ടീം വിഷയം രജിസ്റ്റര്‍ ചെയ്ത് പരിശോധിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. പി കെ ബഷീര്‍, എന്‍ ഷംസുദ്ദീന്‍, മഞ്ഞളാംകുഴി അലി, കെ പി എ മജീദ് എന്നിവരുടെ ചോദ്യങ്ങള്‍ക്ക് നിയമസഭയില്‍ മറുപടി പറയുകയായിരുന്നു ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ചുമതല കൂടിയുള്ള മുഖ്യമന്ത്രി.
സംസ്ഥാനത്തെ മദ്രസ അധ്യാപകര്‍ക്ക് സര്‍ക്കാര്‍ പെന്‍ഷനും ആനുകൂല്യങ്ങളും നല്‍കുന്നതിനെതിരായ ഹര്‍ജിയില്‍ ഈ മാസം ആദ്യം ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടിയിരുന്നു. മതപരമായ പ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ എന്തിനാണ് പണം മുടക്കുന്നതെന്നും കോടതി ചോദിച്ചു. 2019ലെ കേരള മദ്രസ അധ്യാപക ക്ഷേമനിധി ഫണ്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയായിരുന്നു കോടതിയുടെ പരാമര്‍ശങ്ങള്‍. ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ഡോ. കൗസര്‍ എടപ്പഗത്ത് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് നടപടി.

സിറ്റിസണ്‍സ് ഓര്‍ഗനൈസേഷന്‍ ഫോര്‍ ഡെമോക്രസി ഇക്വാളിറ്റി ആന്‍ഡ് സെക്യുലറിസം എന്ന സംഘടനയുടെ പേരില്‍ വാഴക്കുളം സ്വദേശി മനോജ് എന്നയാളാണ് ഹൈക്കോടതിയെ സമീപിച്ചത്. മദ്രസ അധ്യാപകര്‍ക്ക് പെന്‍ഷനും ആനുകൂല്യങ്ങളും നല്‍കുന്നതിനായി കൊണ്ടുവന്ന കേരള മദ്രസ അധ്യാപക ക്ഷേമനിധി നിയമത്തിനെതിയാരാണ് സംഘടന കോടതിയിലെത്തിയത്. 2018 ആഗസ്റ്റ് 31നാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പാസാക്കിയത്. ഇത് കൃത്യസമയത്ത് നിയമസഭയിലെത്തിയിട്ടില്ലെന്നാണ് ഹര്‍ജിക്കാരുടെ വാദം. അതിനാല്‍ നിയമം എത്രയും വേഗം റദ്ദാക്കണമെന്നാണ് സംഘടന കോടതിയില്‍ ആവശ്യപ്പെട്ടത്.

സര്‍ക്കാര്‍ പാസാക്കിയ ഈ നിയമ പ്രകാരമാണ് കേരള മദ്രസാ അധ്യാപക വെല്‍ഫയര്‍ ഫണ്ട് ബോര്‍ഡ് രൂപീകരിച്ചത്. 18നും 55നും ഇടയില്‍ പ്രായമുള്ള മദ്രസ അധ്യാപകര്‍ക്ക് ബോര്‍ഡിലെ അംഗങ്ങളാകാന്‍ വ്യവസ്ഥയുണ്ടായിരുന്നു. കൃത്യസമയത്ത് നിയമസഭയില്‍ പോലും വെക്കാത്ത ഓര്‍ഡിനന്‍സും അതുവഴി സ്ഥാപിതമായ ക്ഷേമനിധി ബോര്‍ഡും കാലഹരണപ്പെട്ടതാണെന്നാണ് ഹര്‍ജിക്കാര്‍ കോടതി മുമ്പാകെ പറഞ്ഞു. അധ്യാപകര്‍ 50 രൂപവീതം പ്രതിമാസം ക്ഷേമനിധിയിലേക്ക് അടയ്ക്കണം. ഒരധ്യാപകന് 50 രൂപയെന്ന നിരക്കില്‍ മദ്രസ കമ്മിറ്റികളും പ്രതിമാസം നല്‍കണം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളില്‍നിന്നോ തദ്ദേശഭരണസ്ഥാപനങ്ങളില്‍നിന്നോ ലഭിക്കുന്ന ഗ്രാന്റുകളും നിധിയില്‍ ഉള്‍പ്പെടുത്തും. ഈ വ്യവസ്ഥ നിയമവിരുദ്ധമാണെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *