സ്വഛ്താ ഹി സേവ: ഹൗസ് കീപ്പിംഗ് ജീവനക്കാര്‍ക്ക് ക്യാമ്പ് സംഘടിപ്പിച്ചു

പെരിയ: സ്വഛ്താ ഹി സേവ അഭിയാന്റെ ഭാഗമായി കേരള കേന്ദ്ര സര്‍വകലാശാലയില്‍ ഹൗസ് കീപ്പിംഗ് ജീവനക്കാര്‍ക്കായി ക്യാമ്പ് സംഘടിപ്പിച്ചു. സരസ്വതി ഹാളില്‍ നടന്ന പരിപാടി വൈസ് ചാന്‍സലര്‍ ഇന്‍ ചാര്‍ജ്ജ് പ്രൊഫ. വിന്‍സെന്റ് മാത്യു ഉദ്ഘാടനം ചെയ്തു. ശുചിത്വം ജീവിതത്തിന്റെ ഭാഗമാക്കണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ക്യാംപസിനെ മനോഹരമാക്കി സംരക്ഷിക്കുന്നതില്‍ ഹൗസ് കീപ്പിംഗ് ജീവനക്കാരുടെ പങ്ക് പ്രധാനമാണ്. ശുചിത്വ ക്യാംപസിന്റെ മുന്‍നിര പോരാളികളാണ് അവര്‍. അദ്ദേഹം വ്യക്തമാക്കി. ബാഗും ടീ ഷര്‍ട്ടുമടങ്ങിയ സ്വഛ്താ കിറ്റും അദ്ദേഹം വിതരണം ചെയ്തു. ശുചീകരണത്തിലെ സുരക്ഷാ മുന്‍കരുതലുകള്‍ സംബന്ധിച്ച് നവകേരള മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ കെ. ബാലകൃഷ്ണന്‍, സര്‍ക്കാര്‍ പദ്ധതികള്‍ സംബന്ധിച്ച് കാഞ്ഞങ്ങാട് ബ്ലോക്ക് വനിതാ ക്ഷേമ വിഭാഗം എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ചാക്കോ പി.എ. എന്നിവര്‍ ക്ലാസ്സെടുത്തു. സ്വഛ്താ ഹി സേവ നോഡല്‍ ഓഫീസര്‍ പ്രൊഫ. മനു സ്വാഗതവും പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ കെ. സുജിത് നന്ദിയും പറഞ്ഞു. പരിപാടിയില്‍ പങ്കെടുത്ത മുഴുവനാളുകളും സ്വഛ്താ പ്രതിജ്ഞയെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *