CLOSE

16കാരിയെ കൊന്ന് മരത്തില്‍ കെട്ടിത്തൂക്കിയ നിലയില്‍; ക്രൂരമായി മര്‍ദിച്ച് കണ്ണ് ചൂഴ്‌ന്നെടുത്തിരുന്നു

റാഞ്ചി: ഝാര്‍ഖണ്ഡില്‍ 16കാരിയെ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തി മരത്തില്‍ കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തി. 10-ാം ക്ലാസുകാരിയുടെ വലതുകണ്ണ് ചൂഴ്‌ന്നെടുത്ത നിലയിലായിരുന്നു. പലാമു ജില്ലയിലെ ലലിമതി വനമേഖലയില്‍നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

പങ്കി പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ബുധബാര്‍ ഗ്രാമവാസിയാണ് പെണ്‍കുട്ടി. ജൂണ്‍ ഏഴിന് രാവിലെ 10 മണിയോടെ പുറത്തുപോയതാണ് പെണ്‍കുട്ടി. പിന്നീട് തിരിച്ചെത്തിയിരുന്നില്ല. ചൊവ്വാഴ്ച പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നതായി സ്‌റ്റേഷന്‍ ഇന്‍ ചാര്‍ജ് അശോക് കുമാര്‍ പറഞ്ഞു. തുടര്‍ന്ന് പ്രദേശവാസികളുടെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് മൃതദേഹം മരത്തില്‍ തുണികൊണ്ട് കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തുന്നത്. പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദിച്ചതിന്റെ പാടുകള്‍ ശരീരത്തിലുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

പെണ്‍കുട്ടിയെ പ്രതികള്‍ ലൈംഗികമായി ഉപദ്രവിച്ചതായി കുടുംബം ആരോപിച്ചു. അതേസമയം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ മാത്രമേ കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതാണോയെന്ന് വ്യക്തമാകൂവെന്ന് പോലീസ് പറഞ്ഞു.

പെണ്‍കുട്ടിയുടെ പിതാവ് പ്രാദേശിക ബി.ജെ.പി നേതാവാണ്. അഞ്ചുമക്കളില്‍ മൂത്തയാളാണ് പെണ്‍കുട്ടി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബുധനാഴ്ച വൈകിട്ടോടെ പെണ്‍കുട്ടിയുടെ മൃതദേഹം സംസ്‌കരിച്ചു.

പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തുനിന്ന് ഒരു മൊബൈല്‍ ഫോണ്‍ കണ്ടെത്തിയിരുന്നു. അതിലെ കോള്‍ വിവരങ്ങള്‍ പരിശോധിച്ചതില്‍നിന്ന് 23കാരനായ പ്രദീപ് കുമാര്‍ സിങ് ധനുക്കിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടുതല്‍ പ്രതികളുണ്ടെന്നാണ് നിഗമനം. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *