പാലാ: വീട്ടമ്മയെയും ഭര്‍ത്താവിനെയും കൊലപ്പെടുത്താന്‍ ശ്രമിച്ച രണ്ടുപേര്‍ അറസ്റ്റില്‍. പൂവരണി ഉപ്പുവീട്ടില്‍ ജബിന്‍ (28), പെരുവന്താനം പാലൂര്‍കാവ് മണ്ണാശ്ശേരിയില്‍ വീട്ടില്‍ മനു കെ. ബാബു(28) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പാലാ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. പൂവരണി ചരളയില്‍ തട്ടുകട നടത്തിവന്നിരുന്ന വീട്ടമ്മയെയാണ് പ്രതികള്‍ ആക്രമിച്ചത്. ഇത് തടയാന്‍ ശ്രമിച്ച ഇവരുടെ ഭര്‍ത്താവിനും മര്‍ദനമേറ്റു. ഇവര്‍ക്ക് വീട്ടമ്മയോട് മുന്‍വൈരാഗ്യം നിലനിന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ഇവര്‍ കടയിലെത്തി ആക്രമണം നടത്തിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ പാലാ പൊലീസ് കേസെടുക്കുകയും അന്വേഷണസംഘം നടത്തിയ തിരച്ചിലില്‍ ഇരുവരെയും പിടികൂടുകയുമായിരുന്നു. പാലാ എസ്.എച്ച്.ഒ കെ.പി ടോംസണ്‍, എ.എസ്.ഐ സജീവ് കുമാര്‍, സി.പി.ഒമാരായ അഖിലേഷ്, സി.എം. അരുണ്‍, റെനീഷ് എന്നിവരും അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.