‘ദയ തണ്ണോട്ട്’ ഉന്നത വിജയികളെ അനുമോദിച്ചു

പെരിയ : യു.എ.ഇ യില്‍ ജോലിചെയ്യുന്ന തണ്ണോട്ട് നിവാസികളുടെ പ്രവാസി സംഘടനയായ ‘ദയ തണ്ണോട്ടിന്റെ നേതൃത്വത്തില്‍ ഇക്കഴിഞ്ഞ എസ്.എസ്.എല്‍.സി പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ഉപഹാരങ്ങള്‍ നല്‍കി അനുമോദിച്ചു. തണ്ണോട്ട് വെച്ച് നടന്ന അനുമോദന ചടങ്ങ് അജാനൂര്‍ ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡ് മെമ്പര്‍ പി. മിനി ഉദ്ഘാടനം ചെയ്തു.

പ്രശസ്ത കവിയും, കേന്ദ്ര സാംസ്‌കാരിക വകുപ്പ് സീനിയര്‍ ഫെലോയും, ദൃശ്യമാധ്യമപ്രവര്‍ത്തകനുമായ നാലപ്പാടം പത്മനാഭന്‍ മുഖ്യാതിഥിയായി പങ്കെടുത്ത് ഉന്നത വിജയികളെ ഉപഹാരങ്ങള്‍ നല്‍കി അനുമോദിച്ചു. മണലാരണ്യത്തില്‍ ജോലി ചെയ്യുമ്പോഴും നാടിനോടും നാട്ടുകാരോടുമുള്ള സ്‌നേഹം കൊണ്ടാണ് ദയ തണ്ണോട്ടിന്റെ പ്രവര്‍ത്തകര്‍ ഇത്തരം നല്ല കാര്യങ്ങള്‍ ചെയ്യുന്നതെന്നും അനുമോദനം ഏറ്റുവാങ്ങുന്നവര്‍ ഇതിന്റെ പ്രാധാന്യം മനസ്സിലാക്കി സമൂഹത്തോട് പ്രതിബദ്ധതയുള്ളവരായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. കെ. വി. കെ. റാം അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ വച്ച് കവി നാലപ്പാടം പത്മനാഭനെ ഉപഹാരം നല്‍കി ആദരിക്കുകയും ചെയ്തു. കെ. ബാലകൃഷ്ണന്‍, കൃഷ്ണന്‍ തണ്ണോട്ട് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ഇ.വേണുഗോപാലന്‍ സ്വാഗതവും വി. മനോജ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *