പാലക്കുന്ന് : പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് അവധി ആഘോഷിക്കാന്‍ നാട്ടിലെത്തിയ മര്‍ച്ചന്റ് നേവി ജീവനക്കാര്‍ നാവികരെ മാത്രം ഉള്‍പ്പെടുത്തി നടത്തിയ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് കൗതുക കായിക കാഴ്ചയായി. ‘സീമെന്‍സ് സൂപ്പര്‍ സെവെന്‍സ് സോക്കര്‍ സീസണ്‍ 3’ എന്നപേരില്‍ ജില്ലയിലെ നാവികരെ ഉള്‍പ്പെടുത്തി ടൂര്‍ണമെന്റ് നടത്തിയത് സീമെന്‍സ് വാട്‌സാപ്പ് കൂട്ടായ്മയാണ്. പാലക്കുന്ന് പള്ളം കിക്കോഫ് മൈതാനിയില്‍ 150 ലേറെ യുവ നാവികര്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് തിങ്കളാഴ്ച്ച ഉച്ചയോടെ കളിക്കാനെത്തി. കപ്പലോട്ടക്കാരുടെ കളി കാണാന്‍ ഫുട്‌ബോള്‍ പ്രേമികളും മൈതാനിയില്‍ എത്തിയിരുന്നു. തിരഞ്ഞെടുക്കുപ്പെട്ട 8 ടീമുകള്‍ ജഴ്‌സി അണിഞ്ഞു. ഫൈനലില്‍ ‘മൈറ്റി സൈലേഴ്സി’നെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ‘എഫ്‌സി നാവിഗേറ്റര്‍’ ചാമ്പ്യന്മാരായി. വിജയികള്‍ക്ക് ട്രോഫികള്‍ സമ്മാനിച്ചു.
ഇന്ത്യയില്‍ ആദ്യം
അവധിയില്‍ നാട്ടിലെത്തിയ കപ്പലോട്ടക്കാരെ പങ്കെടുപ്പിച്ച് ജില്ലയില്‍ നടത്തിയ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഇന്ത്യയില്‍ എന്നല്ല ലോകത്ത് തന്നെ ആദ്യ സംരംഭമാണെന്ന് സംഘാടകര്‍ അവകാശപ്പെട്ടു. തുറമുഖത്ത് ചരക്കിറക്കാനും കയറ്റാനും ദിവസങ്ങള്‍ നീണ്ടുപോകുമ്പോഴും റിപ്പയറിങിനായി കപ്പല്‍ ഡോക്കില്‍ കെട്ടിയിടുമ്പോഴും വല്ലപ്പോഴും പോര്‍ട്ടിലെ ടീമുകളുമായി കളിക്കാന്‍ അവസരങ്ങള്‍ കപ്പലോട്ടക്കാര്‍ക്ക് ലഭിക്കാറുണ്ട്. കപ്പലിലെ ഓപ്പണ്‍ ഡെക്കില്‍ നെറ്റ് കെട്ടി ക്രിക്കറ്റ് കളിക്കുന്നത് ശീലമാക്കിയ നാവികര്‍ ഇവിടെയുണ്ട്. ടേബിള്‍ ടെന്നിസ് കളിക്കാന്‍ പ്രത്യേക മുറിയും മിക്ക കപ്പലുകളിലും ഉണ്ടായിരിക്കും. ഇതാണത്രെ കപ്പലില്‍ അവരുടെ ഇഷ്ട വിനോദവും.