കള്‍വര്‍ട്ട് പണിക്കായി കുടിവെള്ള കുഴല്‍ മുറിച്ചു മാറ്റി ; 25 ഓളം വീടുകളിലേക്കുള്ള കുടിവെള്ളം മുടങ്ങിയിട്ട് 5 ദിവസമായി പ്രതിഷേധം ശക്തം

പാലക്കുന്ന് : പാലക്കുന്ന് പള്ളത്ത് റോഡ് പണിയുടെ ഭാഗമായുള്ള കള്‍വര്‍ട്ട് പണിക്ക് വേണ്ടി കുടിവെള്ള കുഴല്‍ മുറിച്ചു മാറ്റി കുടിവെള്ളം മുടക്കിയതിനെതിരെ പ്രതിഷേധം ശക്തം. റോഡിനടിയിലൂടെ പടിഞ്ഞാര്‍ ഭാഗത്തു നിന്ന് മറുഭാഗത്തേക്കുള്ള നാല് ഇഞ്ചു വ്യാസത്തിലുള്ള 12 ഓളം മീറ്റര്‍ പൈപ്പാണ് മുറിച്ചു മാറ്റി ആപ്പിട്ടത് .പള്ളം പാലക്കുന്ന് ഭാഗത്തെ 25 ഓളം വീടുകളിലേക്കുള്ള ജലഅതോറിറ്റിയുടെ ബി ആര്‍ ഡി സി കുടിവെള്ളമാണ് കഴിഞ്ഞ 5 ദിവസമായി മുടങ്ങിയത്. ഇതില്‍ ഏറെ പേര്‍ക്കും ഇത് വഴിയുള്ള വെള്ളം മാത്രമാണ് ആശ്രയം. വെള്ളമില്ലാതെ അവര്‍ നെട്ടോട്ടമോടുകയാണ്. ജല അതോറിറ്റിയില്‍ പരാതി പെട്ടപ്പോള്‍ കള്‍വര്‍ട്ട് പണിയുന്ന പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെടാന്‍ പറയുന്നു. പൈപ്പ് ശരിയാക്കേണ്ടത് ജലഅതോറിറ്റിയുടെ പണിയാണെന്ന് അവര്‍ പറയുന്നു. പഞ്ചായത്ത് അധികൃതരുമായി ബന്ധപ്പെട്ടപ്പോള്‍ അവര്‍ കൈമലര്‍ത്തുകയാണെന്നാണ് നാട്ടുകാര്‍.വെള്ളിയാഴ്ച്ച വരെ പരിഹാരമായില്ലെങ്കില്‍ കുടിവെള്ളമില്ലാതെ ദുരിതത്തിലായ ഗുണഭോക്താക്കള്‍ സമരത്തിറങ്ങുമെന്ന നിലപാടിലാണിപ്പോള്‍ .
വര്‍ഷങ്ങള്‍ക്കു മുന്‍പ് ഗുണഭോക്താക്കള്‍ സ്വരൂപിച്ച ഫണ്ടും പഞ്ചായത്തിന്റെ ചെറിയ സഹായവും സ്വരൂപിച്ചാണ് ഇവിടെ ഈ കുടിവെള്ള പദ്ധതി നിലവില്‍ വന്നത്.

Leave a Reply

Your email address will not be published. Required fields are marked *