രണ്ടു കുടുംബങ്ങളുടെ രക്ഷയ്ക്കായി നാട്ടുകാരുടെ കൂട്ടായ്മ സഹായനിധി സ്വരൂപിക്കും

പാലക്കുന്ന് : അയല്‍ വീട്ടുകാരായ സിദ്ധാര്‍ഥും വൈഷ്ണവും ആറാട്ടുകടവ് ഫ്രണ്ട്സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിലെ മികച്ച കബഡി താരങ്ങളായിരുന്നു. ഇരുവരും 21 വയസ്സ് പ്രായമായവര്‍. തിരുവോണം നാളില്‍ സമീപത്തെ ക്ഷേത്രത്തില്‍ പോയി ഓണസദ്യ ഉണ്ണാന്‍ വെടിത്തറക്കാലിലെ വീടുകളിലേക്ക് മടങ്ങും വഴി പൊയിനാച്ചി ബട്ടത്തൂറിന് സമീപത്തുണ്ടായ അതിദാരുണമായ വാഹനാപകടത്തില്‍ അവര്‍ സഞ്ചരിച്ച സിദ്ധാര്‍ഥ് മരണപ്പെടുകയായിരുന്നു.നാടിനെ നടുക്കിയ സംഭവമായിരുന്നു അത്. ബൈക്ക് ഓടിച്ച വൈഷ്ണവ് ഗുരുതരമായി പരുക്കേറ്റ് ഇപ്പോള്‍ ചികിത്സയിലാണ്. സ്വന്തമായി വീടില്ലാത്ത ഓട്ടോ ഡ്രൈവറായ രവിയുടെ ഏക മകനാണ് സിദ്ധാര്‍ഥ്. ആ നിര്‍ധന കുടുംബത്തിന്റെ ഏക പ്രതീക്ഷയായ മകന്‍ വിട്ടുപോയ ഞെട്ടലില്‍ നിന്ന് സിദ്ധാര്‍ഥിന്റെ മാതാപിതാക്കള്‍ ഇനിയും മുക്തരായിട്ടില്ല. സാരമായ പരുക്കേറ്റ വൈഷ്ണവ് ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ ഇനി എത്രനാള്‍ എന്ന വേവലാതിയിലാണ് പക്ഷാഘാതം ബാധിച്ച് വര്‍ഷങ്ങളായി കിടപ്പിലായ അച്ഛന്‍ നാരായണനും വിദ്യാര്‍ഥിനിയായ ഏക സഹോദരിയും അമ്മയും അടങ്ങുന്ന കൊച്ചു കുടുംബം. നാരായണന്റെ ചികിത്സയ്ക്ക് ഭാരിച്ച തുക ഇതിനകം ചെലവഴിച്ച് കടത്തിലായിരിക്കെയാണ് വൈഷ്ണവിന്റെ ദാരുണാവസ്ഥയും കുടുംബത്തിനെ അലട്ടുന്നത്. ഭാരിച്ച ചെലവും വീട്ടിലെ നിസ്സഹായതയും നന്നായറിയുന്ന നാട്ടുകാര്‍ ‘സിദ്ധാര്‍ഥ് -വൈഷ്ണവ് ചികിത്സ കുടുംബ സഹായ കമ്മിറ്റി’ രൂപീകരിച്ച് സുമനസ്സുകളുടെ സഹായത്തിനായി കാത്തിരിക്കുകയാണ്.

രക്ഷാധികാരികളായി ഉദുമ പഞ്ചായത്ത് പ്രസിഡന്റ് പി. ലക്ഷ്മി, വാര്‍ഡ് അംഗങ്ങളായ കസ്തൂരി ബാലന്‍, ബഷീര്‍ എന്നിവരും വി. ആര്‍. ഗംഗാധരന്‍ (ചെയര്‍മാന്‍), ടി. വി. സ്വരാഗ് (കണ്‍വീനര്‍), ഇ. വി. അനൂപ് (ട്രഷറര്‍) എന്നിവരടങ്ങുന്നതാണ് കമ്മിറ്റി.

സിദ്ധാര്‍ഥ് -വൈഷ്ണവ് ചികിത്സാ കുടുംബ സഹായ കമ്മിറ്റി:
ഫെഡറല്‍ ബാങ്ക്, ഉദുമ ബ്രാഞ്ച്
അക്കൗണ്ട് നമ്പര്‍: 18910200002988
IFSC :FDRL0001891.

Leave a Reply

Your email address will not be published. Required fields are marked *