ഇന്റഗ്രേറ്റഡ് ടീച്ചര്‍ എജ്യൂക്കേഷന്‍ പ്രോഗ്രാം:പുതിയ ബാച്ചിന് തുടക്കം

പെരിയ: കേരള കേന്ദ്ര സര്‍വകലാശാലയില്‍ ഇന്റഗ്രേറ്റഡ് ടീച്ചര്‍ എജ്യൂക്കേഷന്‍ പ്രോഗ്രാമിന്റെ (ഐടിഇപി) രണ്ടാമത്തെ ബാച്ചിന് തുടക്കമായി. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി കഴിഞ്ഞ അധ്യയന വര്‍ഷമാണ് നാല് വര്‍ഷത്തെ പ്രോഗ്രാമുകള്‍ സര്‍വകലാശാല ആരംഭിച്ചത്. ബി.എസ്.സി. ബി.എഡ് (ഫിസിക്സ്, സുവോളജി), ബി.എ. ബി.എഡ് (ഇംഗ്ലീഷ്, എക്കണോമിക്സ), ബി.കോം. ബിഎഡ് എന്നിങ്ങനെ അഞ്ച് പ്രോഗ്രാമുകളാണ് സര്‍വകലാശാല നടത്തുന്നത്. സബര്‍മതി ഹാളില്‍ നടന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഇന്‍ ചാര്‍ജ്ജ് പ്രൊഫ. വിന്‍സെന്റ് മാത്യു പുതിയ ബാച്ചിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.വിവിധ വിഷയങ്ങളുടെ സങ്കലനത്തിലൂന്നിയ പഠന രീതിയാണ് പുതിയ ദേശീയ വിദ്യാഭ്യാസ നയം മുന്നോട്ടുവെക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പുതിയ നയം തുടക്കം മുതല്‍ സര്‍വകലാശാല നടപ്പിലാക്കി വരുന്നതായും വൈസ് ചാന്‍സലര്‍ വിശദീകരിച്ചു. ഡീന്‍ അക്കാദമിക് പ്രൊഫ. അമൃത് ജി. കുമാര്‍ അധ്യക്ഷത വഹിച്ചു. രജിസ്ട്രാര്‍ ഡോ. എം. മുരളീധരന്‍ നമ്പ്യാര്‍, ഡീന്‍ സ്റ്റുഡന്റ്സ് വെല്‍ഫെയര്‍ പ്രൊഫ. രാജേന്ദ്ര പിലാങ്കട്ട, പ്രൊഫ. മുഹമ്മദുണ്ണി ഏലിയാസ് മുസ്തഫ എന്നിവര്‍ ആശംസ അര്‍പ്പിച്ചു. എജ്യൂക്കേഷന്‍ വിഭാഗം അധ്യക്ഷന്‍ പ്രൊഫ. വി.പി. ജോഷിത്ത് സ്വാഗതവും അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. മഞ്ജു പെരുമ്പില്‍ നന്ദിയും പറഞ്ഞു. വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. വരും ദിവസങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി പഠന സമാരംഭ പരിപാടി സംഘടിപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *