CLOSE

കോവിഡ് രോഗിയെ ആശുപത്രിയിലേക്ക് മാറ്റാന്‍ ഒരുലക്ഷത്തിലധികം രൂപ: ഡോക്ടര്‍ അറസ്റ്റില്‍

ഡല്‍ഹി: കോവിഡ് രോഗിയെ ആശുപത്രിയിലേക്ക് മാറ്റാന്‍ അമിതചാര്‍ജ്ജ് ഈടാക്കിയ ആംബുലന്‍സ് ഉടമയായ ഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്തു. കൊറോണ രോഗികളെ കൊണ്ടു പോകുന്നതിന് രണ്ട് മുതല്‍ മൂന്നിരട്ടി വരെ അധികചാര്‍ജ്ജ് ഇയാള്‍ ഈടാക്കിയിരുന്നെന്ന് ഡല്‍ഹി പോലീസ് പറഞ്ഞു. ഗുരുഗ്രാമില്‍ നിന്നും ലുധിയാനയിലേക്ക് ഒരു രോഗിയെ മാറ്റാനായി 1.20 ലക്ഷം രൂപ ഈടാക്കിയ സംഭവത്തിലാണ് അറസ്റ്റ്.

കാര്‍ഡിയാകെയര്‍ ആംബുലന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ ആംബുലന്‍സ് സര്‍വ്വീസ് കമ്പനി നടത്തി വന്ന മിമോ കുമാര്‍ ബിന്ദ്വാള്‍ ആണ് അറസ്റ്റിലായത്. കോവിഡ് പോസിറ്റീവായ അമ്മയെ ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമിച്ച അമന്‍ദീപ് കൗറില്‍ നിന്നാണ് അമിതപണം വാങ്ങിയത്.
ആദ്യം 1.40 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. എന്നാല്‍ സ്വന്തമായി ഓക്സിജന്‍ സിലിണ്ടര്‍ സംഘടിപ്പിക്കാമെന്ന് പറഞ്ഞതോടെ ചാര്‍ജ്ജ് 1.20 ലക്ഷം രൂപായായി കുറയ്ക്കുകയായിരുന്നുവെന്ന് അമന്‍ദീപ് പറഞ്ഞു. ഇതില്‍ 95,000 രൂപ ആംബുലന്‍സ് കമ്പനിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് മുന്‍കൂറായി നിക്ഷേപിച്ചു.

കഴിഞ്ഞ ഒരു മാസമായി നിരവധി പേരില്‍ നിന്നും ഇയാള്‍ അമിതപണം വാങ്ങിയതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. തുടര്‍ന്നായിരുന്നു അറസ്റ്റ്. ഐപിസി സെക്ഷന്‍ 420 പ്രകാരമാണ് കേസ് ചാര്‍ജ്ജ് ചെയ്തിരിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *