പാലക്കുന്നിലെ റെയില്‍വേ ഗേറ്റ് :ഈ ദുരിതം ഇനിയും എത്ര നാള്‍ പേറണം;

പാലക്കുന്ന്: പാലക്കുന്നിലെ റെയില്‍വേ ഗേറ്റ് മൂലം നാട്ടുകാരും വാഹനയാത്രക്കാരും പേറുന്ന ദുരിതം മറ്റൊരു ലവല്‍ ക്രോസിങ്ങിലും കാണില്ല. കോട്ടിക്കുളം റെയില്‍വേ സ്റ്റേഷനില്‍ സ്റ്റോപ്പുള്ളതും ഇല്ലാത്തതുമായ ഒട്ടേറെ ട്രെയിനുകളുടെ സുഗമ യാത്രയ്ക്ക് ഗേറ്റ് അടച്ചേ തീരൂ. മേല്‍പ്പാലം യഥാര്‍ഥ്യമാകും വരെ അത് സഹിച്ചേ പറ്റൂ. വണ്ടികള്‍ പോയിക്കഴിഞ്ഞാല്‍ ഗേറ്റ് തുറക്കുന്നത്തോടെ ഇരു ഭാഗത്ത് നിന്നും വാഹനങ്ങള്‍ അപ്പുറം കടക്കാന്‍ ധൃതി കൂട്ടുന്നത് ഉടനെ വീണ്ടുമൊരു വണ്ടി കടന്നുപോകാന്‍ ഗേറ്റ് അടക്കുമോ എന്ന ശങ്കയിലും. രാവിലെയും വൈകുന്നേരവുമാണ് ഈ ഗേറ്റ് അടയ്ക്കല്‍ കൂടുതലും. വണ്ടികളുടെ തിരക്കും വാഹനങ്ങളുടെ പോക്കുവരവും കൂടുതലും ഈ സമയത്താണ് ഇവിടെ. ചില നേരങ്ങളില്‍ നീളം കൂടിയ ചരക്ക് വണ്ടികളും കടന്നുപോകുന്നുണ്ട്. അപ്പോഴെല്ലാം ഗേറ്റ് അടവ് അനിവാര്യവുമാണ്. ഇതൊന്നും അല്ലാതെ ഇവിടെ ഗേറ്റ് അടച്ചിടേണ്ടി വന്ന സന്ദര്‍ഭങ്ങള്‍ മുന്‍പ് വേറെയും ഉണ്ടായിട്ടുണ്ട്. എല്ലാം വിവിധങ്ങളായ സാങ്കേതിക പിഴവുകള്‍ മൂലം. അങ്ങനെ അടച്ചിടേണ്ടിവരുമ്പോള്‍ അത് തുറന്നുകിട്ടാന്‍ മണിക്കൂറുകളോളം കാത്തിരുന്ന കഥകള്‍ നാട്ടുകാര്‍ക്ക് പറയാനുമുണ്ട്.സമാനമായ ഒരു സംഭവം ബുധനാഴ്ച്ച രാത്രി ഇവിടെ ഉണ്ടായി. മലബാര്‍ എക്‌സ്പ്രസ് പോയ ശേഷം ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ ഇന്ധനവുമായി പ്രവേശിച്ച ചരക്കു വണ്ടി ബ്രേക്ക് തകരാറുമൂലം യാത്ര തുടരാനാതെ തളച്ചിടേണ്ടി വന്നത് 3 മണിക്കൂര്‍ നേരം. അപ്പുറം കടന്നുകിട്ടാന്‍ ഗേറ്റിനിരുവശവും വാഹനങ്ങളുടെ ബാഹുല്യം മൂലം റോഡുകള്‍ നിറഞ്ഞു കവിഞ്ഞു. റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഇത് സംബന്ധിച്ച അറിയിപ്പുകള്‍ ഒന്നും കിട്ടാതെ ഗേറ്റ് ഉടനെ തുറക്കുമെന്ന പ്രതീക്ഷയില്‍ വാഹനങ്ങള്‍ കാത്തു കിടന്നത് മൂന്ന് മണിക്കൂര്‍. ചിലര്‍ മറ്റു വഴികളിലൂടെ യാത്ര തിരിച്ചു വിടാനും പാടുപെട്ടു. 8 മണിക്ക് അടച്ച ഗേറ്റ് ചരക്ക് വണ്ടി പോയ ശേഷം 11 മണിക്കാണ് തുറന്നുകിട്ടിയത്. മേല്‍പ്പാലം പണി തുടങ്ങാനുള്ള ഒരു ലക്ഷണവും നിലവില്‍ പാലക്കുന്നില്‍ കാണുന്നുമില്ല. അതിനാല്‍ ഗേറ്റിലെ കാത്തിരിപ്പ് ഇനിയുമെത്ര നാള്‍ എന്ന ആകാംക്ഷയിലും ആശങ്കയിലുമാണ് ജനങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *