മുംബൈ: ഒന്‍പതുമാസത്തിനുശേഷം പുതിയ യു.പി.ഐ. ഉപഭോക്താക്കളെ സേവനത്തിന്റെ ഭാഗമായി ഉള്‍പ്പെടുത്താന്‍ ഫിന്‍ടെക് കമ്ബനിയായ പേടിഎമ്മിന് നാഷണല്‍ പേമെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍.പി.സി.ഐ.) അനുമതി നല്‍കി. യു.പി.ഐ. ഇടപാടുകള്‍ക്കായി പേടിഎം പേമെന്റ് ബാങ്കിനെയായിരുന്നു കമ്ബനി ഉപയോഗിച്ചിരുന്നത്.
പേടിഎം പേമെന്റ് ബാങ്കില്‍ കെ.വൈ.സി. നടപടികളില്‍ വീഴ്ച കണ്ടെത്തിയതോടെ കഴിഞ്ഞ ജനുവരിയിലാണ് ആര്‍.ബി.ഐ. പേടിഎമ്മിന് യു.പി.ഐ. ഉപഭോക്താക്കളെ ചേര്‍ക്കുന്നതില്‍ നിയന്ത്രണം കൊണ്ടുവന്നത്. പുതിയ ഉപഭോക്താക്കളെ ചേര്‍ക്കാന്‍ അനുമതിയായത് യു.പി.ഐ. വിപണിവിഹിതം കൂടാന്‍ സഹായകമാകുമെന്ന് കമ്ബനി പ്രതീക്ഷ പ്രകടിപ്പിച്ചു. നേരത്തെ, യു.പി.ഐ.യില്‍ 13 ശതമാനംവരെ വിപണി വിഹിതമുണ്ടായിരുന്ന പേടിഎമ്മിന് നിയന്ത്രണം വന്നതോടെയിത് ഏഴു ശതമാനമായി ചുരുങ്ങിയിരുന്നു.