യാത്രക്കാരില്‍ നിന്ന് അയ്യായിരത്തോളം സ്ലൈഡര്‍ കടലാമകളെ പിടികൂടി

ചെന്നൈ: എഐയു വിവരത്തെ തുടര്‍ന്ന് വിമാനത്താവളത്തില്‍ നിന്ന് അയ്യായിരത്തോളം വരുന്ന ചുവന്ന ചെവിയുള്ള സ്ലൈഡര്‍ കടലാമകളെ പിടികൂടി. മലേഷ്യയില്‍ നിന്ന് എത്തിയ രണ്ട് യാത്രക്കാരില്‍ നിന്നായാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ 4986 ചെഞ്ചെവിയന്‍ ആമകളെ പിടിച്ചെടുത്തത്. ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. ഒരു പ്രത്യേക ഇനത്തില്‍പ്പെട്ട ജീവിയെ വിമാനത്തില്‍ കൊണ്ടുവരുന്നതായി എയര്‍ ഇന്റലിജന്‍സ് യൂണിറ്റിന് (എഐയു) വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു പരിശോധന. ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ 6ഇ1032 വിമാനത്തില്‍ ക്വാലാലംപൂരില്‍ നിന്ന് എത്തിയ രണ്ട് യാത്രക്കാരെയാണ് പരിശോധിച്ചത്. ബാഗില്‍ 4967 പച്ച ആമകളെയും 19 ഇളം മഞ്ഞ നിറത്തിലുള്ള ആമകളെയും കണ്ടെത്തി.

ആമകളെ പരിശോധിക്കാന്‍ വന്യജീവി (ഡബ്ല്യുസിസിബി) ഉദ്യോഗസ്ഥരെ വിമാനത്താവളത്തിലേക്ക് വിളിച്ചുവരുത്തി. ബാഗിലുണ്ടായിരുന്നത് റെഡ് ഇയര്‍ഡ് സ്ലൈഡര്‍ ആമകളും ആല്‍ബിനോ റെഡ് ഇയര്‍ഡ് സ്ലൈഡര്‍ ആമകളുമാണെന്ന് തിരിച്ചറിഞ്ഞതിട്ടുണ്ട്. വിമാനത്താവളത്തിന് പുറത്ത് യാത്രക്കാരെ സ്വീകരിക്കാനെത്തിയ ആളെയും അറസ്റ്റ് ചെയ്തു. ഇവരെ ചോദ്യം ചെയ്ത് വരികയാണ്.

കാഴ്ചയില്‍ ഭംഗിയുള്ള ഈ കടലാമകള്‍ ആഗോള തലത്തില്‍ ഒരു അധിനിവേശ ജീവിയായി അറിയപ്പെടുന്നവയാണ്. കാരണം അവ മറ്റ് ജീവജാലങ്ങള്‍ക്ക് ഭീഷണിയാണ്. ഭക്ഷണത്തിന് ഇവ മറ്റ് ജീവികളുമായി മത്സരിക്കും. അതിവേഗത്തില്‍ പെരുകുന്ന ഈ ആമകള്‍ മറ്റ് സസ്യ ജീവജാലങ്ങളെ നശിപ്പിക്കും. സാല്‍മൊണല്ല ബാക്ടീരിയ വാഹകരായ ഈ ആമകള്‍ മനുഷ്യരിലും രോഗബാധയുണ്ടാക്കും. ചില രാജ്യങ്ങളില്‍ ഇവയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *