എഴുത്തനുഭവങ്ങള്‍ തേടി വായനക്കാര്‍ ഗ്രന്ഥകാരന്റെ വീട്ടില്‍ ഓര്‍മ്മകളുടെ മടിശ്ശീല കിലുക്കത്തിന് വേദിയായി കൂക്കാനം റഹ്മാന്‍ മാഷിന്റെ വീട്ടുമുറ്റം

കരിവെള്ളൂര്‍ : എഴുത്തനുഭവങ്ങള്‍ തേടി വായനക്കാര്‍ ഗ്രന്ഥകാരന്റെ വീട്ടിലെത്തി.ഓര്‍മ്മകളുടെ മടിശ്ശീല കിലുക്കത്തിന് വേദിയായത് നോവലിസ്റ്റും അധ്യാപക അവാര്‍ഡ് ജേതാവുമായ കൂക്കാനം റഹ്മാന്‍ മാഷിന്റെ വീട്ടുമുറ്റം.പാലക്കുന്ന് പാഠശാല ഗ്രന്ഥാലയം താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച വായനായനം പരിപാടിയാണ് സംഘാടനത്തിലെ വ്യത്യസ്ത കൊണ്ട് നവ്യാനുഭവമായത്. കൊടക്കാട് ഗ്രാമത്തിലെ ഓലാട്ട് എ.യു.പി.സ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കെ ക്ലാസ് മുറിക്കകത്തും പുറത്തുമായി തനിക്കുണ്ടായ അനുഭവങ്ങളാണ് ഓര്‍മ്മകള്‍ കാത്തു വെച്ച ഉടുപ്പു പെട്ടി എന്ന ഓര്‍മ്മ പുസ്തകത്തിലെ പ്രധാന പ്രമേയം. കോളേജ് വിദ്യാഭ്യാസത്തിനും അധ്യാപന വൃത്തിയ്ക്കും പുറമെ അമ്പതു വര്‍ഷത്തെ അനൗപചാരിക വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും ഗ്രന്ഥകാരന്‍ നൂറു പേജുള്ള പുസ്തകത്തില്‍ വിവരിച്ചിട്ടുണ്ട്. പ്രമുഖ മാധ്യമ പ്രവര്‍ത്തകനും കഥാകൃത്തും സീനിയര്‍ ജര്‍ണലിസ്റ്റ് ഫോറം കാസര്‍കോട് ജില്ലാ പ്രസിഡന്റുമായ വി.വി. പ്രഭാകരന്‍ പുസ്തകം പരിചയപ്പെടുത്തി. ജീവിക്കുന്ന കാലത്തെയും സമൂഹത്തെയും ദീപ്തമാക്കുന്ന മധുരകരമായ ഓര്‍മ്മകളെല്ലാം കൈമോശം വരുന്ന പൊഞ്ഞാറിന്റെ കാലത്താണ് നാം ജീവിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സംഘാടക സമിതി ചെയര്‍മാന്‍ ശശിധരന്‍ ആലപ്പടമ്പന്‍ അധ്യക്ഷനായി. കൂക്കാനം റഹ്മാന്‍, സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് എം.വി. കരുണാകരന്‍ മാസ്റ്റര്‍,ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് കൊടക്കാട് നാരായണന്‍, ടി. മാധവന്‍, രാജന്‍ കയനി, പ്രസന്ന.എ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *