CLOSE

പാരിതോഷികമായി ലഭിച്ച പണം തട്ടിയെടുത്തെന്ന പരാതി; മൂന്നുപേര്‍ക്കെതിരെ കേസ്

കോട്ടയം: തന്റെ ബാങ്ക് അക്കൗണ്ടില്‍നിന്ന് പണം തട്ടിയെടുത്തെന്ന് കാണിച്ച്, പ്രധാനമന്ത്രിയുടെ ‘മന്‍ കി ബാത്തി’ലൂടെ ശ്രദ്ധേയനായ കുമരകം മഞ്ചാടിക്കരി എന്‍.എസ് രാജപ്പന്‍ നല്‍കിയ പരാതിയില്‍ സഹോദരിയടക്കം മൂന്ന് ബന്ധുക്കള്‍ക്കെതിരെ കേസ്. കുമരകം മഞ്ചാടിക്കരി ചെത്തുവേലി വിലാസിനി, ഭര്‍ത്താവ് കുട്ടപ്പന്‍, മകന്‍ ജയലാല്‍ എന്നിവര്‍ക്കെതിരെയാണ് വിശ്വാസവഞ്ചനയടക്കം നാല് വകുപ്പ് ചുമത്തി കുമരകം പോലീസ് കേസെടുത്തത്.

തന്റെ അക്കൗണ്ടില്‍നിന്ന് സഹോദരി വിലാസിനിയും ഭര്‍ത്താവും മകനും ചേര്‍ന്ന് 5.08 ലക്ഷം രൂപ പിന്‍വലിച്ചതായി വ്യാഴാഴ്ചയാണ് കുമരകം മഞ്ചാടിക്കരി എന്‍.എസ് രാജപ്പന്‍ കോട്ടയം ജില്ല പോലീസ് മേധാവിക്ക് പരാതി നല്‍കിയത്. ‘മന്‍ കി ബാത്തി’ല്‍ പ്രധാനമന്ത്രിയുടെ അഭിനന്ദനം ലഭിച്ചശേഷം വ്യക്തികളില്‍നിന്നും സംഘടനകളില്‍നിന്നും രാജപ്പന് പാരിതോഷികമായി ലഭിച്ച പണമാണിത്. ബാങ്കില്‍ പോയി അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് സഹോദരിയുടെയും തന്റെയും പേരിലെ ജോയന്റ് അക്കൗണ്ടില്‍നിന്ന് രണ്ടു തവണയായി 5,0,8000 രൂപ പിന്‍വലിച്ചതായി അറിഞ്ഞതെന്ന് പരാതിയില്‍ പറയുന്നു. തുടര്‍ന്ന് കുമരകം ഇന്‍സ്‌പെക്ടറെ അന്വേഷണത്തിന് ജില്ല പോലീസ് മേധാവി ചുമതലപ്പെടുത്തുകയായിരുന്നു.

21 ലക്ഷം രൂപയോളമാണ് അക്കൗണ്ടില്‍ വന്നിരുന്നത്. പക്ഷാഘാതം മൂലം കാലുകള്‍ തകര്‍ന്ന രാജപ്പന്‍ സ്വയം വള്ളം തുഴഞ്ഞ് വേമ്പനാട്ടുകായലിലെയും മീനച്ചിലാറ്റിലെയും കൈവഴികളിലെയും പ്ലാസ്റ്റിക് കുപ്പികള്‍ പെറുക്കി വിറ്റാണ് ഉപജീവനം നടത്തിയിരുന്നത്. തനിക്ക് സമ്മാനമായി ലഭിച്ച രണ്ട് വള്ളവും വിലാസിനി കൈവശം വെച്ചിരിക്കുകയാണെന്നും രാജപ്പന്‍ പരാതിയില്‍ പറയുന്നുണ്ട്. സ്വന്തമായി വീടില്ലാത്ത രാജപ്പന്‍ സഹോദരന്‍ പാപ്പച്ചിക്കൊപ്പമാണ് താമസം. നേരത്തേ വിലാസിനിക്കൊപ്പമായിരുന്നു താമസം. രാജപ്പന് വീട് നിര്‍മിക്കാനുള്ള സ്ഥലത്തെ ചൊല്ലി തര്‍ക്കമുണ്ടായതോടെ സഹോദന്റെയടുത്തേക്ക് താമസം മാറുകയായിരുന്നു. അക്കൗണ്ട് വിവരങ്ങള്‍ ആവശ്യപ്പെട്ട് കുമരകം ഫെഡറല്‍ ബാങ്കിന് കത്ത് നല്‍കിയതായി കുമരകം എസ്.എച്ച്.ഒ വി സജികുമാര്‍ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *